കൊച്ചി: യുവാക്കളെല്ലാവരും ഒരു ബൈക്ക് എന്ന സ്വപ്‌നം കൊണ്ട് നടക്കുന്നവരാണ്. ബുളളറ്റോ ഡ്യൂക്കോ ഒക്കെയാണ് അവരിൽ പലരുടെയും ഇഷ്‌ട വാഹന പട്ടികയിൽ ഉളളത്. ഒന്നര ലക്ഷമോ അതിലേറെയോ വിലവരുന്ന ബൈക്കുകൾ ചുളുവിലയ്‌ക്ക് കിട്ടുമോ? ലിങ്ക് ലൈൻ എന്ന ഇ-കൊമേഴ്‌സ് സ്ഥാപനം വഴി ഇത്തരത്തിൽ ബൈക്ക് ലഭിക്കുന്നുവെന്ന പ്രചാരണമാണ് ഈ അന്വേഷണത്തിലേയ്ക്ക് എത്തിച്ചത്.
മൾട്ടിലെവൽ മാർക്കറ്റിംഗ് അഥവാ മണി ചെയിൻ ബിസിനസ് മലയാളിക്ക് കേട്ടറിവില്ലാത്തതല്ല. ഇവ പലകുറി, പല രൂപത്തിൽ പയറ്റപ്പെട്ട വിപണന ഭൂമിയാണ് കേരളവും. ഈ പശ്ചാത്തലത്തിലാണ് കേരളത്തിൽ ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന ബൈക്ക് വിപണി സംശയത്തിന്റെ മുനയിൽ വരുന്നത്. കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ തന്നെ ഇത്തരത്തിലുളള നിരവധി സാമ്പത്തിക തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്നതാണ് ഈ പദ്ധതിയെ കുറിച്ച് ഉപയോക്താക്കളിൽ സംശയം ഉയരുന്നത്. കേരളത്തിലെ കുപ്രസിദ്ധമായ ‘ആട്, തേക്ക്, മാഞ്ചിയം’ കേസ് മുതൽ ചെറുതും വലുതുമായ നിരവധി സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും നിയമ വിദഗ്‌ധർ ഈ പദ്ധതിയെ ‘മൾട്ടിലെവൽ മാർക്കറ്റിങ്,’ ‘പിരമിഡ് സ്കീം’ എന്നീ നിലകളിലാണ് വിലയിരുത്തുന്നത്. എന്നാൽ അതിനെ നിഷേധിക്കുകയാണ് ലിങ്ക് ലൈനിന്റെ വക്താക്കൾ.
ലിങ്ക് ലൈനിന്റെ പ്രവർത്തനത്തെ കുറിച്ചുയരുന്ന ചോദ്യങ്ങൾക്ക് ലിങ്ക് ലൈനിന്റെ പ്രതിനിധികളും, വാഹന ഏജൻസി ജീവനക്കാരും, നിയമ വിദഗ്ദ്ധരും, പൊലീസുദ്യോഗസ്ഥരും ഇതിനെ കുറിച്ച് പറയുന്നു.
ലിങ്ക് ലൈൻ എന്ത് ?
“അസാധ്യമായത് ഞങ്ങൾ സാധ്യമാക്കും,” എന്നാണ് ലിങ്ക് ലൈനിന്റെ പരസ്യവാചകം. ഇത് ഇരുചക്ര വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷനായാണ് അവതരിപ്പിച്ചിട്ടുളളത്. ബെംഗളുരു ആസ്ഥാനമാക്കി നിഷാദ് അഹമ്മദ് എന്ന തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയുടേതാണ് ഈ സംരഭം.

“1100 ഓളം പേരാണ് ഇതുവരെ ലിങ്ക് ലൈൻ വഴി ബൈക്ക് ബുക്ക് ചെയ്‌തിരിക്കുന്നത്. ഇപ്പോൾ 107 ഓളം പേർക്ക് ബൈക്ക് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. ഓരോ ബൈക്കും വിറ്റുപോകുമ്പോൾ ആറായിരം രൂപ വരെയാണ് ഞങ്ങളുടെ നേട്ടം,” മെയ് 30 ന് നടത്തിയ ഫോൺ സംഭാഷണത്തിൽ നിഷാദ് അവകാശപ്പെടുന്നു.
