പാലക്കാട്: കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും സെന്‍സറുകളും ഇടിച്ചു തകർത്ത ലോറി കണ്ടെത്തി. ഇരുമ്പുപാലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടോറസ് ലോറിയാണിത്. പീച്ചി പൊലീസ് ലോറി കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി രാത്രി 8.50 ഓടെയായിരുന്നു സംഭവം. ലോറിയുടെ പിറകിലെ ഭാഗം ഉയര്‍ത്തി ഓടിച്ചതാണു സംഭവത്തിനിടയാക്കിയത്. തുരങ്കത്തിന് വലിയ നാശനഷ്ടമാണ് അപകടം മൂലമുണ്ടായത്.
പാലക്കാട് ഭാഗത്ത് നിന്നാണ് ലോറി എത്തിയത്. 90 മീറ്റിലെ 104 ലൈറ്റുകളും പാനലും പത്ത് സുരക്ഷാ ക്യാമറകളും പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകളും പൂര്‍ണമായും ലോറിയിടിച്ച് തകര്‍ന്നു. പ്രാഥമികമായി പത്തുലക്ഷം രൂപയുടെ നഷ്ടമാണു കണക്കാക്കിയിരിക്കുന്നത്.
ഒന്നാം തുരങ്കത്തിലാണു സംഭവം. ലൈറ്റുകളും മറ്റും തകര്‍ന്നുവീഴുന്നതിന്റെ ശബ്ദം കേട്ട് ടിപ്പര്‍ നിര്‍ത്തി. തുടര്‍ന്ന് ടിപ്പറിന്റെ പിന്‍ഭാഗം താഴ്ത്തിയ ശേഷം നിര്‍ത്താതെ ഓടിച്ചുപോയി. സിസിടിവിയില്‍ ടിപ്പര്‍ലോറിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നെങ്കിലും നമ്പര്‍ വ്യക്തമയിട്ടുണ്ടായിരുന്നില്ല. തുടർന്നാണ് പൊലീസ് കേസെടുത്ത് ടിപ്പറിനായി അന്വേഷണം ആരംഭിച്ചത്.
തുരങ്കം തുറന്നതിനുശേഷം ആദ്യമായാണ് ഇത്തരമൊരു അപകടം. ടോറസ് തുരങ്കത്തിലേക്കു പ്രവേശിക്കുന്നതിനു മുന്‍പ് തന്നെ പിന്‍ഭാഗം ഉയര്‍ന്ന നിലയിലായിരുന്നു. പിന്നിലുള്ള വാഹനങ്ങള്‍ അകലം പാലിച്ചതിനാല്‍ മറ്റു അപകടങ്ങളൊഴിവായി.
Also Read: കോവിഡ് വ്യാപനം: പി എസ് സി പരീക്ഷകള്‍ മാറ്റി വച്ചു
ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ളവ തകര്‍ന്നത് തുരങ്കത്തിലൂടെയുള്ള ഗതാഗതത്തെ ബാധിച്ചിട്ടില്ല. ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ളവ തകര്‍ന്ന ഭാഗത്ത് ബാരിക്കേഡ് വച്ച് ഒരു ഭാഗത്ത് കൂടിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.
കുതിരാന്‍ രണ്ടാം തുരങ്കം കഴിഞ്ഞദിവസമാണു തുറന്നത്. ഇതേത്തുടര്‍ന്ന് ഒന്നാം തുരങ്കത്തിലെ രണ്ടുവരി ഗതാഗതം ഒഴിവാക്കിയതോടെ ഇവിടെ തിരക്ക് കുറഞ്ഞിട്ടുണ്ട്. ഏപ്രില്‍ മുതലാകും തുരങ്കം പൂര്‍ണമായും തുറന്നു നല്‍കുക. പ്രധാന അപ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിയായിട്ടില്ല.