കൊച്ചി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും മുൻ ഉപപ്രധാന മന്ത്രി എൽ.കെ.അഡ്വാനിയുടെയും കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് ഇന്നു വൈകീട്ടും നാളെ രാവിലെയും ഗതാഗത നിയന്ത്രണം. ഇന്നു വൈകീട്ട് 7 മുതൽ രാത്രി 9വരെ കണ്ടെയ്നർ റോഡ്, ഗോശ്രീ പാലം, ഷൺമുഖം റോഡ്, പാർക്ക് അവന്യൂ, ഡിഎച്ച് റോഡ്, എംജി റോഡ്, വില്ലിങ്ടൺ ഐലന്റ് എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

ഈ സമയത്ത് ചിറ്റൂർ, കലൂർ ഭാഗത്തുനിന്നും പശ്ചിമ കൊച്ചിയിലേയ്ക്കും തൃപ്പുണ്ണിത്തുറയിലേയ്ക്കും പോകേണ്ട വാഹനങ്ങൾ ഷൺമുഖം റോഡുവഴിയുളള യാത്ര ഒഴിവാക്കി ചിറ്റൂർ റോഡും എംജി റോഡും ഉപയോഗിക്കാവുന്നതാണ്.

പശ്ചിമ കൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂർ ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേയ്ക്കു വരുന്ന ചെറുവാഹനങ്ങൾ തേവര മട്ടമ്മൽ ജംങ്ഷനിൽനിന്നും തിരിഞ്ഞ് കോന്തുരുത്തി കടവന്ത്ര വഴി പോകേണ്ടതാണ്.

തൃപ്പുണ്ണിത്തുറയിൽനിന്നും എറണാകുളത്തേക്ക് പോകേണ്ടവർ വൈറ്റില സഹോദരൻ അയ്യപ്പൻ റോഡിലൂടെ കടവന്ത്ര ജംങ്ഷനിലെത്തി കെകെ റോഡു വഴി സലിം രാജൻ പാലത്തിലൂടെ എംജി റോഡിലെത്തി പോകാവുന്നതാണ്.

Read Also: അധ്യാപകര്‍ക്കു നേരെ കല്ലും വടികളുമായി അക്രമി സംഘം; ജെഎന്‍യുവില്‍ ഇന്നലെ രാത്രി സംഭവിച്ചത്

നാളെ (ജനുവരി 7) രാവിലെ 9 മുതൽ 11 വരെ വില്ലിങ്ടൺ ഐലന്റ്, തേവര, ഫെറിസ കുണ്ടന്നൂർ ജംങ്ഷൻ, തൃപ്പുണ്ണിത്തുറ മിനി ബൈപാസ്, കണ്ണംകുളങ്ങര, പുതിയകാവ്, നടക്കാവ്, പുത്തൻകാവ് ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

ഈ സമയം ഐലന്റ് ഭാഗത്തുനിന്നും കുണ്ടന്നൂർ ഭാഗത്തേയ്ക്കു പോകുന്ന വാഹനങ്ങൾ കൊച്ചി മധുര റോഡു വഴിയുളള ഗതാഗതം ഒഴിവാക്കി തേവര, പളളിമുക്ക്, സഹോദരൻ അയ്യപ്പൻ റോഡ്, വൈറ്റില വഴി പോകേണ്ടതാണ്.

അരൂർ ഭാഗത്തുനിന്നും തൃപ്പുണ്ണിത്തുറ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ കൊച്ചി മധുര റോഡ് ഒഴിവാക്കി വൈറ്റില വഴി പോകേണ്ടതാണ്. തൃപ്പുണ്ണിത്തുറ പേട്ട ഭാഗത്തുനിന്നും കുണ്ടന്നൂർക്ക് വരുന്ന വാഹനങ്ങൾ ചമ്പക്കര വൈറ്റില വഴി പോകേണ്ടതാണ്.

കോട്ടയം വൈക്കം ഭാഗത്തുനിന്നും എറണാകുളത്തേക്കു വരുന്ന വാഹനങ്ങൾ മിനിബൈപ്പാസ് ഒഴിവാക്കി പൊലീസ് സ്റ്റേഷൻ മുൻവശം വഴി സ്റ്റാച്യു ജംങ്ഷനിലെത്തി വടക്കേ കോട്ട വഴി വൈറ്റിലയ്ക്ക് പോകേണ്ടതാണ്.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ നാളെ (ജനുവരി ) ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. നാളെ രാവിലെ എറണാകുളം ഭാഗത്തുനിന്നും പശ്ചിമ കൊച്ചി ഭാഗത്തേയ്ക്കു പോകുന്ന വാഹനങ്ങൾ രാവിലെ 8.30 മുതൽ 10വരെ തേവര ജംങ്ഷനിൽനിന്നും തേവര ഫെറി വഴി പോകേണ്ടതാണ്.

പശ്ചിമ കൊച്ചിയിൽനിന്നും എറണാകുളം ഭാഗത്തേയ്ക്കു പോകുന്ന വാഹനങ്ങൾ രാവിലെ 8.30 മുതൽ 10വരെ ബിഒടി ജംങ്ഷനിൽനിന്നും തേവര ഫെറി ജംങ്ഷനിലെത്തി തേവര വഴി പോകേണ്ടതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.