scorecardresearch
Latest News

കൊച്ചി കോർപ്പറേഷനിൽ ഹാട്രിക് ലക്ഷ്യവുമായി യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫ്

ഹാട്രിക് നേട്ടം സ്വന്തമാക്കാനാണ് ഇത്തവണ യുഡിഎഫ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് തവണയും കൊച്ചി കോർപ്പറേഷൻ ഭരണം യുഡിഎഫിനാണ്

Kochi Mayor, കൊച്ചി മേയർ, Soumini Jain, സൗമിനി ജെയ്ൻ, ie malayalam, ഐഇ മലയാളം

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൂട്ടിയും കിഴിച്ചും ഇടത്-വലത് മുന്നണികൾ. സംസ്ഥാനത്ത് ഏറെ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന സ്ഥലങ്ങളിൽ ഒന്ന് കൊച്ചി കോർപ്പറേഷനാണ്. എൽഡിഎഫിനും യുഡിഎഫിനും അഭിമാന പോരാട്ടമാണ് കൊച്ചി കോർപ്പറേഷനിലേത്.

ഹാട്രിക് നേട്ടം സ്വന്തമാക്കാനാണ് ഇത്തവണ യുഡിഎഫ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് തവണയും കൊച്ചി കോർപ്പറേഷൻ ഭരണം യുഡിഎഫിനാണ്. ഇത്തവണ കൂടി ജയിച്ച് ഹാട്രിക് സ്വന്തമാക്കാനാണ് യുഡിഎഫ് പരിശ്രമിക്കുക.

അതേസമയം, എൽഡിഎഫിനും ഇത് അഭിമാന പോരാട്ടമാണ്. 1971 മുതൽ 2010 വരെ മൂന്ന് പതിറ്റാണ്ട് കൊച്ചി കോർപ്പറേഷൻ ഭരണം എൽഡിഎഫിന്റെ കൈവശമായിരുന്നു. ശക്തമായ പോരാട്ടത്തിലൂടെയാണ് എൽഡിഎഫിൽ നിന്ന് കൊച്ചി ഭരണം യുഡിഎഫ് പിടിച്ചെടുത്തത്. ഇത്തവണ ഭരണം തിരിച്ചുപിടിക്കാൻ സാധിക്കുമെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ.

Read Also: താരതമ്യങ്ങളോട് പ്രതികരിക്കാനില്ല; ദുരിതാശ്വാസത്തിന് 50 ലക്ഷം നല്‍കും: സൗമിനി ജെയിന്‍

2010 ൽ ടോണി ചമ്മണിയെ മുൻനിർത്തിയാണ് യുഡിഎഫ് ഇടത് കോട്ട പൊളിച്ചടുക്കിയത്. പിന്നീട് 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആധിപത്യം നിലനിർത്തിയ യുഡിഎഫിനുവേണ്ടി സൗമിനി ജെയിൻ മേയറായി.

കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ പ്രവർത്തനങ്ങൾ യുഡിഎഫിന് തിരിച്ചടിയായേക്കും. സൗമിനി ജെയിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വിയോജിപ്പുകളുണ്ട്. സൗമിനിയെ മേയർ സ്ഥാനത്തു നിന്ന് നീക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കോർപ്പറേഷനിൽ ആകെയുള്ള 74 സീറ്റുകളിൽ 38 എണ്ണത്തിലും ജയിച്ചാണ് 2015 ൽ യുഡിഎഫ് അധികാരത്തിലെത്തിയത്. എൽഡിഎഫിന്റെ നേട്ടം 23 സീറ്റിലൊതുങ്ങുകയായിരുന്നു. ഇത്തവണ ഇരു കൂട്ടരും സംസ്ഥാന നേതാക്കളെ രംഗത്തിറക്കി കളം പിടിക്കാനാണ് ശ്രമിക്കുക. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അതിനു ശേഷം നടന്ന എറണാകുളം മണ്ഡലത്തിലേക്കുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പിലും യുഡിഎഫിനൊപ്പമാണ് കൊച്ചി നഗരസഭയിലെ പ്രധാനപ്പെട്ട ഇടങ്ങളെല്ലാം നിന്നത്. അതുകൊണ്ട് തന്നെ യുഡിഎഫിന് മേൽക്കെെയുണ്ട്.

വെള്ളിയാഴ്‌ചയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബർ 8, 10, 14 തിയതികളിലാണ് വോട്ടെടുപ്പ്. ഡിസംബര്‍ 16 ന് വോട്ടണ്ണെല്‍ നടക്കും.

ഒന്നാം ഘട്ടം-ഡിസംബര്‍ 8 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി

രണ്ടാം ഘട്ടം-ഡിസംബർ 10 : കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്

മൂന്നാം ഘട്ടം-ഡിസംബർ 14 : കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം

നവംബർ 19-വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദേശപത്രിക സമർപ്പിക്കാം. പത്രികകളുടെ സൂഷ്മപരിശോധന നവംബർ 20-ന് നടക്കും. നവംബർ 23 ആണ് പത്രിക പിൻവലിക്കാനുള്ള അവസാനതീയതി.

തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന് പ്രസിദ്ധീകരിക്കും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 31നകം പുതിയ ഭരണസമിതി നിലവില്‍ വരുന്ന വിധത്തിലാകും തിരഞ്ഞെടുപ്പെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വി.ഭാസ്‌കരന്‍ വ്യക്തമാക്കി.

941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകള്‍, 87 മുനിസിപ്പാലിറ്റികളിലെ 3078 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍, ആറ് കോര്‍പ്പറേഷനുകളിലെ 416 വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Local body election kerala 2020 kochi corporation