തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ സ്വദേശിനി ലിഗയുടെ രാസപരിശോധനാ ഫലം വൈകുന്നു. 35ദിവസം പഴക്കമുള്ള മൃതദേഹത്തിൽ നിന്ന് തെളിവുകൾ ശേഖരിക്കാനാവാതിരുന്നതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. ആന്തരിക അവയവങ്ങളുടെ ഫൊറൻസിക്, രാസ പരിശോധനാ ഫലം ലഭിച്ചാലേ മാനഭംഗം നടന്നിട്ടുണ്ടോ എന്നതിലടക്കം വ്യക്തത വരൂ.

പൂനംതുരുത്തിലെ കണ്ടൽകാട്ടിൽ ഒരു അതിഥിയുണ്ടെന്ന് കസ്റ്റഡിയിലുള്ള ഉമേഷ് പറഞ്ഞതായും മൂന്നുപേർ ചേർന്ന് ലിഗയെ കാട്ടിൽ ഓടിക്കുന്നത് കണ്ടെന്നും മൊഴികളുണ്ട്. എന്നാൽ ബീച്ചിൽ വച്ച് ലിഗയെ കണ്ടെന്നും സിഗരറ്റ് ചോദിച്ചപ്പോൾ നൽകിയില്ലെന്നുമാണ് രണ്ട് പ്രതികൾ പൊലീസിനോട് പറഞ്ഞത്. കാര്യങ്ങൾ വ്യക്തമായി ഓർക്കുന്നില്ലെന്നാണ് മറ്റൊരാളുടെ മൊഴി. ഇവരുടെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിക്കുന്നുണ്ട്.

വിദേശരാജ്യങ്ങളും ഏജൻസികളും നിരീക്ഷിക്കുന്ന കേസായതിനാൽ അന്വേഷണം പഴുതടച്ചതാവണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ അന്വേഷണസംഘത്തിന് നിർദേശം നൽകി. പനത്തുറ വടക്കേക്കുന്നിലെ സഹോദരങ്ങളടക്കം മൂന്നുപേരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. ഇവർ അടിപിടി, കഞ്ചാവ് വിൽപ്പന കേസുകളിൽ പ്രതികളാണ്.

കസ്റ്റഡിയിലുള്ള മൂന്ന് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താനും പഴുതടച്ച കുറ്റപത്രം തയ്യാറാക്കാനുമുളള തെളിവുശേഖരണത്തിലാണ് പൊലീസ്. തീവ്രനിലപാടുള്ള ഒരു ദലിത് സംഘടനയുമായി ബന്ധമുള്ളവരാണ് കസ്റ്റഡിയിലുള്ള മൂന്നുപേരെന്ന് പൊലീസ് പറഞ്ഞു. അഭിഭാഷകർ പഠിപ്പിച്ചുവിട്ടതുപോലെ പരസ്‌പരവിരുദ്ധമായ മൊഴി നൽകി ഇവർ പൊലീസിനെ കുഴപ്പിക്കുകയാണെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.