scorecardresearch

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണയം ഉടൻ പൂർത്തിയാക്കാൻ എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിലേക്കുള്ള എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. സിപിഎം 70 സീറ്റിൽ മത്സരിക്കും

cpm election, cpm,

തിരുവനന്തപുരം: കേരളം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. സ്ഥാനാർഥി നിർണയത്തിന്റെ കാര്യത്തിൽ മറ്റ് മുന്നണികളേക്കാൾ ഒരുപടി മുന്നിൽ എത്തി എൽഡിഎഫ്. ഇടതുമുന്നണിയിൽ സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും ഏറെക്കുറെ പൂർത്തിയായി. പലയിടത്തും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരണവും ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള പ്രചരണങ്ങൾ എങ്ങനെ വേണം എന്നതിനെ കുറിച്ച് എല്ലാ മുന്നണികളിലും ചർച്ച നടക്കുകയാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സലാണ് തദ്ദേശ തിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ ജീവൻമരണ പോരാട്ടമായാണ് ഇടത് വലത് മുന്നണികൾ ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്.

അതേസമയം, കോൺഗ്രസിനുള്ളിലും സ്ഥാനാർഥി നിർണയ ചർച്ചകൾ നടക്കുകയാണ്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതി യോഗം ചേരും. ഒരു ദിവസം നീളുന്ന യോഗത്തിൽ പ്രാദേശിക നീക്കുപോക്കുകളും സീറ്റ് വിഭജനവും ചർച്ചയാകും. വെൽഫെയർ പാർട്ടി ആർഎംപി എന്നിവയുമായി പ്രാദേശിക സഖ്യം വേണമെന്ന നിർദേശം പരിഗണിക്കും. സർക്കാരിനെതിരെ തുടർ പ്രതിഷേധം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നും കോൺഗ്രസ് ആലോചിക്കും.

Read Also: ജലീലിനെ കാണുമ്പോൾ ലീഗുകാരുടെ കണ്ണു പുകയും, തൊണ്ട വരളും; പരിഹസിച്ച് തോമസ് ഐസക്, ജലീലിനു പിന്തുണ

തിരുവനന്തപുരം നഗരസഭയിലേക്കുള്ള എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. സിപിഎം 70 സീറ്റിൽ മത്സരിക്കും. സിപിഐ 17, ജനതാദൾ എസ് 2, കോൺഗ്രസ് എസ് 1, എൽജെഡി 2, ഐഎൻഎൽ 1, എൻസിപി 1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. ആറ് സീറ്റിൽ ഇനിയും ധാരണയാകാനുണ്ട്. നൂറ് സീറ്റുകളാണ് തിരുവനന്തപുരം കോർപ്പറേഷനിലുള്ളത്. 43 സീറ്റുകൾ നേടി കഴിഞ്ഞ തവണ കോർപ്പറേഷൻ ഭരണം പിടിച്ചത് ഇടതുമുന്നണിയാണ്. 35 സീറ്റുകൾ ബിജെപിയും 21 സീറ്റുകൾ കോൺഗ്രസും നേടി.

വെള്ളിയാഴ്‌ചയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബർ 8, 10, 14 തിയതികളിലാണ് വോട്ടെടുപ്പ്. ഡിസംബര്‍ 16 ന് വോട്ടണ്ണെല്‍ നടക്കും.

ഒന്നാം ഘട്ടം-ഡിസംബര്‍ 8 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി

രണ്ടാം ഘട്ടം-ഡിസംബർ 10 : കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്

മൂന്നാം ഘട്ടം-ഡിസംബർ 14 : കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം

നവംബർ 19-വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദേശപത്രിക സമർപ്പിക്കാം. പത്രികകളുടെ സൂഷ്മപരിശോധന നവംബർ 20-ന് നടക്കും. നവംബർ 23 ആണ് പത്രിക പിൻവലിക്കാനുള്ള അവസാനതീയതി.

തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന് പ്രസിദ്ധീകരിക്കും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 31നകം പുതിയ ഭരണസമിതി നിലവില്‍ വരുന്ന വിധത്തിലാകും തിരഞ്ഞെടുപ്പെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വി.ഭാസ്‌കരന്‍ വ്യക്തമാക്കി.

941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകള്‍, 87 മുനിസിപ്പാലിറ്റികളിലെ 3078 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍, ആറ് കോര്‍പ്പറേഷനുകളിലെ 416 വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Local body election kerala 2020 cpim congress bjp