കോഴിക്കോട്: എം വി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദള്‍ (എല്‍ ജെ ഡി) ജനതാദള്‍ സെക്യുലറി(ജെ ഡി എസ്)ല്‍ ലയിക്കും. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ചെന്നും ലയനസമ്മേളനം ഉടന്‍ നടത്തുമെന്നും ശ്രേയാംസ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്നു കോഴിക്കോട്ടു ചേര്‍ന്ന എല്‍ ജെ ഡി സംസ്ഥാന സമിതി യോഗത്തിലാണ് ലയനം സംബന്ധിച്ച് തീരുമാനമെടുത്തത്. ഈ മാസത്തോടെ ലയനം നടത്താനാണ് ഇരു പാര്‍ട്ടികളും ആഗ്രഹിക്കുന്നതെന്നാണു വിവരം. ലയനശേഷവും മാത്യു ടി തോമസ് ജെ ഡി എസ് സംസ്ഥാന പ്രസിഡന്റായി തുടരും. നിലവില്‍ എല്‍ ജെ ഡി സംസ്ഥാന പ്രസിഡന്റായ എം വി ശ്രേയാംസ് കുമാറിനു ദേശീയ ഭാരവാഹിത്വം ലഭിക്കും.
ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങളും മറ്റു ഭാരവാഹിത്വങ്ങളും തുല്യമായി വിഭജിക്കാന്‍ ഇരു പാര്‍ട്ടികളും തമ്മില്‍ നേരത്തെ നടന്ന ലയന ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. ഇവ ഉള്‍പ്പെടെയുള്ള ലയനത്തിന്റെ വിശദാംശങ്ങള്‍ തീരുമാനിക്കാനായി ഏഴംഗ സമിതിയെ വീതം ഇരു പാര്‍ട്ടികളും ചുമതലപ്പെടുത്തിയിട്ടുണ്ട്.
എം വി ശേയാംസ് കുമാര്‍, ദേശീയ സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ്, ചാരുപാറ രവി, കെ പി മോഹനന്‍ എം എല്‍ എ, വി കുഞ്ഞാലി, സണ്ണി തോമസ്, എന്‍ കെ ഭാസ്‌കരന്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് എല്‍ ജെ ഡി സമിതി. മാത്യു ടി തോമസ്, മന്ത്രി കെ കൃഷ്ണന്‍ കുട്ടി, എ നീലലോഹിത ദാസന്‍ നാടാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ളതാണു ജെ ഡി എസ് സമിതി.
Also Read: വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി; മുന്‍കൂര്‍ ജാമ്യ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും
ലയനത്തിനുള്ള സന്നദ്ധത സംബന്ധിച്ച് ഇന്നു ചേര്‍ന്ന എല്‍ ജെ ഡി യോഗത്തിന്റെ തീരുമാനം ജെ ഡി എസ് നേതൃത്വത്തെ ഉടന്‍ അറിയിക്കും. തുടര്‍ന്ന് അധികം വൈകാതെയുള്ള സൗകര്യപ്രദമായ തീയതില്‍ ഇരു സമിതികളും ഒരുമിച്ച് യോഗം ചേരുമെന്നു ഡോ. വര്‍ഗീസ് ജോര്‍ജ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
എല്‍ ജെ ഡി വരുന്നതിനെ നേരത്തെ തന്നെ സ്വാഗതം ചെയ്തതാണെന്നും അവര്‍ തീരുമാനം അറിയിക്കുന്ന മുറയ്ക്ക് തുടര്‍ തീരുമാനമെടുക്കുമെന്നും ജെ ഡി എസ് പ്രസിഡന്റ് മാത്യു ടി തോമസ് പറഞ്ഞു. ഭാരവാഹിത്വം വീതം വയ്ക്കുന്നതു സംബന്ധിച്ച് കാര്യങ്ങള്‍ സുഗമമായി പോകാനുള്ള തീരുമാനമെല്ലാമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നു വര്‍ഷം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ജെ ഡി എസ്- എല്‍ ജെ ഡി ലയനം സാധ്യമാവുന്നത്. ലയനം സംബന്ധിച്ച് ഇരു പാര്‍ട്ടികളും നേരത്തെ ധാരണയായിരുന്നെങ്കിലും എല്‍ ജെ ഡി തങ്ങളുടെ പാര്‍ട്ടിയില്‍ ലയിക്കണമെന്ന ജെ ഡി എസ് നിലപാടാണു കാര്യങ്ങള്‍ വൈകിച്ചത്. മുന്നു വര്‍ഷമായി ഇരു പാര്‍ട്ടികളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി പലവട്ടം ചര്‍ച്ച നടത്തിയിരുന്നു.
