തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വിജയമെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള വ്യാജ പ്രചരണങ്ങൾക്ക് ജനങ്ങൾ നൽകിയ മറുപടിയെന്നും യെച്ചൂരി ഈ വിജയത്തെ വിശേഷിപ്പിച്ചു. എല്ലാ അർത്ഥത്തിലും പിണറായി വിജയൻ നേരിട്ട ഒരു അഗ്നിപരീക്ഷയായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ്.
വിവാദങ്ങളുടെയും ആരോപണങ്ങളുടെയും നടുവിൽ നിന്നാണ് പിണറായി വിജയനും ഇടതുപക്ഷ സർക്കാരും ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. സ്വർണക്കടത്ത് കേസ്, ലൈഫ് മിഷൻ വിവാദം, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരായ ആരോപണങ്ങൾ, കോവിഡ് പ്രതിസന്ധിയിലെ വീഴ്‌ചകൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത തലവേദനകളായിരുന്നു സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും. എന്നാൽ, പ്രതീക്ഷിച്ചതിലും മികച്ച വിജയം നേടി ഒരിക്കൽ കൂടി എതിരാളികളുടെ വായടപ്പിച്ചിരിക്കുകയാണ് പിണറായി വിജയൻ.

സ്വർണക്കടത്തും ലൈഫ് മിഷൻ വിവാദവുമായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിൽ ഉടനീളം പ്രതിപക്ഷം പ്രചാരണ ആയുധമാക്കിയത്. എന്നാൽ, മുഖ്യമന്ത്രിയും ഇടതുപക്ഷ സർക്കാരും കളംമാറ്റി ചവിട്ടി. പൊതുവെ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പ്രാദേശിക വിഷയങ്ങളാണ് എല്ലാ പാർട്ടികളും മുഖ്യ പ്രചാരണ വിഷയമാക്കുക. എന്നാൽ, ഇത്തവണ എൽഡിഎഫിന്റെ പ്രചാരണ ആയുധം അതൊന്നുമായിരുന്നില്ല. ബിജെപിയെയും കോൺഗ്രസിനെയും ഒരുപോലെ പ്രതിരോധിക്കാൻ വ്യക്തമായ പ്ലാനും പദ്ധതിയും ഇത്തവണ എൽഡിഎഫിനുണ്ടായിരുന്നു.
സ്ഥാനാർഥി നിർണയം
അതിവേഗം സ്ഥാനാർഥി നിർണയം പൂർത്തിയാക്കി സിപിഎം തുടക്കംമുതലേ മേൽക്കൈ നേടി. ഇതിൽ ഏറെ ശ്രദ്ധിക്കേണ്ടത് തിരുവനന്തപുരത്തെ സ്ഥാനാർഥി നിർണയമാണ്. രാജ്യം ഉറ്റുനോക്കുന്ന തലസ്ഥാന നഗരിയിലെ പോരാട്ടത്തിൽ ശക്തരായ സ്ഥാനാർഥികളെ എൽഡിഎഫ് കളത്തിലിറക്കി. യുവരക്തങ്ങൾക്കാണ് എൽഡിഎഫ് കൂടുതൽ പ്രാതിനിധ്യം നൽകിയത്. സംവരണ സീറ്റുകളിൽ മാത്രമല്ല മറ്റ് പ്രധാന സീറ്റുകളിലും വനിത സ്ഥാനാർഥികൾക്ക് പ്രാതിനിധ്യം നൽകി. വിദ്യാർഥി രാഷ്‌ട്രീയത്തിൽ സജീവമായിരുന്നവരെ തിരഞ്ഞുപിടിച്ച് കളത്തിലിറക്കാനും സിപിഎം ഇത്തവണ പ്രത്യേകം ശ്രദ്ധിച്ചു.
