തിരുവനന്തപുരം: കോവളത്ത് മരിച്ച നിലയിൽ കാണപ്പെട്ട വിദേശ യുവതി ലിഗയുടെ മൃതദേഹത്തില്‍ മുറിവുകളില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലോ ആന്തരികാവയവങ്ങള്‍ക്കോ മുറിവുകളില്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പഴക്കം കാരണമാകാം മൃതദേഹത്തിന്റെ തലയറ്റതെന്നാണ് നിഗമനം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാം എന്ന സാധ്യതയും പൊലീസ് തളളിക്കളഞ്ഞിട്ടുണ്ട്.

വിഷം ഉളളില്‍ ചെന്നാകാം ലിഗ മരിച്ചതെന്നാണ് കരുതുന്നത്. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമെ ഇതില്‍ വ്യക്തത വരികയുളളു. ലിഗയുടെ മൃതദേഹം സർക്കാർ ചെലവിൽ നാട്ടിലെത്തിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചിട്ടുണ്ട്. ലിഗയുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നതായും അദ്ദേഹം അറിയിച്ചു.. ‘അവർക്ക് അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപ അനുവദിക്കും. അടുത്ത ദിവസം തന്നെ ഈ തുക കൈമാറുമെന്ന് ലിഗയുടെ സഹോദരി ഇൽസിയെ നേരിൽ കണ്ട് സംസ്ഥാന ടൂറിസം ഡയറക്ടർ പി.ബാലകിരൺ ഐ.എ.എസ് അറിയിച്ചിട്ടുണ്ട്.

കടുത്ത വിഷാദ രോഗത്തിനുള്ള ചികിത്സാർത്ഥം ഫെബ്രുവരി 3ന് സഹോദരി ഇൽസിയോടൊപ്പം തിരുവനന്തപുരം പോത്തൻകോട്ടെ സ്വകാര്യ ആയുർവേദ ചികിത്സാ കേന്ദ്രത്തിലെത്തിയ ലിഗയെ മാർച്ച് 14ന് അവിടെ നിന്ന് കാണാതാവുകയായിരുന്നു. ലിഗയുടെ കാര്യത്തിൽ ചികിത്സാ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് വേണ്ട മുൻകരുതൽ ഉണ്ടായിരുന്നില്ല എന്നാണ് കരുതുന്നത്. ഇക്കാര്യത്തിൽ എന്തെങ്കിലും വീഴ്ച്ച സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