കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ എം. ശിവശങ്കറിന്റെ ജാമ്യ ഹര്‍ജിയിൽ ഹൈക്കോടതി ഇ.ഡി നിലപാട് തേടി. കേസ് പരിഗണിക്കുന്നത് ഈ മാസം 23 ലേക്ക് മാറ്റി. ജസ്റ്റിസ് ബദറുദ്ധീനാണ് ശിവശങ്കറിന്റെ ജാമ്യ ഹർജി പരിഗണിച്ചത്.
കളപ്പണം വെളുപ്പിക്കലാണ് ശിവശങ്കറിനെതിരെയുള്ള കേസ് തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ പ്രളയ ബാധിതര്‍ക്ക് വേണ്ടിയുള്ള 19 കോടി രൂപയുടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്ന് കമ്മീഷനായി വാങ്ങി 4.50 കോടി തട്ടിയെടുത്തെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ആരോപണം. ശിവശങ്കറുടെ ജാമ്യാപേക്ഷ നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ആരോഗ്യ സ്ഥിതി മോശമാണെന്നും ഇത് കണക്കിലെടുക്കാതെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്ത് പീഡിപ്പിക്കുകയാണെന്നുമാണ് ശിവശങ്കറിന്റെ ഹര്‍ജിയിലെ ആരോപണം. കേസിലെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യ സ്ഥിതി പോലും പരിഗണിക്കാതെയാണ് തന്നെ മാത്രം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ചികിത്സാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
ലൈഫ് മിഷന്‍ പദ്ധതിക്കായി യുഎഇ റെഡ് ക്രസന്റ് നല്‍കിയ സാമ്പത്തിക സഹായത്തില്‍ നിന്ന് നേട്ടമുണ്ടാക്കിയെന്നതാണ് ശിവശങ്കറിനെതിരായ കേസ്. കേസില്‍ ശിവശങ്കര്‍ ഒമ്പതാം പ്രതിയാണ്. കേസില്‍ പ്രത്യേക സാമ്പത്തിക കോടതി ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്.