മലപ്പുറം: കളളുഷാപ്പുകൾ വഴി വിദേശമദ്യം നൽകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തെക്കുറിച്ച് സർക്കാർ ആലോചിച്ചിട്ടില്ല. ഫൈവ് സ്റ്റാർ ഹോട്ടലുകൾ വഴി കളള് വിതരണം ചെയ്യുന്നത് ആലോചിക്കുമെന്നും കോടിയേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മന്ത്രി ജി.സുധാകരന്റെ നിലപാടിനെ തളളുന്നതാണ് കോടിയേരിയുടെ പ്രസ്താവന.

പാതയോരത്തെ മദ്യനിരോധനത്തിലൂടെ മദ്യവിൽപ്പന പ്രതിസന്ധിയിലായ സാഹചര്യത്തിൽ കള്ളുഷാപ്പുകൾ വഴിയും വിദേശമദ്യം വിൽക്കുന്നത് സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞിരുന്നു. കള്ളുഷാപ്പുകളിലൂടെ വിദേശമദ്യം വിൽക്കണമെന്ന രീതിയിൽ ഒരു നിർദേശം ലഭിച്ചിട്ടുണ്ട്. അതിന്റെ നിയമവശം പരിശോധിക്കും. പൂട്ടിയ ചില്ലറ വിൽപനശാലകൾ, തർക്കമില്ലാത്ത സ്ഥലങ്ങളിലേക്കു മാറ്റിസ്ഥാപിക്കുമെന്നും ബലം പ്രയോഗിച്ചു കടകൾ മാറ്റിസ്ഥാപിക്കാൻ സർക്കാരിനു താൽപര്യമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.

കള്ളുഷാപ്പുകളിലൂടെ വിദേശമദ്യം വിൽക്കാനുള്ള നീക്കം എതിർക്കുമെന്ന് എസ്‍എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കിയിരുന്നു. ഈ നീക്കം കള്ളു വ്യവസായത്തിലെ തൊഴിലാളികളോടു കാണിക്കുന്ന കൊടുംചതിയാണ്. വിദേശമദ്യം കള്ളുഷാപ്പിൽ വിൽക്കുമെന്നു മന്ത്രി ജി.സുധാകരൻ പറഞ്ഞത് അദ്ദേഹത്തിനു പറ്റിയ അബദ്ധമാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

സംസ്ഥാന-ദേശീയ പാതയോരത്തെ മദ്യശാലകൾ പൂട്ടണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ദേശീയ–സംസ്ഥാന പാതയോരത്തെ ബവ്‌കോയുടെ 50 മദ്യക്കടകൾ മാറ്റിസ്ഥാപിച്ചിരുന്നു. 130 എണ്ണം കൂടി ഇനി മാറ്റാനുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