തൃശൂർ: ലെെഫ് മിഷൻ ഫ്ലാറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ പോര് ശക്തമാകുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണത്തിൽ അഴിമതി ആരോപിച്ച അനിൽ അക്കര എംഎൽഎയ്‌ക്ക് മന്ത്രി എ.സി.മൊയ്‌തീന്റെ വക്കീൽ നോട്ടീസ്. ഒരു കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

വടക്കാഞ്ചേരി ഫ്ലാറ്റ് ഇടപാടുമായി ബന്ധപ്പെട്ട് മന്ത്രി എ.സി.മൊയ്‌തീനെതിരെ അനിൽ അക്കര രംഗത്തെത്തിയിരുന്നു. ഇടപാടിൽ ഇടനിലക്കാരനും ഉപകരണവുമാണ് മന്ത്രിയെന്നായിരുന്നു അനിൽ അക്കരയുടെ ആരോപണം. നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന 20 കോടിയുടെ നിർമാണത്തിനു അനുമതി നൽകിയിട്ടുണ്ടെന്ന് പറയുന്ന മൊയ്‌തീൻ ഇപ്പോൾ നടക്കുന്ന നിർമാണത്തിന്റെ രേഖകളും റെഡ് ക്രസന്റുമായി ഒപ്പുവച്ച കരാറും പുറത്തുവിടുകയാണ് വേണ്ടതെന്ന് അനിൽ അക്കര പറഞ്ഞിരുന്നു.

ലൈഫ് മിഷനുവേണ്ടി യുഎഇ റെഡ് ക്രസന്റ് എന്ന സംഘടന സൗജന്യമായി നിർമിച്ചു നൽകുന്ന ഫ്ലാറ്റ് സമുച്ചയ നിർമാണത്തിന്റെ ഇടനിലക്കാരനായി മന്ത്രി എ.സി.മൊയ്‌തീൻ അഴിമതി നടത്തിയെന്നാണ് അനിൽ അക്കരയുടെ ആരോപണം. 140 യൂണിറ്റുള്ള ഭവനസമുച്ചയത്തിൽ നാലുകോടിയുടെ അഴിമതി നടന്നതായും ഇതിൽ രണ്ടുകോടി മന്ത്രി എ.സി.മൊയ്‌തീന് കൈമാറിയെന്നുമാണ് ആരോപണം. ഉന്നയിക്കുന്ന ആരോപണത്തിനു തെളിവുകൾ ഹാജരാക്കുക അല്ലെങ്കിൽ പ്രസ്‌താവന പിൻവലിക്കുക എന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. വീ‌ഴ്‌ച വരുത്തിയാൽ അപകീർത്തിക്ക് ക്രിമിനൽ ഫയലാക്കുമെന്നും അറിയിച്ചാണ് അഡ്വ.കെ.ബി.മോഹൻദാസ് മുഖേന എ.സി.മൊയ്‌തീൻ നോട്ടീസ് അയച്ചത്.

Read Also: വീണ്ടും സമ്പൂർണ അടച്ചുപൂട്ടലോ? മറുപടി നൽകി മുഖ്യമന്ത്രി

എന്നാൽ, ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി എ.സി.മൊയ്‌തീൻ പറഞ്ഞു. അനിൽ അക്കര എംഎൽഎ നടത്തുന്നത് രാഷ്ട്രീയ പ്രചാര വേലയാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ലെെഫ് മിഷനെതിരായ ആരോപണങ്ങളെ സർക്കാരും തള്ളികളയുന്നു. എന്തൊക്കെ രാഷ്ട്രീയ ആരോപണങ്ങൾ ഉണ്ടായാലും ലെെഫ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.