/indian-express-malayalam/media/media_files/uploads/2020/04/liquor-1.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ മദ്യവില കൂടും. അടിസ്ഥാന വിലയില്‍ ഏഴു ശതമാനമാണ് വർധിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പത്തു രൂപ മുതല്‍ 90 രൂപ വരെ വർധിക്കും. ബിയറും വൈനുമൊഴികെ എല്ലാ മദ്യത്തിനും വിലവർധനയുണ്ട്. പ്ലാസ്റ്റിക് കുപ്പിയില്‍ നിന്നും ഘട്ടം ഘട്ടമായി ചില്ലു കുപ്പിയിലേക്ക് മാറുന്നതിന്റെ ഭാഗമായി 750 മില്ലി ലിറ്റര്‍ മദ്യം ഇനി ചില്ലുകുപ്പിയിലായിരിക്കും ലഭിക്കുക.
ബെവ്കോയുമായി നിലവിൽ കരാറുള്ള കമ്പനികൾക്കാണ് ഏഴു ശതമാനം വരെ വില വർധനയ്ക്ക് അനുമതി നൽകിയത്. ഈ വര്‍ഷം ടെണ്ടര്‍ നല്‍കിയ പുതിയ ബ്രാന്‍ഡുകള്‍ക്ക് വാഗ്‌ദാനം ചെയ്ത തുകയില്‍ 5 ശതമാനം കുറച്ച് കരാര്‍ നല്‍കും.
ഒപിആറിന്റെ 660 രൂപ വിലയുള്ള ഒരു ലിറ്റര്‍ മദ്യത്തിന് ഇനി മുതല്‍ 710 രൂപ നല്‍കേണ്ടി വരും. 560 രൂപയായിരുന്ന ജവാന് 600 രൂപയും നല്‍കണം. എംഎച്ച് ബ്രാന്‍ഡിക്ക് 950 ല്‍ നിന്നും 1,020 ആയും ഓള്‍ഡ് മങ്ക് ലെജന്‍ഡിനു 2,020 ല്‍ നിന്നും 2,110 ആയും വില വര്‍ധിക്കും. വിഎസ്ഒപി ബ്രാന്‍ഡി 900 രൂപയുണ്ടായിരുന്നത് 960 ആക്കി. ഒന്നര ലിറ്ററിന്‍റേയും രണ്ടേകാല്‍ ലിറ്ററിന്‍റേയും ബ്രാന്‍ഡി ഉടന്‍ വിൽപനയ്ക്കെത്തും.
Read More: രാജ്യത്തെ പൂര്‍ണമായി കച്ചവട താല്‍പര്യങ്ങള്‍ക്കു വിട്ടുനല്‍കുന്ന ബജറ്റ്: മുഖ്യമന്ത്രി
നിലവിലുള്ള ബ്രാന്‍ഡുകളുടെ പേരിനൊപ്പം സ്‌ട്രോങ്, പ്രീമിയം, ഡിലക്‌സ് എന്നുകൂടി ചേര്‍ത്ത് പുതിയ ടെണ്ടര്‍ നല്‍കിയിട്ടുണ്ടെങ്കിലും അവയ്ക്ക് വില വര്‍ധന അനുവദിക്കില്ല. ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. ഇതു സംബന്ധിച്ച തീരുമാനം ഉടൻ പുറത്തുവരും.
അസംസ്‌കൃത വസ്തുവായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വിലയിലുണ്ടായ വർധന ചൂണ്ടിക്കാട്ടി മദ്യ വിതരണ കമ്പനികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഏഴു ശതമാനം വര്‍ധന വരുത്താൻ സർക്കാർ തീരുമാനിച്ചത്. കോവിഡ് സാഹചര്യം പരിഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ ആദ്യം തീരുമാനം എടുത്തിരുന്നില്ല.
കോവിഡ് മാനദണ്ഡം കർശനാക്കുന്നതിന്‍റെ ഭാഗമായി ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റിന് മുന്നിൽ ഇനി മുതൽ ആൾക്കൂട്ടം അനുവദിക്കില്ല. ഒരേസമയം അഞ്ചു പേരെ മാത്രമാകും മദ്യം വാങ്ങാൻ അനുവദിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.