തിരുവനന്തപുരം: ലെെഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ലെെഫ് പദ്ധതിയെ അട്ടിമറിക്കാനും കരിവാരിത്തേയ്‌ക്കാനും ചില മാധ്യമങ്ങൾ അടക്കം ശ്രമിക്കുന്നതായി പിണറായി ആരോപിച്ചു. തങ്ങളുടെ ജീവിതത്തിൽ ഒരിക്കലും സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ സാധിക്കില്ലെന്ന് കരുതിയിരുന്നവർക്ക് ലെെഫ് മിഷൻ പദ്ധതിയിലൂടെ വീട് ലഭിച്ചെന്നും ഈ പദ്ധതിയെ കരിവാരിത്തേയ്‌ക്കുന്ന തരത്തിലാണ് പലരും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

“ലെെഫ് മിഷനിൽ മുഴുവൻ കമ്മീഷനും കെെക്കൂലിയുമാണെന്ന് സ്ഥാപിച്ചെടുക്കാനാണ് ചില മാധ്യമങ്ങളടക്കം ശ്രമിക്കുന്നത്. ലെെഫ് പദ്ധതിയിൽ രണ്ടേകാൽ ലക്ഷത്തിലേറെ വീടുകൾ നിർമിച്ചു. തങ്ങളുടെ ജീവിതകാലത്ത് സ്വന്തമായി ഒരു വീടുണ്ടാകില്ലെന്ന് കരുതിയിരുന്നവർ ഇപ്പോൾ സ്വന്തം വീടുകളിലാണ് കിടന്നുറങ്ങുന്നത്. ലെെഫ് പദ്ധതിയിൽ ഇനിയും വീടുകൾ നിർമിച്ചുനൽകാനുണ്ട്. ലെെഫ് പദ്ധതിയെ കരിവാരിതേയ്‌ക്കാൻ പലരും നെറികേടിന്റെ മാർഗങ്ങൾ സ്വീകരിക്കുന്നു. ലെെഫ് മിഷനുമായി ബന്ധമില്ലാത്ത പ്രശ്‌നങ്ങളെ പോലും ഈ പദ്ധതിയുമായി ബന്ധപ്പെടുത്താൻ നോക്കുന്നു,” പിണറായി പറഞ്ഞു. കോന്നി മെഡിക്കൽ കോളേജ് ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ജലീലിനെ കാണുമ്പോൾ ലീഗുകാരുടെ കണ്ണു പുകയും, തൊണ്ട വരളും; പരിഹസിച്ച് തോമസ് ഐസക്, ജലീലിനു പിന്തുണ

“ജനങ്ങള്‍ എന്ത് ആഗ്രഹിക്കുന്നുവോ, അതു നടക്കരുത് എന്ന ചിന്തയാണ് സംസ്ഥാനത്ത് ഒരു കൂട്ടരെ നയിക്കുന്നത്. ചില മാധ്യമങ്ങളും അതിനൊപ്പമാണ്. ഇന്ന് ഇറങ്ങിയ ഒരു പത്രത്തിന്റെ പ്രധാന തലക്കെട്ട് കണ്ടില്ലേ,  ലൈഫ് മിഷന്‍ എന്നാല്‍ കൈക്കൂലിയുടെ പദ്ധതിയെന്ന പ്രതീതി വരുത്താനല്ലേ പത്രം ശ്രമിച്ചത്. അതാണോ സ്ഥിതി? കൂരയില്ലാത്ത 2.26 ലക്ഷം കുടുംബങ്ങള്‍ക്കല്ലേ വീട് കിട്ടിയത്. അവര്‍ ഇന്ന് സ്വന്തം വീടുകളിലാണ്. ഓരോ പ്രദേശത്തും എങ്ങനെയാണ് വീടുകള്‍ പൂര്‍ത്തിയാക്കിയതെന്ന് ജനങ്ങള്‍ക്കറിയാം.  ബാക്കി വീടുകള്‍ പൂര്‍ത്തിയാക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. ഇതൊക്കെ  നാടിന്റെ നേട്ടമായും അഭിമാനമായും വരുമ്പോള്‍ അതിനെ കരിവാരിത്തേക്കണം. അതിനാണ് ഇത്തരം പ്രചാരണവും വാര്‍ത്തകളും. ഏതെങ്കിലും ഒരു കരാറുകാരനുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടന്നുവെങ്കില്‍ അതിനെ ലൈഫ് മിഷനുമായി എന്തിന് ബന്ധപ്പെടുത്തണം?

സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ മറച്ചുവെക്കണം. അതിനാണ് ഇത്തരത്തിലുള്ള പ്രചാരണം. ഇതുകൊണ്ടൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല. ഒരു ദിവസത്തെ വാര്‍ത്ത കണ്ട് അവര്‍ വിധിപറയില്ല. അവരുടെ അനുഭവം, നാടിന്റെ അനുഭവം, അതിന്മേലാണ് ജനങ്ങള്‍ വിധിയെഴുത്ത് നടത്തുക,” പിണറായി വ്യക്തമാക്കി.

ജനങ്ങളോടൊപ്പം സന്തോഷിക്കാന്‍ കഴിയാത്തവരാണ് കോന്നി മെഡിക്കല്‍ കോളേജിന്റെ ഉദ്ഘാടന പരിപാടി ബഹിഷ്‌കരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെടുകാര്യസ്ഥതകൊണ്ട് നിലച്ചുപോയ പദ്ധതി, ഈ സര്‍ക്കാര്‍ വന്നശേഷമാണ് പുനരാരംഭിച്ചത്. അതുകൊണ്ട്, പദ്ധതി ഉപേക്ഷിക്കപ്പെട്ടതിന് കാരണക്കാരായവര്‍ക്ക് ജാള്യമുണ്ടാകുന്നതു സ്വാഭാവികമാണ്. പൂര്‍ണ തോതിലുള്ള മെഡിക്കല്‍ കോളേജാണ് കോന്നിയില്‍ യാഥാര്‍ഥ്യമാകുന്നത്. ഈ ഘട്ടത്തില്‍ സന്തോഷിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിയുന്നില്ല. നാട്ടില്‍ ഇതൊന്നും നടക്കരുത്. നടക്കുന്നതിന്റെ ശോഭകെടുത്തണം, മറച്ചുവയ്ക്കണം, ഈ മാനസികനിലയാണ് ഇവരെ നയിക്കുന്നത്. ഇവര്‍ക്ക് സഹിക്കാനാവാത്ത ഒട്ടേറെ കാര്യങ്ങള്‍ നാലരവര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ട്. ആരോഗ്യരംഗത്തെ വളര്‍ച്ച വേറിട്ടുനില്‍ക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു

Read Also: ‘നമ്മുടെ മൂല്യങ്ങൾ സ്വവർഗ വിവാഹത്തെ അംഗീകരിക്കുന്നില്ല’; കേന്ദ്രം ഡൽഹി ഹൈക്കോടതിയിൽ

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് പ്രധാനമായും സഹായിച്ചത് നമ്മുടെ മെച്ചപ്പെട്ട ആരോഗ്യസംവിധാനമാണ്. പ്രാഥമികാരാഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യം വന്നു. ഇത്തരം നേട്ടങ്ങള്‍ രാജ്യവും ലോകവും അംഗീകരിക്കുമ്പോഴും അംഗീകരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയില്‍ ഒരു വിഭാഗമുണ്ട്. കോവിഡ്-19 വ്യാപനം നാം നിയന്ത്രിച്ചു നിര്‍ത്തിയതുപോലും അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. രോഗം വ്യാപിപ്പിക്കുന്നതിന് ഉതകുന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.