കൊച്ചി: പ്രളയത്തിൽ മുങ്ങിയ മലയാളി ഈ ഓണക്കാലത്ത് മദ്യത്തിലും മുങ്ങി. സംസ്ഥാനത്ത് മദ്യവിൽപന പൊടിപൊടിച്ച് നടന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ ഓണക്കാലത്ത് ഉത്രാടം വരെയുള്ള എട്ട് ദിവസങ്ങളിൽ വിറ്റഴിച്ചത് 487 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ അധികം മദ്യവിൽപന ഇത്തവണ നടന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഓണക്കാലത്ത് നടന്നത് 30 കോടിയുടെ അധിക മദ്യവിൽപ്പനയാണ്.

Read Also: ക്രിസ്‌മസ് – ന്യൂ ഇയർ: റെക്കോർഡ് മദ്യവിൽപ്പന; മുന്നിൽ നെടുമ്പാശേരിയും പാലാരിവട്ടവും

ഉത്രാട നാളിൽ മാത്രം വിറ്റത് 90.32 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഉത്രാട നാളിൽ മാത്രം വിറ്റത് 88 കോടി രൂപയുടെ മദ്യമാണ്. ഇത്തവണ മദ്യവിൽപ്പനയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഇരിങ്ങാലക്കുടയാണ്. എക്സൈസ് വകുപ്പ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇരിങ്ങാലക്കുടയിൽ ഉത്രാടം നാളിൽ മാത്രം 1.44 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം വിറ്റത് 1.22 കോടി രൂപയുടെ മദ്യമാണ്. തിരുവോണ നാളിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് അവധിയായതിനാലാണ് ഉത്രാട നാളിൽ ഇത്രയും വിൽപന നടന്നത്.  ആലപ്പുഴ കച്ചേരിപ്പടി ജംങ്ഷനിലെ ഔട്ട്‌ലെറ്റും തിരുവനന്തപുരം പവര്‍ഹൗസ് റോഡിലുള്ള ഔട്ട്‌ലെറ്റുമാണ് വില്‍പ്പനയില്‍ രണ്ടും മൂന്നും സ്ഥാനത്ത്.

ഇതിനു പുറമേയാണ് സംസ്ഥാനത്ത് മിലിട്ടറി ക്വാട്ടയിലൂടെ കുടിച്ചുതീർത്ത മദ്യവും അന്യസംസ്ഥാനത്തു നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന മദ്യവും. ഡ്യൂട്ടി പെയ്‌ഡ് ഷോപ്പുകളിൽ നിന്ന് വാങ്ങുന്ന കുപ്പികളും ഈ കണക്കിൽ പെടില്ല. അതുകൊണ്ട് സംസ്ഥാനത്ത് ആകെ കുടിച്ചുതീർത്ത മദ്യത്തിന്റെ അളവും മൂല്യവും എക്‌സെെ‌സ് പുറത്തുവിട്ട കണക്കുകളേക്കാൾ ഉയർന്നതായിരിക്കും എന്ന് വേണം കണക്കാക്കാൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.