തിരുവനന്തപുരം: തിരുവനന്തപുരത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച ലിത്വാനിയൻ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ സംസ്ഥാന സർക്കാരിന് നന്ദി പറഞ്ഞ് സഹോദരി ഇൽസി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് വിദേശ വനിത സഹായങ്ങൾക്ക് നന്ദി അറിയിച്ചത്.
ലിഗ കാണാതായതിനെ തുടർന്നുണ്ടായ വിഷമഘട്ടത്തിൽ സർക്കാരിൽനിന്ന് പൂർണ്ണ പിന്തുണ ലഭിച്ചിരുന്നുവെന്ന് ഇൽസി പറഞ്ഞു. ചില മാധ്യമങ്ങളിൽ സർക്കാരിനെതിരെ തെറ്റായ പ്രചരണം വന്നതിൽ അതിയായ ദുഃഖമുണ്ടെന്നും അതിന് ക്ഷമ ചോദിക്കുന്നതായി ഇൽസി പറഞ്ഞതായും മുഖ്യമന്ത്രി പിന്നീട് പറഞ്ഞു.
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനോടൊപ്പമാണ് ഇലിസ് മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസിൽ സന്ദർശിച്ചത്.
നിയമനടപടികൾ പൂർത്തിയായതിനാൽ ലിഗയുടെ മൃതദേഹം മേയ് 3 വ്യാഴാഴ്ച തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും. ടൂറിസം വകുപ്പ് മുൻകൈയെടുത്ത് മെയ് ആറിന് ഞായറാഴ്ച നിശാഗന്ധിയിൽ ലിഗ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കണമെന്ന ആഗ്രഹവും ഇലിസ് പ്രകടിപ്പിച്ചു.