തിരുവനന്തപുരം: ക്രിസ്മസും പുതുവത്സരവും മലയാളികൾ ആഘോഷമാക്കിയപ്പോൾ സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന. പുതുവത്സര തലേന്ന് മാത്രം ബിവറേജസ് കോർപ്പറേഷൻ വെയർഹൗസുകളിലൂടെയും ഔട്ട്ലെറ്റുകളിലൂടെയും വിറ്റത് 89.12 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഇതേദിവസം വിറ്റത് 76.97 കോടി രൂപയുടെ മദ്യമായിരുന്നു. 16 ശതമാനത്തിന്റെ വർധനവാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്, അതായത് 12.15 കോടി രൂപയുടെ വർധനവ്.
ഡിസംബർ 22 മുതൽ 31 വരെ വിറ്റത് 522.93 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തേക്കാൾ രണ്ട് ശതമാനത്തിന്റെ വർധനവ് മാത്രമാണ് ഇക്കാലയളിൽ കൂടിയത്. കഴിഞ്ഞ വർഷം 512.54 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
Also Read: ആഘോഷക്കുടിയുടെ ആരോഗ്യപ്രശ്നങ്ങള്‍
തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്ലെറ്റാണ് ഏറ്റവുമധികം മദ്യം വിറ്റത്. ഇവിടെ മാത്രം 88.01 ലക്ഷം രൂപയുടെ മദ്യവിൽപ്പന നടന്നു. കഴിഞ്ഞ വർഷം ഇത് 64.37 ലക്ഷമായിരുന്നു. എറണാകുളം പാലാരിവട്ടത്തെ ഔട്ട്ലെറ്റാണ് വിൽപ്പനയിൽ രണ്ടാമത്. 71.04 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.
കൺസ്യൂമർഫെഡിന്റെ ഔട്ട്ലെറ്റുകളിലൂടെ 13.5 കോടി രൂപയുടെ മദ്യം വിറ്റുപോയി. കഴിഞ്ഞ വർഷത്തേതിൽ നിന്നും 1.5 കോടിയുടെ വർധനവ് ഇവിടെ രേഖപ്പെടുത്തി. കഴിഞ്ഞ വർഷം വിൽപ്പന 12 കോടിയായിരുന്നു. കോഴിക്കോട് ടൗണിലെ ഔട്ട്ലെറ്റിലാണു കൂടുതൽ മദ്യം വിറ്റത്, 97 ലക്ഷം. രണ്ടാമത് വൈറ്റിലയിലെ ഔട്ട്ലെറ്റ്. 62 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. സ്റ്റാച്യുവിലെ ബിയർപാർലറിലാണു കൂടുതൽ വിൽപ്പന നടന്നത്.