കൊച്ചി: ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് പിന്മാറാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അലംഭാവമാണെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. വളരെ ദുഃഖത്തോടെയാണ് പദ്ധതിയില്‍ നിന്നും പിന്മാറുന്നതെന്നും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

പദ്ധതി നടത്തിപ്പിനായി പലതവണ മുഖ്യന്ത്രി പിണറായി വിജയനെ കാണാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ലൈറ്റ് മെട്രോയ്ക്കായി രണ്ട് ഓഫീസുകള്‍ തുറന്നു. മാസം 16 ലക്ഷം രൂപ ചെലവിട്ട് നാലുവര്‍ഷമായി ഓഫീസുകള്‍ നടത്തിക്കൊണ്ടു പോകുകയാണെന്നും ഇനിയും അതു തുടരാനുള്ള സാമ്പത്തിക ശേഷി ഡിഎംആര്‍സിയ്ക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് ഓഫീസുകളും ഫെബ്രുവരി 16ന് പ്രവര്‍ത്തനം നിര്‍ത്തുകയും ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തു. ഈ മാസം 15ന് ഓഫീസുകള്‍ പൂട്ടും. അത്യധികം മനോവിഷമത്തോടെയാണ് ഈ ഘട്ടത്തില്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

കരാര്‍ ഒപ്പിട്ട് ജോലികള്‍ ആരംഭിക്കണമെന്നും കാര്യങ്ങള്‍ക്ക് യാതൊരു പുരോഗതിയും ഇല്ലെന്ന് പലതവണ മുഖ്യമന്ത്രിയെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയെയും കണ്ട് പറഞ്ഞിരുന്നു. രേഖാമൂലം കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. എല്ലാം ശരിയാകും എന്ന ഉത്തരമാണ് രണ്ടുപേരും നല്‍കിയത്. എന്നാല്‍ ഇതുവരെ ഒന്നും ശരിയായില്ല. ഒരുവിധത്തിലുള്ള നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ജോലികള്‍ നടക്കാതെ പ്രതിമാസം തുക ചെലവഴിക്കാനാകില്ല. ഇങ്ങനെയാണെങ്കില്‍ പദ്ധതിയില്‍നിന്ന് പിന്മാറുകയാണെന്ന് കാണിച്ച് ജനുവരി 24ന് ഒരു നോട്ടീസ് നല്‍കി. പദ്ധതിയുടെ നടത്തിപ്പുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയെ നേരിട്ടു കാണാന്‍ സമയം ചോദിച്ചിരുന്നെങ്കിലും, അനുമതി ലഭിച്ചില്ലെന്നും ശ്രീധരൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