വെറും 11000 രൂപ മുടക്കി യുവാക്കൾക്ക് അവർ ഏറെ മോഹിക്കുന്ന ബുളളറ്റോ, ഡ്യൂക്കോ, ഡൊമിനൊറോ, ആർ15 ബൈക്കോ സ്വന്തമാക്കാം എന്നാണ് ലിങ്ക് ലൈനിലേക്ക് ആളുകളെ ആകർഷിക്കുന്ന കാര്യം. അതു തന്നെയാണ് ഇതിനെ നിയമപരമായ സാധുതയെ ചോദ്യം ചെയ്യുന്നതും സംശയത്തിന്റെ നിഴലിൽ കൊണ്ടുവരുന്നതും.
“ലിങ്ക് ലൈൻ പൂർണ്ണമായും ഒരു ബൈക്ക് ബുക്കിങ് ആപ്ലിക്കേഷനാണ്. ഇത് രാജ്യത്തെ ആദ്യത്തെ സൗജന്യ ബൈക്ക് ബുക്കിംഗ് ആപ്ലിക്കേഷനാണ്. ഇതിലൂടെ എളുപ്പത്തിൽ ആവശ്യക്കാർക്ക് അവരിഷ്‌ടപ്പെടുന്ന ബൈക്കുകളെ കുറിച്ചുളള സമ്പൂർണ്ണ വിവരങ്ങളും ലഭിക്കും. വളരെ എളുപ്പത്തിൽ ബൈക്ക് ബുക്ക് ചെയ്യാൻ സാധിക്കുമെന്നതാണ് ഞങ്ങൾ നൽകുന്ന സൗകര്യം,” നിഷാദ് അഹമ്മദ് അവകാശപ്പെടുന്നു.
“11000 രൂപ ഉപയോഗിച്ച് നിങ്ങൾ ബൈക്ക് ബുക്ക് ചെയ്യുകയാണ് ചെയ്യുന്നത്. നിങ്ങളുടെ കൈയ്യിൽ മുഴുവൻ തുകയും ഉണ്ടെങ്കിൽ, അതുപയോഗിച്ച് ദിവസങ്ങൾക്കുളളിൽ ബൈക്ക് സ്വന്തമാക്കാൻ ഞങ്ങൾ സഹായിക്കും. അല്ലെങ്കിൽ ബൈക്ക് വാങ്ങാൻ ആവശ്യമായ വാഹന ലോൺ ഈ ആപ്ലിക്കേഷൻ വഴി ഞങ്ങൾ തരപ്പെടുത്തി കൊടുക്കും. എന്നാൽ ഇതിനും സാധിക്കാത്ത ആളുകൾക്ക് ഞങ്ങളുടെ ആപ്ലിക്കേഷൻ പ്രമോട്ട് ചെയ്യുന്നതിലൂടെ ബൈക്ക് അധികം പണച്ചിലവില്ലാതെ സ്വന്തമാക്കാം,” നിഷാദ് പറഞ്ഞു.
“11000 രൂപ ലിങ്ക്‌ലൈൻ വഴി നിക്ഷേപിച്ച് നിങ്ങൾക്ക് ബൈക്ക് ബുക്ക് ചെയ്യാം. പിന്നീട് അഞ്ച് പേരുടെ ബുക്കിംഗ് കൂടി നിങ്ങൾ കൊണ്ടുവരണം. ഇവർ ഓരോ പേരും അഞ്ച് പേരുടെ വീതം ബുക്കിംഗ് കൊണ്ടുവന്നാൽ ആദ്യത്തെയാൾക്ക് അയാൾ ബുക്ക് ചെയ്ത ബൈക്ക് സൗജന്യമായി ലഭിക്കും,” നിഷാദ് അവകാശപ്പെട്ടു.
