തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിനു ഇന്നുമുതല്‍ വിലകൂടി. വിവിധ ബ്രാന്‍ഡുകള്‍ക്ക് പത്തു രൂപ മുതല്‍ 20 രൂപ വരെയാണ് വര്‍ധന. വില്പന നികുതി കൂട്ടാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഇന്നലെ ഒപ്പിട്ടതിനു പിന്നാലെയാണ് മദ്യത്തിനു വിലകൂട്ടിയത്. ബിയറിന്റേയും വൈനിന്റേയും വില വര്‍ധന നാളെ പ്രാബല്യത്തില്‍ വരും.
ജനുവരി ഒന്നു മുതല്‍ കൂട്ടുമെന്നു പ്രഖ്യാപിച്ചിരുന്ന മദ്യത്തിന്റെ വില മുന്നറിയിപ്പില്ലാതെയാണ് കൂട്ടിയത്. നാലു ശതമാനം നികുതി കൂട്ടാന്‍ തീരുമാനിച്ചതോടെ ബ്രാന്‍ഡുകള്‍ക്ക് അനുസരിച്ച് പത്തു രൂപ മുതല്‍ 20 രൂപ വരെ കൂടി. ഇതോടെ 600 രൂപയ്ക്ക് വാങ്ങിയിരുന്ന ജനപ്രിയ മദ്യമായ ജവാനു ഇന്നു മുതല്‍ 610 രൂപ നല്‍കണം.ടേണ്‍ ഓവര്‍ ടാക്സ് വേണ്ടെന്ന് വെച്ചപ്പോള്‍ ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വില്പന നികുതി കൂട്ടുന്നത്.
കഴിഞ്ഞ നിയമ സഭ സമ്മേളനം പാസാക്കിയ ബില്ലില്‍ ആണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ജനുവരി ഒന്ന് മുതല്‍ മദ്യത്തിന്റെ വില കൂട്ടുന്നതിനും ടേണ്‍ ഓവര്‍ നികുതി ഒഴിവാക്കുന്നതിനും നിയമപ്രാബല്യം നല്‍കുന്നതാണ് ബില്‍.അതേസമയം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണരെ മാറ്റുന്ന ബില്‍ ഇതുവരെ സര്‍ക്കാര്‍ രാജ്ഭവന് കൈമാറിയിട്ടില്ല.