തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ കേരളം ഒരു തിരഞ്ഞെടുപ്പ് കാലത്തേക്ക് കടക്കുകയാണ്. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന കണക്കിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജാഗ്രത കൈവിടരുതെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. തിരഞ്ഞെടുപ്പിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും ഏറെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം 5 ലക്ഷം കടന്നിരിക്കുകയാണ്. ഇപ്പോഴും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യതയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ആരില്‍ നിന്നും കൊവിഡ് പകരുന്ന അവസ്ഥയാണ് ഇപ്പോഴുമുള്ളത്. അതിനാല്‍ ഓരോരുത്തരും വളരെയേറെ ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഭവന സന്ദര്‍ശനത്തിനുള്ള സംഘത്തിൽ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ പരമാവധി 5 പേര്‍ മാത്രമേ പാടുള്ളൂ. വീടിനകത്തേക്ക് പ്രവേശിക്കാതെ പുറത്തുനിന്നുകൊണ്ടുതന്നെ 2 മീറ്റര്‍ അകലം പാലിച്ച് വേണം വോട്ടഭ്യര്‍ത്ഥിക്കാൻ. സംസാരിക്കുമ്പോൾ ഒരു കാരണവശാലും മാസ്ക് താഴ്ത്താൻ പാടില്ല. വീട്ടുകാരുമായോ മറ്റുള്ളവരുമായോ ഹസ്തദാനം ചെയ്യാൻ പാടില്ല.

തിരഞ്ഞെടുപ്പ് പ്രചരണത്തിന് പരമാവധി സമൂഹമാധ്യമങ്ങൾ ഉപയോഗപ്പെടുത്തണം. നോട്ടീസ്, ലഘുലേഖ വിതരണം കുറയ്ക്കണം. റോഡ് ഷോയ്ക്ക് പരമാവധി മൂന്ന് വാഹനം മാത്രമേ അനുവദിക്കൂ. ജാഥകളും കൊട്ടിക്കലാശവും പാടില്ല. പൂമാല, ബൊക്കെ, നോട്ടുമാല, ഷാള്‍ എന്നിവ നല്‍കി സ്ഥാനാര്‍ത്ഥികളെ സ്വീകരിക്കരുത്. പൊതുയോഗങ്ങള്‍, കുടുംബ യോഗങ്ങള്‍ എന്നിവ കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ നടത്താവൂ. ഇതിനായി പൊലീസിന്റെ മുന്‍കൂര്‍ അനുമതി തേടണം. കോവിഡ് പോസിറ്റീവോ ക്വാറന്റൈനിലോ ആയാല്‍ സ്ഥാനാര്‍ഥി പ്രചാരണത്തിനിറങ്ങരുത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.