സർക്കാർ നേട്ടങ്ങളിലൂന്നി പ്രചാരണം
നേരത്തെ സൂചിപ്പിച്ചതുപോലെ തദ്ദേശ വിഷയങ്ങൾക്ക് പുറമേ സർക്കാർ നേട്ടങ്ങൾക്കായിരുന്നു എൽഡിഎഫ് പ്രചാരണത്തിൽ കൂടുതൽ സ്ഥാനം ലഭിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, ലൈഫ് മിഷനിലൂടെ പാവപ്പെട്ടവർക്ക് വീട് നൽകിയത്, ക്ഷേമ പെൻഷൻ വർധന, സൗജന്യ കിറ്റ് വിതരണം തുടങ്ങി സർക്കാർ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുൻപിൽ എത്തിച്ച് വോട്ട് ചോദിക്കാനാണ് പാർട്ടി ഉന്നത നേതൃത്വം കീഴ്‌ഘടകങ്ങൾക്ക് വരെ ഇത്തവണ നിർദേശം നൽകിയത്. ആ നീക്കം ലക്ഷ്യം കണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് വ്യക്തമാകുന്നത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ ചർച്ചയായി
സോഷ്യൽ മീഡിയയിലെ അപ്രമാദിത്തം
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കംമുതലേ എൽഡിഎഫ് പ്രാധാന്യം നൽകി. പഞ്ചായത്ത് തലത്തിൽ പോലും സോഷ്യൽ മീഡിയ പ്രചാരണത്തിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ഇടതുപക്ഷ സ്ഥാനാർഥികളുടെ പോസ്റ്ററുകൾ ദേശീയ തലത്തിൽ പോലും വാർത്തയായിരുന്നു. യുവാക്കളെ അണിനിരത്തി സോഷ്യൽ മീഡിയ പ്രചാരണത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ ഇടതുപക്ഷം തുടക്കം മുതലേ ശ്രദ്ധ ചെലുത്തിയിരുന്നു.

ജോസ് കെ.മാണി പക്ഷത്തിന്റെ വരവും മുന്നണിയെ നിയന്ത്രിച്ചതും
കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് എത്തിയത് തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറെ ഗുണം ചെയ്തു. കേരള കോൺഗ്രസിന്റെ വരവോടെ ചരിത്രത്തിൽ ആദ്യമായി പാലാ നഗരസഭ എൽഡിഎഫ് പിടിച്ചടക്കി. കോട്ടയം ജില്ലാ പഞ്ചായത്തിൽ ആധിപത്യം നേടി. കേരള കോൺഗ്രസിന്റെ വോട്ടുകൾ ചിതറിക്കപ്പെടാതെ കൃത്യമായ ഇടതുപക്ഷത്തേക്ക് എത്തിക്കാനുള്ള പദ്ധതികൾ തയ്യാറാക്കി. കേരള കോൺഗ്രസിന്റെ വരവിൽ അതൃപ്തിയുണ്ടായിരുന്നത് സിപിഐയ്‌ക്കും എൻസിപിക്കും മാത്രമായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ എതിർപ്പ് മുന്നണിയിൽ വലിയ വിഭാഗീയതയ്‌ക്ക് കാരണമാകുമെന്ന് പോലും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, അവിടെയും പിണറായി വ്യക്തമായ ഇടപെടൽ നടത്തി. കാനവുമായും ജോസ് കെ.മാണിയുമായും പ്രത്യേകം ചർച്ചകൾ നടത്തി. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിന് ശേഷമാണ് കേരള കോൺഗ്രസ് (എം) മുന്നണിയിലേക്ക് എത്തിയത്, സിപിഐ പരസ്യമായി എതിർത്തതുമില്ല. ഇത് പിണറായിയുടെ രാഷ്ട്രീയ വിജയം കൂടിയായിരുന്നു.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളും രാഷ്ട്രീയ ആരോപണങ്ങൾക്കുള്ള മറുപടിയും
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ രാഷ്ട്രീയമായി ഇടതുപക്ഷത്തിന് ഏറെ ഗുണം ചെയ്തു. പ്രതിപക്ഷത്തിന്റെ എല്ലാ രാഷ്ട്രീയ ആരോപണങ്ങൾക്കും പ്രതിരോധം തീർത്തത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ്. പതിവ് വാർത്താസമ്മേളനങ്ങളിൽ രാഷ്ട്രീയ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി തയ്യാറാക്കി വരുന്ന മുഖ്യമന്ത്രിയെയാണ് തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ കണ്ടത്. പിണറായി വിജയൻ എല്ലാ ആരോപണങ്ങളെയും ശക്തമായി നേരിട്ടു. മാത്രമല്ല, പ്രതിപക്ഷത്തിന്റെ എല്ലാ പ്രചാരണവേലകൾക്കും ജനങ്ങൾ മറുപടി നൽകുമെന്ന് ആത്മവിശ്വാസത്തോടെ പലതവണ ആവർത്തിക്കുകയും ചെയ്തു.