ബൈക്ക് ബുക്ക് ചെയ്‌ത ശേഷം അടുത്ത അഞ്ച് പേരുടെ ബുക്കിംഗ് കൊണ്ടുവരുമ്പോൾ, ആളൊന്നിന് ഇൻസെന്റീവ് എന്ന നിലയിൽ 2000 രൂപ ആദ്യത്തെയാൾക്ക് ലഭിക്കും. ആ അഞ്ച് പേരും സമാനമായി മറ്റ് അഞ്ച് പേരുടെ വീതം ബുക്കിംഗ് എത്തിക്കുന്നതോടെ ആദ്യത്തെയാൾക്ക് ബൈക്ക് ലഭിക്കും. ഫലത്തിൽ 11,000 രൂപ അടച്ച് ബൈക്ക് ബുക്ക് ചെയ്‌താൽ 10,000 രൂപയും തിരികെ ലഭിക്കും. ചുരുക്കിപ്പറഞ്ഞാൽ ആയിരം രൂപയ്‌ക്ക് ബൈക്ക് സ്വന്തമാക്കാം എന്നാണ് ലിങ്ക് ലൈനിന്റെ അവകാശവാദം.
ഇത് നിയമം അനുവദിക്കുന്നുണ്ടോ?
ഇതേക്കുറിച്ചുളള ചോദ്യത്തിന്, ലഭിച്ച ഉത്തരങ്ങളൊക്കെ ഇതിന്റെ നിയമസാധുതതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. കേരളത്തിലങ്ങളോമിങ്ങോളം നടന്നതും ഇന്നും നടക്കുന്നതുമായ നിയമവിരുദ്ധ സാമ്പത്തിക ഇടപാട് രീതികളുമായാണ് ഇതിന്റെ സാമ്യമെന്നാണ്. കേരള പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ എറണാകുളം സൂപ്രണ്ട് സാബു മാത്യു നൽകിയ മറുപടി ഇങ്ങിനെ.
“ഒരു വ്യക്തിയിൽ നിന്ന് തുടങ്ങി ശാഖകളും ഉപശാഖകളുമായി നീളുന്നതാണ് ഈ വിപണന തന്ത്രം. മൾട്ടിലെവൽ മാർക്കറ്റിങ്ങിലെ പിരമിഡ് സ്കീമാണ് ഇതുമെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഈ പിരമിഡ് സ്കീം നിയമം വഴി നിരോധിച്ചതാണ്. ഇവിടെ ഉൽപ്പന്നം മാറുന്നുവെന്നേയുളളൂ. ആദ്യത്തെയാൾ 11,000 വച്ച് ചേരുന്നു. പിന്നീട് അയാൾ അഞ്ച് പേരെ കൊണ്ട് 11,000 രൂപ വച്ച് ബൈക്ക് ബുക്ക് ചെയ്യിപ്പിക്കുന്നു. പിന്നീട് അവരോരുത്തരും അഞ്ച് പേരെ വീതം കൊണ്ടുവന്ന് ബൈക്ക് ബുക്ക് ചെയ്യിപ്പിക്കുന്നു. ഇതിങ്ങനെ നീളുന്നു,” സാബു മാത്യു പറഞ്ഞു.
“ഈ ശ്രേണി തന്നെയാണ് പ്രശ്നം. ഇതിനകത്ത് ഏറ്റവും അവസാനത്തെ വ്യക്തിക്ക് ഇവർ എങ്ങിനെയാണ് ഉൽപ്പന്നം നൽകുക? അതിനവർക്കുത്തരമുണ്ടോ? ആദ്യം നൂറ് പേർ, തൊട്ടടുത്ത ശ്രേണിയിൽ 500 പേർ. അവസാനം ഇത് ഒരിടത്ത് അവസാനിക്കില്ലേ. ആ അവസാനത്തെയാളിന് ഈ പദ്ധതിയിലൂടെ ബൈക്ക് ലഭിക്കില്ലല്ലോ,” അദ്ദേഹം ചോദിച്ചു.

