തിരുവനന്തപുരം: ഓണമായാലും വിഷു ആയാലും ക്രിസ്മസ് ആയാലും പെരുന്നാളായാലും ഇനിയിപ്പോള്‍ ഹര്‍ത്താലായാലും നമ്മള്‍ മലയാളികളുടെ ഏറ്റവും വലിയ സന്തോഷം അവധി കിട്ടും എന്നതാണ്. ഇന്ന് ജോലിക്ക് പോകേണ്ട, സ്‌കൂളില്‍ പോകേണ്ട, കോളേജില്‍ പോകേണ്ട തുടങ്ങിയ ചിന്തകള്‍ അപ്പോളേ മനസിലെത്തി തുടങ്ങും. മഴ തുടങ്ങിയാൽ പോലും ജില്ലാ കലക്ടർമാരുടെ ഫെയ്സ്ബുക്ക് പേജുകളിൽ ‘അവധി വേണം’ എന്ന മെസേജുകൾ നിറഞ്ഞു തുടങ്ങും.
ഒരു വര്‍ഷത്തെ കലണ്ടര്‍ കിട്ടുമ്പോള്‍ തന്നെ ഓരോ മാസത്തേയും അവധി നോക്കി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നവര്‍ പോലുമുണ്ട് ഇക്കൂട്ടത്തില്‍. ഈ അവധിപ്രിയര്‍ക്ക് ഏറ്റവുമധികം സന്തോഷമുള്ള, പ്രിയപ്പെട്ട മാസമാണ് ഈ വര്‍ഷം സെപ്റ്റംബര്‍.
ബാങ്ക് അവധികളും സർക്കാർ അവധികളും ഇഷ്ടം പോലെയുണ്ട് ഈ മാസം. അതും ഒരുമിച്ച്. യാത്ര പോകേണ്ടവർക്ക് യാത്ര പോകാം. ബന്ധുവീടുകളിൽ പോകേണ്ടവർക്ക് അങ്ങനെയാകാം. ചുമ്മാ വീട്ടിരിലിക്കേണ്ടവർക്ക് വീട്ടിലിരിക്കാം. സമയമില്ലെന്ന് പറഞ്ഞ് മാറ്റി വച്ച ജോലികൾ തീർക്കാനിതാ ഇഷ്ടം പോലെ സമയം. ഒമ്പതാം തിയ്യതിയും 12ാം തിയ്യതിയും അവധിയെടുത്താൽ ബാങ്ക് ജീവനക്കാർക്ക് എട്ട് ദിവസമാണ് അവധി ലഭിക്കുക.
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കുറച്ചു കൂടി ഭാഗ്യമുണ്ട്. അവർക്ക് എട്ടാം തിയതി മുതൽ അവധിയാണ്. യാത്ര പോകണമെങ്കിൽ ഏഴാം തിയ്യതി വൈകുന്നേരം തന്നെ ടിക്കറ്റ് ബുക്ക് ചെയ്തോളൂ. എട്ടാം തിയ്യതി ഞായറാഴ്ചയാണ്. പിന്നീടങ്ങോട്ട് ഏഴ് ദിവസം അവധികളും.
അതേസമയം കേരളത്തിലെ കേന്ദ്ര സർക്കാർ ഓഫീസുകൾ രണ്ട് ദിവസത്തേക്ക് മാത്രം അടയ്ക്കും. മുഹറം കണക്കിലെടുത്ത് സെപ്റ്റംബർ ഒമ്പതും തിരുവോണ ദിനമായ സെപ്റ്റംബർ 11നുമായിരിക്കും അവധികൾ.
പ്രാദേശിക അവധിദിനങ്ങൾ നിശ്ചയിക്കുന്ന ഒരു കോർഡിനേഷൻ കമ്മിറ്റി ഉണ്ട്. സപ്തംബർ 10 ന് മൊഹറം അവധി പ്രഖ്യാപിക്കാൻ കമ്മിറ്റി തീരുമാനിച്ചാൽ, ജീവനക്കാർക്ക് രണ്ട് ദിവസം തുടർച്ചയായി അവധി ലഭിച്ചേക്കും.