തിരുവനന്തപുരം: ലൈഫ് മിഷൻ സംബന്ധിച്ച സിബിഐ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ  ഹൈക്കോടതിയെ സമീപിച്ചു. സിബിഐ കോടതിയിൽ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ യു.വി.ജോസ് ഹർജി നൽകിയത്.

പേര് പറയാതെ ലൈഫ് മിഷനിലെ ഉദ്യോഗസ്ഥരെ എതിർ കക്ഷികളാക്കിസിബിഐ സമര്‍പ്പിച്ച എഫ്‌ഐആറിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. സിബിഐ കൊച്ചി യൂണിറ്റ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ സമര്‍പ്പിച്ച എഫ്‌ഐആറിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലൈഫ് മിഷന്‍ സി.ഇ.ഒ എന്നിവരെയാണു യോഗം ചുമതലപ്പെടുത്തിയത്. കോടതിയെ സമീപിക്കാമെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.

ഭവനരഹിതരായവർക്ക് പാർപ്പിടം നൽകാനുള്ള ലൈഫ് പദ്ധതിയുടെ നടത്തിപ്പിന് യൂണിടാക്, സാൻ വെഞ്ചേഴ്‌സ് എന്നീ കമ്പനികൾ യുഎഇയിലെ റെഡ്ക്രസന്റിൽ നിന്നും പണം കൈപ്പറ്റിയതിൽ അപാകതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി. വിദേശ ഫണ്ട് വാങ്ങുന്നതിന് നിയമപ്രകാരം വിലക്കുള്ളവയുടെ പട്ടികയിൽ വരുന്നതല്ല രണ്ട് കമ്പനികളും. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിലും ഇത്തരം കമ്പനികൾക്ക് വിലക്കില്ല. കമ്പനികൾ ഏറ്റെടുക്കുന്ന ജോലികൾക്ക് പണം സ്വീകരിക്കാം. ഇതിന് നിയമത്തിൽ തന്നെ വ്യവസ്ഥയുണ്ട്. വിദേശ ഫണ്ട് വാങ്ങുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളവരിൽ സർക്കാരോ സർക്കാർ ഏജൻസികളോ ഉൾപ്പെടില്ല. 2020 ജനുവരി 30 ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ സിഎജി ഓഡിറ്റിന് വിധേയമായ സർക്കാർ ഏജൻസികൾക്ക് വിദേശ ഫണ്ട് വാങ്ങുന്നതിൽ വിലക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ലൈഫ് പദ്ധതിക്ക് കേന്ദ്ര നിയമ പ്രകാരം വിലക്കില്ലെന്നും ഹർജിയിൽ പറയുന്നു.

Read Also: ലെെഫ് മിഷൻ പദ്ധതി: സർക്കാരിനെ ന്യായീകരിച്ച് കോടിയേരി

അനിൽ അക്കര എംഎൽഎയുടെ പരാതിയിൽ കേസെടുത്ത സിബിഐയുടെ നടപടി നിയമാനുസൃതമല്ല. പരാതിയിലെ ആരോപണങ്ങൾ പൂർണമായി ശരിവച്ചാൽത്തന്നെ അത് കുറ്റകൃത്യമാവുന്നില്ല. പല കേസുകളും അന്വേഷിക്കാൻ വിസമ്മതം പ്രകടിപ്പിക്കുന്ന സിബിഐ ഈ കേസ് അന്വേഷണത്തിന് തിടുക്കം കാട്ടുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ട്. നിയമാനുസൃതമുള്ള പ്രാഥമിക അന്വേഷണം നടത്താതെയാണ് സിബിഐ കേസെടുത്തതെന്നും ഹർജിയിൽ പറയുന്നു.

സിബിഐയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രഥമ വിവര റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടും തമ്മിൽ പൊരുത്തക്കേടുണ്ട്. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ തിരിച്ചറിയാത്ത സർക്കാർ ഉദ്യോഗസ്ഥർ പ്രതികളാണെന്ന് സംശയിക്കുന്നതായി പറയുന്നുവെങ്കിലും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ലൈഫ് മിഷനിലെ തിരിച്ചറിയാത്ത ഉദ്യോഗസ്ഥരെയാണ് സംശയിക്കുന്നത്. ഇതിൽ നിന്നും സിബിഐയുടെ പൊള്ളത്തരം വെളിവാകും.

ഫ്ലാറ്റ് നിർമ്മാണത്തിന് ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലാണ് കരാർ. പദ്ധതിയുടെ നിർമ്മാണം ഏറ്റെടുക്കുന്ന കരാറുകാരുമായി സർക്കാരിനോ ലൈഫ് മിഷനോ നേരിട്ട് ബന്ധമുണ്ടാവില്ലെന്ന് കരാറിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി നടത്തിപ്പിലെ ക്രമക്കേടു സംബന്ധിച്ചുള്ള ആരോപണങ്ങളിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി വരികയാണെന്നും ഭവനരഹിതരെ സഹായിക്കാനുള്ള സർക്കാർ പദ്ധതിക്ക് അവമതിപ്പുണ്ടാക്കാനും പദ്ധതി തടയാനുമാണ് രാഷട്രീയ പ്രേരിതമായ സിബിഐ കേസെന്നും ഹർജിയിൽ പറയുന്നു. ഹർജി കോടതി വ്യാഴാഴ്‌ച പരിഗണിക്കും.

Read Also: കേരളത്തിൽ സ്ഥിതി അതീവ ഗുരുതരം; തീവ്ര രോഗവ്യാപനം, ആശങ്ക

സിബിഐ അന്വേഷണത്തെ എതിർത്ത് ഇടതുമുന്നണിയും ഇന്നലെ രംഗത്തെത്തിയിരുന്നു. ലെെഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണം രാഷ്‌ട്രീയ പ്രേരിതമെന്ന് ഇടതുമുന്നണി ആരോപിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനത്തെ വികസനം തടയാൻ ശ്രമം നടക്കുന്നതായി എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. ലെെഫ് മിഷനിലെ സിബിഐ അന്വേഷണത്തെ ഒറ്റക്കെട്ടായി എതിർക്കാൻ ഇന്നലെ ചേർന്ന ഇടതുമുന്നണിയോഗത്തിൽ ധാരണയായിരുന്നു. സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്‌ടിക്കുന്നതാണ് സിബിഐ അന്വേഷണമെന്ന് ഇടതുമുന്നണി കൺവീനർ പറഞ്ഞു.

Read Also; സൈബര്‍ അധിക്ഷേപങ്ങൾ നേരിടാൻ നിയമനിർമാണത്തിനൊരുങ്ങി സർക്കാർ

സിബിഐ അന്വേഷണത്തെ അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ഓർഡിനൻസിനു നീക്കം നടത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ ഇങ്ങനെയൊരു കാര്യം ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരമൊരു നീക്കം നടത്തിയിട്ടുണ്ട്. സിബിഐ അന്വേഷണത്തിനെതിരെ ചില കോൺഗ്രസ് സർക്കാരുകൾ ഓർഡിനൻസ് കൊണ്ടുവന്നതുപോലെ തങ്ങൾ ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.