എന്നാൽ ഇത് പ്രത്യക്ഷത്തിൽ മൾട്ടിലെവൽ മാർക്കറ്റിംഗ് ബിസിനസല്ലെന്നാണ് കേരള പൊലീസ് മുൻ ഡിജിപി ടിപി സെൻകുമാർ മറുപടി നൽകിയത്. “ഇത് ഇൻഡയറക്ടായി ഉളള മൾട്ടിലെവൽ മാർക്കറ്റിംഗ് ബിസിനസാണ്. നിയമം വഴി നിരോധിക്കപ്പെട്ടതാണ്. ഒരു തരത്തിൽ മണി ചെയിൻ ആണിതും. പക്ഷെ കേരളത്തിലെ പൊലീസ് സംവിധാനം വെച്ച് ഇതൊന്നും തെളിയിക്കാൻ സാധിക്കില്ല. കോഗ്നിസന്റ് ഒഫൻസ്(വാറണ്ടില്ലാതെ പൊലീസുദ്യോഗസ്ഥർക്ക് അറസ്റ്റ് രേഖപ്പെടുത്താവുന്ന കേസുകൾ) എന്താണെന്ന് അറിയാത്ത ഐജിമാരാണ് നമുക്കുളളത്,” ടിപി സെൻകുമാർ കുറ്റപ്പെടുത്തി.
“സീനിയർ ഓഫീസർമാർക്ക് പോലും സാമ്പത്തിക കുറ്റകൃത്യങ്ങളെ കുറിച്ച് വലിയ ധാരണയില്ല. ഇക്കണോമിക് ഒഫൻസ് വിംഗ് ഉണ്ടെങ്കിലും അന്വേഷണം മിക്കവാറും ക്രൈം ബ്രാഞ്ച് ആണ് ചെയ്യാറ്. വലിയൊരു ശതമാനം ഓഫീസർമാരും ഇത്തരം കേസുകൾ കൈയ്യിൽ കിട്ടുമ്പോൾ മുകളിലേക്ക് നോക്കാറാണ് പതിവ്,” സെൻകുമാർ പറഞ്ഞു.
ഇത് കേസ് ആകുന്നത് എപ്പോൾ?
തങ്ങളുടേത് മൾട്ടി ലെവൽ മാർക്കറ്റിംഗ് ബിസിനസല്ലെന്ന് നിഷാദ് ഐഇ മലയാളത്തോട് പറഞ്ഞു. “ബൈക്ക് ബുക്ക് ചെയ്യുന്നവരോട് ഞങ്ങൾ തുടക്കത്തിൽ തന്നെ മൂന്ന് പദ്ധതികളെ കുറിച്ചും പറയാറുണ്ട്. അവർക്കിതിൽ ഏത് വേണമെന്ന് തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യമുണ്ട്. 30 പേരെ ശ്രേണിയിൽ ചേർക്കാൻ സാധിക്കുന്നില്ലെങ്കിൽ അവർക്ക് മറ്റ് മൂന്ന് വഴികളുണ്ട്. ഒന്നുകിൽ റെഡി ക്യാഷ് നൽകി ബൈക്ക് എടുക്കാം, അല്ലെങ്കിൽ ലോണുപയോഗിച്ച് ബൈക്ക് വാങ്ങാം, അതുമല്ലെങ്കിൽ അവർക്ക് തങ്ങളുടെ ബുക്കിംഗ് ഐഡി മറ്റൊരാളുടെ പേരിലേക്ക് മാറ്റാം,” നിഷാദ് പറഞ്ഞു.
“ആപ്ലിക്കേഷൻ പ്രചരിപ്പിക്കാനുളള മൂന്നാമത്തെ വഴി ഒരിക്കലും അവസാനിപ്പിക്കില്ല,” എന്നും നിഷാദ് പറഞ്ഞു. “ഭാവിയിൽ ബുക്കിംഗ് എണ്ണം കുറയ്‌ക്കും. കുറഞ്ഞ ലോണടവിൽ ബൈക്ക് വാങ്ങാൻ സാധിക്കുന്ന നിലയിലേക്ക് ഇത് ക്രമേണ മാറ്റും. അങ്ങിനെ വരുമ്പോൾ 15 ബുക്കിംഗോ, പത്ത് ബുക്കിംഗോ ആകുമ്പോൾ തന്നെ ഒരാൾക്ക് ബൈക്ക് നേടാനാവുന്ന വിധത്തിൽ ഈ പ്രമോഷണൽ രീതിക്ക് മാറ്റം വരും,” നിഷാദ് വ്യക്തമാക്കി.

കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ കെപി സതീശൻ ലിങ്ക് ലൈനിന്റെ പ്രമോഷണൽ രീതി നിയമവിധേയമല്ലെന്ന് പറഞ്ഞു. 1978 ലെ പ്രൈസ് ചിറ്റ്സ് ആന്റ് മണി സർക്കുലേഷൻ സ്കീംസ് (The Prize Chits and Money Circulation Schemes (Banning) Act 1978) നിയമത്തിലൂടെയാണ് ഈ തരം കച്ചവട ശൃംഖലകളെ നിരോധിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഇത്തരം ബിസിനസുകൾ നേരത്തെ തന്നെ നിരോധിക്കപ്പെട്ടവയാണ്. പ്രൈസ് ചിറ്റ്സ് ആന്റ് മണി സർക്കുലേഷൻ സ്കീംസ് നിയമത്തെ ചുരുക്കി പിസിഎംസി നിയമം 1978 (PCMC Act 1978) എന്നാണ് അറിയപ്പെടുന്നത്. ഇതിലെ മൂന്നും നാലും വകുപ്പുകൾ മണി ചെയിൻ ബിസിനസുകളെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്,” അദ്ദേഹം വിശദീകരിച്ചു.
“ഒരു ശൃംഖല പോലെയാണ് ഇവ മുന്നോട്ട് പോകുന്നത്. ഓരോ ആളും ശൃംഖലയിൽ കണ്ണികളാവുകയും പിന്നീട് മറ്റുളളവരെ കണ്ണികളാക്കാൻ ശ്രമിക്കുകയും ചെയ്യും. ആർക്കെങ്കിലും ഉൽപ്പന്നം ലഭിക്കാതെ വരുമ്പോൾ കേസാകും. പക്ഷെ പൊലീസിന് ഇതുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുക്കാൻ സാധിക്കില്ല. വാഗ്ദാനം ചെയ്ത ഉൽപ്പന്നം നൽകാതെ പറ്റിച്ചുവെന്ന് ആരെങ്കിലും പരാതി നൽകിയാൽ പൊലീസിന് കേസെടുക്കാം,” അഭിഭാഷകൻ പറഞ്ഞു.
വാദങ്ങളിലെ വൈരുധ്യം
സംസ്ഥാനത്ത് രണ്ടിടത്താണ് ലിങ്ക് ലൈൻ ഇരുചക്ര വാഹന ഡീലർമാരുമായി നേരിട്ട് ബന്ധം സ്ഥാപിച്ചിരിക്കുന്നത്. ഇതിലൊന്ന് പോപ്പുലർ മോട്ടോർസിന്റെ തൃശ്ശൂർ പുഴക്കലിൽ ഉളള കെടിഎം പുഴക്കൽ ആണ്. മറ്റൊന്ന് തൃശ്ശൂരിലെ തന്നെ കുരിയച്ചിറയിൽ ഉളള ടാഗ്‌സ് ബൈക്ക്‌സും ആണ്.
“മൂന്ന് മാസത്തോളമായി ലിങ്ക് ലൈനും ഞങ്ങളും തമ്മിൽ ടൈ അപ്പ് ഉണ്ടാക്കിയിട്ട്. ഞങ്ങളെ സംബന്ധിച്ച് നല്ല സേവനമാണ് ലിങ്ക് ലൈനിലൂടെ ലഭിക്കുന്നത്. മൂന്ന് മാസത്തിനുളളിൽ ജില്ലയ്‌ക്ക് അകത്തും പുറത്തുമായി 40 ഓളം ബൈക്കുകൾ ഞങ്ങൾക്ക് ലിങ്ക് ലൈൻ വഴി വിൽക്കാൻ സാധിച്ചിട്ടുണ്ട്,” ടാഗ്‌സ് ബൈക്കിന്റെ മാനേജർ ലൈജു സെബാസ്റ്റ്യൻ പറഞ്ഞു.
