തിരുവനന്തപുരം: ബാർ പൂട്ടിയതുകൊണ്ട് മദ്യപിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. ബാറുകൾ പൂട്ടാനുളള യുഡിഎഫ് നയം സംസ്ഥാനത്തെ ലഹരി കേന്ദ്രമാക്കി. ഘട്ടംഘട്ടമായുളള വർജ്ജനമാണ് വേണ്ടത്. പുതിയ മദ്യനയത്തിലൂടെ സംസ്ഥാനത്ത് മദ്യം ഒഴുകാൻ കാരണമാവില്ല. ബാറുകൾ തുറന്നാലും കർശന പരിശോധന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മദ്യത്തിനെതിരെ പറയുന്നവർ ഒരു തുളളി പോലും കഴിക്കുന്നവരാകരുത്. ശുദ്ധമായ കളള് ആരോഗ്യത്തിന് ദോഷമല്ല. വിഷമില്ലാത്ത കളള് ലഭ്യമാക്കുകയാണ് എൽഡിഎഫ് നിലപാട്. ഫോര്‍സ്റ്റാര്‍ ബാറുകള്‍ തുറന്നാലും യുഡിഎഫ് കാലത്തെ അത്രയും വരില്ല. 30 ഫൈവ് സ്റ്റാറുകളിൽ ഏഴെണ്ണം സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് പൂട്ടി. ഇപ്പോൾ 23 എണ്ണം മാത്രമാണുളളത്. ഏഴെണ്ണം കൂടി തുറക്കും. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ഒരു ബാറിനും പുതുതായി ലൈസന്‍സ് അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അടച്ചുപൂട്ടിയ ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുക മാത്രമാണ് ചെയ്തത്. ടൂറിസം വികസനത്തിന് കൂടി വേണ്ടിയിട്ടാണ് ഈ നയം സ്വീകരിച്ചത്. പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് പ്രതിവര്‍ഷം 2000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാവും. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ടുണ്ടായ തിരിച്ചടി മറികടക്കാന്‍ രണ്ട് വര്‍ഷം കൂടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ത്രീ സ്റ്റാറിനും അതിനു മുകളിലുമുള്ള എല്ലാ ഹോട്ടലുകൾക്കും ബാർ ലൈസൻസ് അനുവദിക്കുന്ന പുതിയ മദ്യനയത്തിനു മന്ത്രിസഭ ഇന്നലെ അംഗീകാരം നൽകിയിരുന്നു. ബീയർ–വൈൻ പാർലറിന് അപേക്ഷിക്കുന്നവരിൽ യോഗ്യതയുള്ളവർക്കെല്ലാം നൽകും. ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റർ പരിധിയിലുള്ള ബീയർ–വൈൻ പാർലറുകൾ അതേ താലൂക്കിലെ സൗകര്യപ്രദമായ മറ്റൊരിടത്തേക്കു മാറ്റിസ്ഥാപിക്കാൻ അനുമതി നൽകും. ഇന്നലെ എൽഡിഎഫ് യോഗം ശുപാർശ ചെയ്ത മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. ജൂലൈ ഒന്നിനു പുതിയ നയം നിലവിൽ വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.