പ്രതീക്ഷിച്ച ജയമില്ല, എൽഡിഎഫും യുഡിഎഫും ഒന്നിച്ചു; തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കാൻ ബിജെപി

തിരുവനന്തപുരം കോർപറേഷനിലും തൃശൂർ കോർപറേഷനിലും തങ്ങൾ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്ന് ബിജെപി സമ്മതിക്കുന്നു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പൂർണ സംതൃപ്‌തരല്ല ബിജെപി. തങ്ങൾ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെന്നാണ് പാർട്ടി സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പാർട്ടി വിശദമായി ചർച്ച ചെയ്യും. സംസ്ഥാനത്തെ സാഹചര്യങ്ങൾ കേന്ദ്ര നേതൃത്വത്തെ അറിയിക്കും.

തിരുവനന്തപുരം കോർപറേഷനിലും തൃശൂർ കോർപറേഷനിലും തങ്ങൾ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്ന് ബിജെപി സമ്മതിക്കുന്നു. തിരുവനന്തപുരം കോർപറേഷനിൽ ഭരണം പിടിക്കുമെന്ന് പോലും തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുൻപ് ബിജെപി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഫലം വന്നപ്പോൾ തങ്ങൾ പ്രതീക്ഷച്ച സീറ്റുകൾ നേടാനായില്ല. കോർപറേഷനിൽ 35 സീറ്റുകൾ നേടി ബിജെപി രണ്ടാം സ്ഥാനത്താണ്.

‘പത്മനാഭന്റെ മണ്ണ് തങ്ങൾ ഭരിക്കും’ എന്നായിരുന്നു തിരുവനന്തപുരത്ത് ബിജെപിയുടെ അവകാശവാദം. 60 സീറ്റ് എന്തായാലും നേടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിരുന്നു.

Read Also: കോർപറേഷൻ ആര് ഭരിക്കും ? കൊച്ചിയിലും തൃശൂരും സസ്‌പെൻസ്, വിമതരുടെ നിലപാട് നിർണായകം

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ 20 ഇടത്ത് എൽഡിഎഫ് വിജയിച്ചപ്പോൾ ആറിടത്ത് യുഡിഎഫ് വിജയിച്ചു. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ പോലും ബിജെപിക്ക് ജയിക്കാൻ സാധിച്ചില്ല. ജില്ലയിൽ 52 ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫിന് ജയം. യുഡിഎഫ് 17 സീറ്റുകളിൽ ജയിച്ചു. എൻഡിഎ പിടിച്ചത് നാല് സീറ്റുകൾ മാത്രം. സംസ്ഥാനത്തെ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ബിജെപിക്ക് വേണ്ടത്ര സ്വാധീനം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പാർട്ടി വിശദമായി ചർച്ച ചെയ്യും.

ബിജെപിക്ക് വേണ്ടത്ര വിജയം ലഭിക്കാത്തതിനു കാരണം എൽഡിഎഫ്, യുഡിഎഫ് കൂട്ടുക്കെട്ടാണെന്ന് സംസ്ഥാന നേതൃത്വം ആരോപിക്കുന്നു. ബിജെപിക്ക് തടയിടാൻ എൽഡിഎഫും യുഡിഎഫും ഒന്നിച്ചു നിന്നെന്ന് കെ.സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ ഇന്നലെ ആരോപിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും ഒന്നിച്ച് മത്സരിച്ചൂടെ എന്ന് സുരേന്ദ്രൻ പരിഹസിച്ചതും ഈ സാഹചര്യത്തിലാണ്.

തൃശൂർ കോർപറേഷനിലെ ബിജെപിയുടെ സിറ്റിങ് സീറ്റിൽ മേയർ സ്ഥാനാർഥിയായ ബി.ഗോപാലകൃഷ്‌ണൻ 241 വോട്ടുകൾക്കാണ് തോറ്റത്. കുട്ടൻകുളങ്ങര ഡിവിഷനിൽ നിന്നാണ് ഗോപാലകൃഷ്‌ണൻ മത്സരിച്ചത്. യുഡിഎഫ് സ്ഥാനാർഥി എ.കെ.സുരേഷിനോടാണ് ഗോപാലകൃഷ്‌ണൻ തോൽവി സമ്മതിച്ചത്. ഇവിടെ എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗോപാലകൃഷ്‌ണനെ തോൽപ്പിക്കാൻ എൽഡിഎഫ്-യുഡിഎഫ് ധാരണയുണ്ടായിരുന്നെന്ന് ബിജെപി ആരോപിച്ചിരുന്നു.

പാർട്ടിയിലെ വിഭാഗീയതയും തിരിച്ചടിയായെന്നാണ് മറ്റൊരു വിലയിരുത്തൽ. ശോഭ സുരേന്ദ്രനെ പോലെ ജനപിന്തുണയുള്ള വനിത നേതാവ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നു അകലം പാലിച്ചതിൽ പാർട്ടിയിൽ എതിർപ്പുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Local bodies election result 2020 bjp performance

Next Story
കൊച്ചിയും തൃശൂരും ഇടതിനൊപ്പം; അഞ്ച് കോർപറേഷനുകൾ എൽഡിഎഫ് ഭരണത്തിലേക്ക്, യുഡിഎഫിനെ തഴഞ്ഞ് വിമതരും
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express