“ഇതുവരെ 60 ഓളം ബൈക്കുകളുടെ ബുക്കിംഗാണ് ഞങ്ങൾക്ക് ലഭിച്ചത്. ഇതിൽ 20 ബൈക്കുകൾ നൽകാനുണ്ട്. കസ്റ്റമറുടെ എല്ലാ സംശയങ്ങളും ലിങ്ക് ലൈൻ തീർത്ത് കൊടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കസ്റ്റമറും ഞങ്ങളും തമ്മിൽ തർക്കങ്ങൾക്കൊന്നും ഇടവരാറില്ല,”ലൈജു വിശദീകരിച്ചു.
വാഹന വായ്‌പയിലൂടെയും, മുഴുവൻ പണവും ഒന്നിച്ചടച്ചും ആണ് ബൈക്കുകൾ വാങ്ങാറുളളതെന്ന് പറഞ്ഞ ലൈജു, ആപ്ലിക്കേഷനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും പറഞ്ഞു.
അതേസമയം ലിങ്ക് ലൈൻ ആപ്ലിക്കേഷൻ പ്രമോട്ട് ചെയ്‌ത് ബൈക്ക് നേടാൻ സാധിച്ചതായി തിരുവനന്തപുരം വിതുര സ്വദേശി വൈഷ്ണവ് പറഞ്ഞു. “തിരുവനന്തപുരത്ത് ഇപ്പോൾ ബൈക്ക് നേടിയവരിൽ ആദ്യത്തെയാളാണ് ഞാൻ. ആദ്യത്തെ അഞ്ച് പേരെ ചേർത്തപ്പോൾ എനിക്ക് 2,000 രൂപ വച്ച് തിരികെ ലഭിച്ചിരുന്നു,” വൈഷ്ണവ് പറഞ്ഞു.
കാസർഗോഡ് ജില്ലയിലെ നീലേശ്വരം ചോയംകോട് സ്വദേശിയായ അനൂപാണ് ഇപ്പോൾ ലിങ്ക്‌ലൈനിന്റെ ബ്രാഞ്ച് കാസർഗോഡ് തുറക്കാൻ പോകുന്നത്. രണ്ടര ലക്ഷം രൂപയുടെ കരാർ ഒപ്പിട്ടതായും അദ്ദേഹം ഐഇ മലയാളത്തോട് പറഞ്ഞു.
മലപ്പുറത്ത് അനീഷ് നായർ എന്ന വ്യക്തിയെ ലിങ്ക് ലൈൻ റെഫര്‍ ചെയ്തത് താനാണെന്ന് വിതുര സ്വദേശി വൈഷ്ണവ് പറഞ്ഞു. “അവൻ എന്നേക്കാൾ നന്നായി വർക്ക് ചെയ്തു. വേഗത്തിൽ കാർ ഫണ്ടും ലഭിച്ചു,” അദ്ദേഹം പറഞ്ഞു.
എന്നാൽ വൈഷ്ണവിന്റെ വാദം നിഷാദ് അംഗീകരിച്ചില്ല. ബൈക്ക് വാങ്ങുന്നതോട് കൂടി ഈ ശ്രേണി അവസാനിക്കുകയാണെന്നാണ് നിഷാദ് പറഞ്ഞു. “മലപ്പുറത്തെ അനീഷും കാസർഗോട്ടെ അനൂപും അടക്കം 10 ഓളം പേർ ഞങ്ങളുടെ സ്റ്റാഫ് പ്രമോട്ടർമാരാണ്. ഇവർക്ക് പ്രതിമാസം 20,000 രൂപ ഞങ്ങൾ നൽകുന്നുണ്ട്. ഇവർക്ക് പെർഫോമൻസിന് അനുസരിച്ച് കാർ സമ്മാനമായി നൽകുന്നുവെന്നേയുളളൂ. അത് ലിങ്ക്‌ലൈൻ എല്ലാവർക്കും നൽകുന്നില്ല,” നിഷാദ് വിശദീകരിച്ചു.
ഈ വാദവും വിശദീകരണങ്ങളും നിലനിൽക്കെത്തന്നെ ബൈക്ക് ശ്രേണി എങ്ങനെയാണ് അവസാനിക്കുക, ആ ആൾക്ക് എങ്ങനെയാണ് ബൈക്ക് നൽകുകയെന്ന പൊലീസ് ഉദ്യോഗസ്ഥൻ ഉന്നയിച്ച ചോദ്യം ഇവിടെയും ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്.