ഒടുവില്‍, നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ലയനം നടക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും രാഷ്ട്രീയപരവും സാങ്കേതികവുമായ കാരണങ്ങളാല്‍ സാധ്യമായില്ല. പാര്‍ട്ടി കൊടിയും ചിഹ്നവും അംഗീകരിച്ച് എല്‍ ജെ ഡി തങ്ങളിലേക്കു വരണമെന്ന നിലപാടാണ് ജെ ഡി എസ് സ്വീകരിച്ചിരുന്നത്. എല്‍ ജെ ഡി-ജെ ഡി എസ് കക്ഷികള്‍ ലയിക്കണമെന്ന നിര്‍ദേശം ഇടതുമുന്നണിക്കു നേതൃത്വം നല്‍കുന്ന കക്ഷിയെന്ന നിലയില്‍ സിപിഎം നേരത്തെ തന്നെ മുന്നോട്ടുവച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ ഡി എസിനു രണ്ട് എം എല്‍ എമാരെ ലഭിച്ചപ്പോള്‍ എല്‍ ജെ ഡിക്ക് ഒരാളെ മാത്രമാണു വിജയിപ്പിക്കാനായത്. ജെ ഡി എസില്‍നിന്നു കെ കൃഷ്ണന്‍ കുട്ടിക്കു മന്ത്രിസ്ഥാനം ലഭിച്ചപ്പോള്‍ എല്‍ ജെ ഡിയിലെ കെ പി മോഹനനെ സി പി എം തഴയുകയായിരുന്നു. പിന്നീട്, സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാറിന്റെ ഒഴിവിലേക്കു വരുന്ന രാജ്യസഭാ സീറ്റില്‍ അദ്ദേഹത്തെ വീണ്ടും പരിഗണിക്കണമെന്ന എല്‍ ജെ ഡിയുടെ ആവശ്യവും ഇടതു മുന്നണി തള്ളിയിരുന്നു. ഈ സീറ്റ് സിപിഐക്കാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ ശ്രേയാംസ് കുമാര്‍ പരസ്യമായി പ്രതികരിച്ചിരുന്നു. നേരത്തെ എല്‍ജെഡി പ്രസിഡന്റ് എം വി ശ്രേയാംസ് കുമാറിനെതിരെ കലാപക്കൊടി ഉയര്‍ത്തി രാജിവച്ച ഷേഖ് പി ഹാരിസ് ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.
ശരദ് യാദവ് നേതൃത്വത്തിന്റെ നേതൃത്വത്തില്‍ എല്‍ ജെ ഡിയിലെ ഒരു വിഭാഗം മാര്‍ച്ചില്‍ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളില്‍ (ആര്‍ജെഡി) ലയിച്ചിരുന്നു. ഇതോടെ, എം വി ശ്രേയാംസ് കുമാര്‍ നേതൃത്വം നല്‍കുന്ന എല്‍ ജെ ഡിയ്ക്കു ദേശീയ നേതൃത്വമെന്ന സാന്നിധ്യം നഷ്ടമായി. ഈ സാഹചര്യത്തില്‍ കൂടിയാണ് ജെ ഡി എസുമായുള്ള ലയനത്തിന് എല്‍ ജെ ഡി തീരുമാനമെടുത്തിരിക്കുന്നത്.