കൊച്ചി: ലൈഫ്മിഷൻ പദ്ധതിയുടെ ധാരണാ പത്രത്തിൽ കള്ളക്കളി നടന്നിട്ടുണ്ടെന്നും ലൈഫ്മിഷനിലെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ക്രമക്കേടിൽ പങ്കുണ്ടെന്നും ഹൈക്കോടതി. കോഴ ഇടപാടിന് വേണ്ടി ലൈഫ് മിഷൻ ഉദ്യോഗസ്ഥരുടെ അറിവോടെ യുഎഇ കോൺസുൽ ജനറലും കൂട്ടാളികളും ബോധപൂർവം ക്രമക്കേട് നടത്തിയെന്നും കോടതി കണ്ടെത്തി.
ലൈഫ് മിഷനിൽ നടന്ന ക്രമക്കേടിൽ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ പങ്കില്ല. ലൈഫ്മിഷനിലെ ഐഎഎസ് ഉദ്യോഗസ്ഥർക്കും കോൺസൽ ജനറലിന്റെ കൂട്ടാളികളായ സ്വപ്ന സുരേഷിനും സരിത്തിനും സന്ദീപ് നായർക്കും ക്രമക്കേടിൽ പങ്കുണ്ടന്നും കോടതി വ്യക്തമാക്കി.
Also Read: ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാം, രാഷ്ടീയ നേതൃത്വത്തിനു പങ്കില്ല: ഹൈക്കോടതി
പ്രളയബാധിതർക്ക് സർക്കാർ ഭൂമിയിൽ വീടും ആശുപത്രിയും നിർമിച്ചു നൽകാനുള്ള സഹായം വാഗ്ദാനം ചെയ്ത ധാരണാപത്രത്തിൽ യുഎഇ കോൺസുൽ ജനറലും സന്തോഷ് ഈപ്പന്റെ ഉടമസ്ഥതയിലുള്ള കമ്പനികളായ യുണിടാക്കും സെയിൻ വെഞ്ചേഴ്സുമാണ് പങ്കാളികൾ. ഈ ധാരണാപത്രത്തിൽ യുഎഇ റെഡ്ക്രസന്റോ,ലൈഫ്മിഷനോ പങ്കാളിയല്ല. എന്നാൽ പദ്ധതി നടത്തിപ്പിനുള്ള ധാരണാപത്രത്തിൽ ലൈഫ്മിഷനും റെഡ് ക്രസന്റും യൂണിടാക്കുമാണ് കക്ഷികൾ.
Also Read: ഗൂഡാലോചനയെന്ന് ആരോപണം; കടയ്ക്കാവൂര്‍ കേസില്‍ കുട്ടിയുടെ വൈദ്യപരിശോധന വീണ്ടും നടത്തും
ഇടപാടിൽ കള്ളക്കളി നടത്തുന്നതിനായിരുന്നു ഇത്തരത്തിൽ ധാരണാപത്രമെന്നും ലൈഫ്മിഷൻ ഉദ്യോഗസ്ഥരുടെ അറിവോടെ യുഎഇ കോൺസുൽ ജനറലും കൂട്ടാളികളായ സ്വപ്‌നയും സരിത്തും സന്ദീപ് നായരും ഗുഡാലോചന നടത്തിയെന്നും കോടതി വ്യക്തമാക്കി. വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ പരിധിയിൽ വരും വിധം സർക്കാരോ ലൈഫ് മിഷനോ പണം സ്വീകരിച്ചിട്ടില്ലന്നത് വസ്തുതയാണ്.
എന്നാൽ പ്രളയ ദുരന്തത്തിനിരയായവർക്ക് വീട് വെച്ചു നൽകാനുളള കരാറിൽ ലൈഫ് മിഷനും യുണിടാക്കും പങ്കാളിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കരാർ ലഭിക്കുന്നതിന് കോഴ നൽകിയതായി യുണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ തന്നെ സമ്മതിച്ചിട്ടുണ്ടന്നും കോടതി പറഞ്ഞു. ടെൻഡർ കൂടാതെ യുണിടാക്കിന് നേരിട്ട് കരാർ നൽകിയത് സിഎജിഒ സിറ്റിംഗിൽ നിന്ന് ഒഴിവാക്കാനുള്ള ഗൂഢശ്രമമായിരുന്നെന്നും കോടതി നിരീക്ഷിച്ചു.
സർക്കാരിൽ രാഷ്ടീയവും രാഷ്ടീയേതരവുമായ ഭരണ നിർവണ സംവിധാനമുണ്ടെന്നും രാഷ്ടീയേതര സംവിധാനത്തിന്റെ ചട്ടക്കൂട് ഐഎഎസുകാർ അടങ്ങുന്ന ഉദ്യോഗസ്ഥ വൃന്ദമാണന്നും കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങുന്ന രാഷ്ടീയ സംവിധാനം എടുക്കുന്ന നയ തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കാനുള്ള ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണ്.