തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ നിറംമങ്ങിയ പ്രകടനത്തിൽ കോൺഗ്രസിൽ ഭിന്നത. കെപിസിസി നേതൃമാറ്റം ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ രംഗത്തെത്തി. തിരഞ്ഞെടുപ്പ് രംഗത്ത് കോൺഗ്രസ് മികച്ച പ്രകടനം നടത്തിയില്ലെന്നും പാർട്ടിക്കുള്ളിൽ വിമർശനം. തദ്ദേശ തിരഞ്ഞെടുപ്പ് പ്രകടനത്തിൽ കോൺഗ്രസ് ഹെെക്കമാൻഡ് അതൃപ്‌തി അറിയിച്ചു.
കോൺഗ്രസിനുള്ളിൽ സംഘടനാപരമായ ദൗർബല്യമുണ്ടെന്നും അഴിച്ചുപണിക്ക് തയാറാകണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. കോൺഗ്രസിന്റെ നല്ലതിനുവേണ്ടി രണ്ട് വാക്ക് പറഞ്ഞതിന്റെ പേരിൽ എന്ത് നടപടി സ്വീകരിക്കാനും താൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനുള്ളിൽ സമൂലമായ മാറ്റം വരണമെന്നും മുഴുവൻ സമയ സംഘടന പ്രവർത്തനത്തിനുവേണ്ടി എംപി സ്ഥാനം രാജിവയ്‌ക്കണമെങ്കിൽ താൻ അതിനും തയാറാണ്. ഇത്രയധികം അനുകൂല കാലാവസ്ഥ യുഡിഎഫിന് ഉണ്ടായിട്ടില്ല, എന്നിട്ടും തോറ്റതിന് പുറം ചികിത്സ കൊണ്ട് മാത്രം പരിഹാരമുണ്ടാകില്ലെന്നും ഉണ്ണിത്താൻ തുറന്നടിച്ചു.
നേതാക്കൾക്ക് കഴിവില്ലാത്തതിനാലാണ് കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നതെന്ന് കെ.സുധാകരൻ എംപി പറഞ്ഞു. ആജ്ഞാശക്തിയുള്ള നേതാക്കളുടെ അഭാവം കോൺഗ്രസിനുണ്ട്. ആജ്ഞാശക്തിയുള്ള നേതാക്കൾ ഉണ്ടെങ്കിൽ പ്രവർത്തകർ കാര്യങ്ങൾ അനുസരിക്കും. കെപിസിസി തലത്തിലും ജില്ലാതലത്തിലും അടിമുടി മാറ്റം വേണം. അഴിച്ചുപണിക്ക് ഹൈക്കമാൻഡ് തന്നെ നേരിട്ട് ഇടപെടണം. ഡൽഹിയിൽ പോയി ഇക്കാര്യം രാഹുൽ ഗാന്ധിയെ ധരിപ്പിക്കുമെന്നും സുധാകരൻ പറഞ്ഞു.
Read Also: നഗരസഭ കെട്ടിടത്തിനു മുകളിൽ ‘ജയ് ശ്രീറാം’ ബാനറുയർത്തി ആഹ്ളാദപ്രകടനം; ബിജെപിക്കെതിരെ പ്രതിഷേധം
കോൺഗ്രസിനുള്ളിൽ മേജർ സർജറി വേണമെന്ന് കെ.മുരളീധരൻ പറഞ്ഞു. കെപിസിസി ഓഫിസിൽ മുറിയടച്ചിട്ട് മൂന്നോ നാലോ പേർ ചർച്ച നടത്തുന്ന രീതിയാണ് ഇന്നുള്ളത്. വിമർശിക്കുന്നവരെ ശരിയാക്കുകയാണ്. ഇങ്ങനെ പോയാൽ ഇനിയും ഇതേ ഫലം ആവർത്തിക്കും. തോറ്റിട്ട് ജയിച്ചെന്ന് പറയുന്നതിൽ കാര്യമില്ല. നമ്മൾ പറയുന്നത് ജനം കേൾക്കുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു.
എം.കെ.രാഘവൻ എംപി, മുതിർന്ന നേതാവ് പി.ജെ.കുര്യൻ എന്നിവരും പാർട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കെപിസിസിയിൽ അടിയന്തര മാറ്റങ്ങൾ വേണമെന്നാണ് മുതിർന്ന നേതാക്കളുടെ ആവശ്യം. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ നിയമസഭ തിരഞ്ഞെടുപ്പിലും തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് നേതാക്കളുടെ അഭിപ്രായം.
യുഡിഎഫിനുള്ളിലും കോൺഗ്രസിനെതിരെ പരോക്ഷ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. തങ്ങൾക്ക് ലഭിക്കേണ്ട സീറ്റും വോട്ടും കിട്ടിയിട്ടുണ്ടെന്ന ലീഗിന്റെ പ്രസ്താവന കോൺഗ്രസിനെ ഉന്നമിട്ടാണ്. മുന്നണിയിൽ കോൺഗ്രസിന്റെ പ്രകടനം ദയനീയമാണെന്നാണ് ഘടകകക്ഷികളുടെ അഭിപ്രായം. ജോസ് കെ.മാണിയെ മുന്നണിയിൽ നിർത്താൻ സാധിക്കാതെ പോയത് കോൺഗ്രസിന്റെ കഴിവുകേടാണെന്നും വിമർശനമുയർന്നിട്ടുണ്ട്.