തിരുവനന്തപുരം: രണ്ടര ലക്ഷം കുടുംബങ്ങൾക്കും സർക്കാരിനും ഇത് അഭിമാന നിമിഷം. രണ്ടര ലക്ഷം കുടുംബങ്ങളുടെ ഭവനമെന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് സർക്കാർ. ലൈഫ് മിഷൻ പദ്ധതിവഴി രണ്ടര ലക്ഷം വീടുകൾ പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു. ലൈഫ് മിഷൻ പദ്ധതിയിലൂടെ വീട് ലഭിച്ച തിരുവനന്തപുരം വട്ടിയൂർക്കാവ് പാപ്പാടിലെ പ്രഭ എന്ന വീട്ടമ്മയുടെ ഗൃഹപ്രവേശന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കുകയും ചെയ്തു.

pinarayi vijayan, ie malayalam

സംസ്ഥാന സർക്കാരുകൾ ആരംഭിച്ച മിഷനുകളെല്ലാം വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തശേഷം പറഞ്ഞു. ലൈഫ് പദ്ധതിയിൽ രണ്ടരലക്ഷം വീടുകളുടെ പൂർത്തീകരണം അഭിമാനകരമാണ്. രാജ്യത്തിന് തന്നെ മാതൃകയാണ് ലൈഫ് പദ്ധതി. സമാനതകളില്ലാത്ത പാർപ്പിട വികസന പദ്ധതിയാണ് ലൈഫ്. എല്ലാവർക്കും അന്തസോടെ ജീവിക്കാനുളള അവസരം ഒരുക്കുകയാണ് സർക്കാർ. ജനോപകാര പദ്ധതികൾ സർക്കാർ അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് മിഷൻ പദ്ധതിയിലൂടെ 2,50,547 വീടുകളാണ് പൂർത്തിയാക്കിയത്. നാലര വർഷം കൊണ്ട് 2.5 ലക്ഷം കുടുംബങ്ങളാണ് പുതിയ വീട് സ്വന്തമാക്കിയത്. നിര്‍മ്മാണത്തിനായി 8,823. 20 കോടി രൂപയാണ്‌ ചെലവഴിച്ചത്‌. ഈ വർഷം ഒന്നര ലക്ഷം പുതിയ വീടുകൾ കൂടി നിർമ്മിച്ചു നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനം. ഭൂരഹിതരും ഭവനരഹിതരുമായ 1.35 ലക്ഷം കുടുംബങ്ങൾക്കാണ് മുൻഗണന നൽകുക.

Read More: വടക്കാഞ്ചേരി ഭവനപദ്ധതി: ആർക്കും ഭൂമി കൈമാറിയിട്ടില്ലെന്ന് സർക്കാർ

വടക്കാഞ്ചേരി ലൈഫ് പദ്ധതി വിവാദത്തിൽപ്പെട്ടിരിക്കെയാണ് സർക്കാർ രണ്ടരലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം നടത്തിയത്. വടക്കാഞ്ചേരിയിലെ 2.17 ഏക്കർ സർക്കാർ ഭൂമിയിൽ 140 ഫ്ലാറ്റുകൾ നിർമിക്കുന്നതിനായി 2019 ജൂലൈ 11നാണ് യുഎഇ റെഡ് ക്രസന്റുമായി സംസ്ഥാന സർക്കാർ ധാരണയിലെത്തിയത്. എന്നാൽ ലൈഫ് മിഷൻ പദ്ധതിയ്ക്ക് കീഴിൽ യുഎഇ റെഡ് ക്രസന്റുമായി യുണിടാക് ഉണ്ടാക്കിയ കരാർ നിയമാനുസൃതമല്ലെന്നുമാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതിയുടെ മറവിൽ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. 20 കോടിയുടെ ലൈഫ് മിഷൻ പദ്ധതിയിൽ 9 കോടി രൂപയുടെ അഴിമതി നടന്നിട്ടുള്ളതായി ആരോപണമുന്നയിച്ച് അനിൽ അക്കരെ എംഎൽഎയും സിബിഐയ്ക്ക് പരാതി നൽകിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook