/indian-express-malayalam/media/media_files/2025/12/13/tvm-corp111-2025-12-13-12-20-05.jpg)
Kerala Local Body Election Result 2025 Updates
Kerala Local Body Election Result 2025 Updates: തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്രം കുറിച്ച് ബിജെപി. വോട്ടെണ്ണൽ അവസാന റൗണ്ടുകളിലേക്ക് കടക്കുമ്പോൾ ബിജെപി കോർപ്പറേഷനിൽ ഭരണം ഉറപ്പിച്ചുകഴിഞ്ഞു. എൻഡിഎ 49 സീറ്റുകളിൽ ലീഡ് ഉയർത്തുമ്പോൾ എൽഡിഎഫ് 23 സീറ്റുകളിൽ ഒതുങ്ങി.
Also Read:സംസ്ഥാനത്ത് യുഡിഎഫ് തേരോട്ടം, അടിപതറി എൽഡിഎഫ്
എൻഡിഎയുടെ സ്റ്റാർ ക്യാമ്പയിനർമാരായ മുൻ ഐപിഎസ് ഓഫീസർ ആർ ശ്രീലേഖ, വിവി രാജേഷ് എന്നിവർ വിജയിച്ചു. അതേസമയം, കോർപ്പറേഷനിൽ യുഡിഎഫ് ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ പത്ത് സീറ്റുകൾ മാത്രമുണ്ടായിരുന്ന യുഡിഎഫ് ഇക്കുറി 18 സീറ്റുകളായി വർധിപ്പിച്ചു. കെഎസ് ശബരിനാഥനെ മുൻ നിർത്തിയുള്ള യുഡിഎഫിന്റെ പ്രവർത്തനം കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകൾ തിരികെയെത്തിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
Also Read:കുന്നത്തുനാട്ടിൽ അടിതെറ്റി ട്വന്റി 20; കിഴക്കമ്പല്ലത്ത് വിജയം
ബിജെപി സീറ്റ് നില കോർപ്പറേഷനിൽ ഉയർത്തിയപ്പോൾ എൽഡിഎഫിന്റെ പരാജയം ഉറപ്പിച്ചത് യുഡിഎഫിന്റെ ശക്തമായ തിരിച്ചുവരവ് കൊണ്ട് കൂടിയാണ്. എൽഡിഎഫിന്റെ പല പരമ്പരാഗത സീറ്റുകളിലും യുഡിഎഫ് വിജയിച്ചുകയറി. പാർട്ടി ആസ്ഥാനമായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ഐപി ബിനു പരാജയപ്പെട്ടത് എൽഡിഎഫിന് കനത്ത ആഘാതമാണ്.
Also Read:ഇടതുകോട്ടകളെ ഞെട്ടിച്ച് കണ്ണൂർ നഗരത്തിൽ യുഡിഎഫ് തേരോട്ടം
സിപിഎമ്മിന്റെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന വാർഡാണിത്. കോർപ്പറേഷനിലെ മുൻ കൗൺസിലറും പ്രമുഖ നേതാവുമായ ഐപി ബിനുവിന്റെ തോൽവി എൽഡിഎഫിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. പാർട്ടി ആസ്ഥാനം ഇരിക്കുന്ന വാർഡിലെ ഈ പരാജയം രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിവെക്കും.
തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ് വിജയിച്ചു. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിലാണ് കോൺഗ്രസ് സ്ഥാനാർഥിയായ വൈഷ്ണ സുരേഷ് ജനവിധി തേടിയത്. ഇടത് കോട്ടയെന്ന് അറിയപ്പെടുന്ന മുട്ടട വാർഡിലാണ് യുഡിഎഫ് മുന്നേറ്റം നടത്തിയത്.
വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് നേരത്തെ വലിയ തർക്കങ്ങൾ ഉടലെടുത്തിരുന്നു. വ്യാജ മേൽവിലാസം ഉപയോഗിച്ച് വോട്ട് ചേർത്തു എന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ പരാതി നൽകിയതിനെത്തുടർന്നായിരുന്നു വൈഷ്ണയുടെ വോട്ട് അധികൃതർ നീക്കം ചെയ്തത്. ഇടത് കോട്ടയിലെ ഈ യുഡിഎഫ് മുന്നേറ്റം ശ്രദ്ധേയമായ രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
Read More:തദ്ദേശ തിരഞ്ഞെടുപ്പ്; കോർപ്പറേഷനുകളിൽ യുഡിഎഫിന്റെ സർജിക്കൽ സ്‌ട്രൈക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us