തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള കൂടുതൽ കരാർ വിവരങ്ങൾ പുറത്ത്. ലൈഫ് മിഷന്‍ പദ്ധതിയിൽ അട്ടിമറിയുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിൽ ഫ്‌ളാറ്റ് നിർമിക്കാനും ആശുപത്രി നിർമിക്കാനുമുള്ള കരാറിൽ റെഡ്‌ക്രസൻഡിനു പകരം യുഎഇ കോൺസുലേറ്റ് ജനറലാണ് ഒപ്പിട്ടിരിക്കുന്നത്.

2019 ജൂലൈയിൽ വടക്കാഞ്ചേരിയിൽ ഫ്‌ളാറ്റ് നിർമാണത്തിനു സഹായം നൽകുന്നതിനായി സർക്കാരിനുവേണ്ടി ലൈഫ് മിഷൻ സിഇഒയും യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ്‌ക്രസൻഡും തമ്മിൽ ധാരണാപത്രം ഒപ്പിട്ടിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഒരു ഉപകരാർ ഉണ്ട്. ഈ ഉപകരാറിൽ റെഡ്‌ക്രസൻഡിനു പകരം കേരളത്തിലെ യുഎഇ കോൺസുലേറ്റ് ജനറലാണ് ഒപ്പിട്ടിരിക്കുന്നത്. സംസ്ഥാന സർക്കാരോ റെഡ്‌ക്രസൻഡോ കരാറിൽ ഭാഗമല്ല. മറിച്ച് കരാർ കമ്പനിയായ യൂണിടെകും യുഎഇ കോൺസുലേറ്റുമാണ് ഉപകരാറിൽ ഒപ്പിട്ടിരിക്കുന്നത്.

Read More: ലൈഫ് മിഷന്‍ വിവാദം: പ്രതിപക്ഷം പാവങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്ന് ടിപി രാമകൃഷ്ണന്‍

കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെയാണ് യുഎഇ കോൺസുലേറ്റ് ഈ കരാറിൽ ഒപ്പിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ടെന്‍ഡര്‍ മുഖേനെയാണ് യുണിടാക്കിനെ നിർമാണ കമ്പനിയായി തിരഞ്ഞെടുത്തതെന്ന് കരാറിൽ പറയുന്നുണ്ട്. ഫ്‌ളാറ്റ് സമുച്ചയത്തിനായി 70 ലക്ഷം യുഎഇ ദിര്‍ഹത്തിന്റെ കരാറാണ് യുണിടാക്കും യുഎഇ കോണ്‍സുലേറ്റും തമ്മില്‍ ഒപ്പുവെച്ചിരിക്കുന്നത്.

ഫ്‌ളാറ്റ് സമുച്ചയത്തോടൊപ്പം വടക്കാഞ്ചേരിയിൽ കുട്ടികള്‍ക്കും അമ്മമാര്‍ക്കുമുള്ള ആശുപത്രി പണിയുന്നതിനായി മറ്റൊരു കരാറുണ്ട്. എറണാകുളത്തെ സെന്റ്.വെഞ്ചേഴ്‌സ് എന്ന സ്ഥാപനവുമായാണ് ആശുപത്രി നിര്‍മാണത്തിനുള്ള കരാറിൽ യുഎഇ കോൺസുലേറ്റ് ഒപ്പിട്ടിരിക്കുന്നത്. 30 ലക്ഷം ദിര്‍ഹത്തിന്റെതാണ് കരാർ. ഇതിലും യുഎഇ കോൺസുലേറ്റ് ജനറലാണ് ഒപ്പിട്ടിരിക്കുന്നത്. സെന്റ്.വെഞ്ചേഴ്‌സ് എന്ന സ്ഥാപനത്തെ കരാർ കമ്പനിയായി തിരഞ്ഞെടുത്തത് ടെൻഡറിലൂടെയാണെന്നും ഈ കരാറിൽ പറയുന്നുണ്ട്.

അതേസമയം, യുഎഇ കോൺസുലേറ്റും യൂണിടാക്കും തമ്മിലുള്ള ഇടപാടുകളാണ് ഇപ്പോഴത്തെ ആരോപണങ്ങൾക്ക് കാരണമെന്ന് സംസ്ഥാന സർക്കാരിന്റെ ന്യായീകരണം കൂടുതൽ ബലപ്പെടുകയാണ്. ലൈഫ് മിഷൻ ഇടപാടുകളിൽ അഴിമതികളൊന്നും ഉണ്ടായിട്ടില്ലെന്ന് സർക്കാർ ആവർത്തിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook