ന്യൂഡൽഹി: കള്ള്, ബിയർ, വൈൻ എന്നിവയെ മദ്യമായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ. പാതയോരത്തെ മദ്യശാലകൾ പൂട്ടണമെന്ന ഉത്തരവിൽ വ്യക്ത വേണമെന്നാവശ്യപ്പട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കേരളം നിലപാട് അറിയിച്ചത്. ഉത്തരവിൽ കൂടുതൽ വ്യക്തത വേണമെന്നും ഔട്ട്‌ലെറ്റുകൾ മാറ്റി സ്ഥാപിക്കാൻ ഒരു വർഷത്തെ സാവകാശം വേണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് ബവ്കോയും സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്.

പാതയോരത്തുള്ള 180 മദ്യശാലകളാണ് മാർച്ച് 31 ന് മുൻപായി മാറ്റി സ്ഥാപിക്കേണ്ടത്. ഇതിൽ 25 എണ്ണം മാത്രമേ ഇതുവരെ മാറ്റി സ്ഥാപിച്ചിട്ടുള്ളൂ. ബാക്കിയുള്ളവ ജനകീയ പ്രക്ഷോഭം കാരണം മാറ്റി സ്ഥാപിക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ സാവകാശം തേടിയത്.

അതേസമയം, ജനവാസകേന്ദ്രങ്ങളിൽ മദ്യാശാലകൾ സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കേരളത്തിന്റെ പല ഭാഗങ്ങളിലും സമരം നടക്കുന്നുണ്ടെന്നും ഈ സമരങ്ങളെ കോൺഗ്രസ് പിന്തുണയ്ക്കുമെന്നും കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ പറഞ്ഞു. സർക്കാരിന്റെ നീക്കം സമൂഹത്തെ വളരെ ദോഷകരമായി ബാധിക്കും. ഗുണകരമായ സുപ്രീംകോടതി വിധിക്കെതിരെയുള്ള സർക്കാരിന്റെ സമീപനം ജനദ്രോഹപരമായ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