കോടിയേരി ബാലകൃഷ്‌ണനെ മാറ്റിനിർത്തിയത്
ബിനീഷ് കോടിയേരിക്കെതിരായ കേസും ആരോപണങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനിലേക്ക് എത്തിക്കാനുള്ള പ്രതിപക്ഷ നീക്കത്തിനു തുടക്കത്തിലേ തടയിട്ടു. മുഖ്യമന്ത്രി കൂടി നേരിട്ട് ഇടപെട്ടാണ് കോടിയേരിയോട് താൽക്കാലികമായി തൽസ്ഥാനത്തു നിന്ന് മാറനിൽക്കാൻ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിനീഷ് കോടിയേരി വിഷയം ഉയർത്തികാട്ടി കോടിയേരിയെ പ്രതിസന്ധിയിലാക്കാൻ പ്രതിപക്ഷം ശ്രമിക്കുമെന്നും അത് തിരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്നും പാർട്ടി വിലയിരുത്തിയിരുന്നു. ഇതേ തുടർന്നാണ് കോടിയേരിയെ സെക്രട്ടറി സ്ഥാനത്തുനിന്ന് തൽക്കാലത്തേക്ക് നീക്കിയത്. കോടിയേരിയുടെ കൂടി പൂർണ സമ്മതത്തോടെയാണിത്.
സർക്കാരിനും ജനങ്ങൾക്കും കേന്ദ്ര നേതൃത്വത്തിന്റെ പ്രശംസ
പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കാനുള്ള നീക്കങ്ങൾക്ക് ജനങ്ങൾ നൽകിയ മറുപടിയെന്നായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. പിണറായി വിജയനെ പരാമർശിച്ച് ഇത്തരമൊരു പരസ്യ പ്രസ്‌താവന യെച്ചൂരി വളരെ അപൂർവമായിട്ടേ നടത്തിയിട്ടുള്ളൂ.
Kerala Local Body Election Results LIVE UPDATES
ചരിത്രവിജയമാണ് ഇടതുപക്ഷം സ്വന്തമാക്കിയതെന്ന് യെച്ചൂരി പറഞ്ഞു. “ഇതുപക്ഷത്തിന് മുൻ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാൾ നേട്ടമുണ്ടാക്കാൻ സാധിച്ചു. സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ഉയർന്ന രാഷ്ട്രീയത്തിനു ലഭിച്ച അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയം. സർക്കാറിന്റെ ക്ഷേമപ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകരം. കേരളത്തിലെ ഇടത് സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യമിട്ടുള്ള ബിജെപിയുടെയും കോൺഗ്രസിന്റെ വ്യാജ പ്രചരണങ്ങൾക്ക് ജനങ്ങൾ മറുപടി നൽകി. കേരളത്തിലെ ജനങ്ങളെ അഭിനന്ദിക്കുന്നു,” യെച്ചൂരി ഡൽഹിയിൽ പറഞ്ഞു.
ലക്ഷ്യം തുടർഭരണം
നിയമസഭ അടുത്തിരിക്കെ തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ സാധിച്ചത് എൽഡിഎഫിന് വലിയ ആത്മവിശ്വാസം നൽകുന്നു. 14 ജില്ലാ പഞ്ചായത്തുകളിൽ പത്ത് ജില്ലകളിലും ഇടതിനാണ് മേൽക്കെെ. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ട്രെൻഡ് പൊതുവേ കാണാറുണ്ട്. അതുകൊണ്ട് 10 ജില്ലാ പഞ്ചായത്തുകളിൽ ജയിക്കാൻ സാധിച്ചത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ സാധിക്കുമെന്നാണ് ഇടത് ക്യാംപുകൾ പ്രതീക്ഷിക്കുന്നത്.

ചില തലവേദനകൾ
അതിശയകരമായ വിജയത്തിലും ഇടതുപക്ഷത്തിന് ചില തലവേദനകൾ ഉണ്ട്. നഗരസഭകളിൽ യുഡിഎഫ് നേട്ടം സ്വന്തമാക്കി. യുഡിഎഫ് 45 സീറ്റ് നേടിയപ്പോൾ 35 നഗരസഭകൾ എൽഡിഎഫിനൊപ്പം നിന്നു. നഗരങ്ങളിൽ വോട്ട് കുറഞ്ഞത് എൽഡിഎഫിന് തലവേദനയാണ്. നേരത്തെ, അപ്രമാദിത്തമുണ്ടായിരുന്ന പലയിടത്തും ബിജെപിയോട് തോൽക്കേണ്ടി വന്നതും ഇടതുപക്ഷത്തിന് തിരിച്ചടിയാണ്. പന്തളം നഗരസഭ കെെവിട്ടതും ബിജെപി അവിടെ ജയിച്ചതും ഇടത് ക്യംപുകളിൽ ഞെട്ടലുണ്ടാക്കി.