തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളിലായി ഉപതെരഞ്ഞെടുപ്പ് നടന്ന 28 തദ്ദേശഭരണ വാര്‍ഡുകളില്‍ 14ലും വിജയം നേടി എല്‍ഡിഎഫ് തെളിയിച്ചു. പതിനൊന്നിടത്താണ് യുഡിഎഫ് വിജയം. രണ്ടിടത്ത് ബിജെപിയും വിജയിച്ചു. എല്‍ഡിഎഫില്‍നിന്ന് 5 സീറ്റുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. എന്‍ഡിഎ ഒരു സീറ്റ് പിടിച്ചെടുത്തതോടെ എല്‍ഡിഎഫിന് ആറു സീറ്റുകള്‍ നഷ്ടമായി. 13 സീറ്റുകള്‍ നിലനിര്‍ത്തിയ എല്‍ഡിഎഫ് ഒരെണ്ണം മാത്രമാണ് പിടിച്ചെടുത്തത്.
കൊല്ലം കോര്‍പറേഷന്‍, ബത്തേരി നഗരസഭ വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. പാലക്കാട് ജില്ലാ പഞ്ചായത്തിലെ ആലത്തൂര്‍, തൃശൂര്‍ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം, കൊല്ലം കോര്‍പറേഷനിലെ മീനത്തുചേരി വാര്‍ഡുകളിലും രണ്ട് നഗരസഭ, 23 പഞ്ചായത്ത് വാര്‍ഡുകളിലും ആണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
കൊല്ലം കോര്‍പറേഷനിലെ മീനത്തുചേരി വാര്‍ഡ്, കോട്ടയം കടപ്ലാമറ്റം പഞ്ചായത്തിലെ 12 ആം വാര്‍ഡ്, കോഴിക്കോട് ചെറുവണ്ണൂരിലെ 15 വാര്‍ഡ്, സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ പാളാക്കര വാര്‍ഡ്, തൃത്താല പഞ്ചായത്തിലെ നാലാം വാര്‍ഡ്, തിരുനാവായ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് ഇവയാണ് യുഡിഎഫ് എല്‍ഡിഎഫില്‍ നിന്നും തിരിച്ചു പിടിച്ചത്. തിരുവനന്തപുരം കടയ്ക്കാവൂര്‍ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാര്‍ഡാണ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്. കോണ്‍ഗ്രസ് അംഗമായിരുന്ന ബീനാരാജീവ് രാജിവച്ച് സിപിഎം സ്ഥാനാര്‍ത്ഥിയായി ഇവിടെ മത്സരിക്കുകയായിരുന്നു. പത്തനംതിട്ട കല്ലൂപ്പാറ പഞ്ചായത്തിലെ ഏഴാം വാര്‍ഡാണ് എന്‍ഡിഎയുടെ എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്തത്.