കൊച്ചി: ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസിൽ നിന്നും സിബിഐ മൊഴിയെടുക്കുന്നു. ലെെഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്നാണ് മൊഴിയെടുക്കുന്നത്. ജോസും രണ്ട് ഉദ്യോഗസ്ഥരും കൊച്ചി സിബിഐ ഓഫിസിലെത്തി. വടക്കാഞ്ചേരി നഗരസഭ സെക്രട്ടറിയും സിബിഐ ഓഫീസിൽ ഹാജരായി.

ലൈഫ് മിഷൻ സിഇഒ എന്ന നിലയിൽ റെഡ് ക്രസന്റുമായി സംസ്ഥാന സർക്കാരിന് വേണ്ടി കരാറിൽ ഒപ്പിട്ടത് യു.വി.ജോസായിരുന്നു. കരാറുമായി ബന്ധപ്പെട്ട രേഖകൾ പലതും കൃത്യമല്ലെന്ന ആക്ഷേപം, നാല് കോടിയിലേറെ രൂപയുടെ കമ്മീഷൻ ആരോപണം എന്നിവയിൽ യു.വി.ജോസിനോട് ചോദ്യങ്ങളുണ്ടാകും.

ലൈഫ് മിഷന്‍ പദ്ധതിയുടെ മറവില്‍ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് സിബിഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസിനെ ചോദ്യംചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. യൂണിടാക്കിന്റെ തൃശൂര്‍, തിരുവനന്തപുരം, എറണാകുളം ഓഫീസുകളില്‍ നിന്ന് പിടിച്ചെടുത്ത ബാങ്ക് ഇടപാട് രേഖകള്‍ സിബിഐ പരിശോധിച്ചിരുന്നു.

Read Also: ഓപ്പറേഷൻ പി ഹണ്ട്: കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച 41 പേർ അറസ്റ്റിൽ

അതേസമയം, ലൈഫ് മിഷന്‍ കേസിലെ സിബിഐ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നു. ലൈഫ് മിഷൻ കരാർ സർക്കാർ പദ്ധതിയുടെ ഭാഗമാണെന്നും ലൈഫ് മിഷൻ സിഇഒ സർക്കാർ പ്രതിനിധിയാണെന്നും അതിനാൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നാണ് സിബിഐ നിരീക്ഷണം.

പദ്ധതിക്കായി അനുവാദമില്ലാതെ വിദേശസഹായം സ്വീകരിച്ചെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യൂണിടാകും കോണ്‍സുലേറ്റും തമ്മിലാണ് പണമിടപാട് കരാര്‍ നടന്നതെങ്കിലും ഇതിലെ രണ്ടാം കക്ഷി സര്‍ക്കാരായിരിക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വിദേശസഹായം സ്വീകരിച്ചിട്ടില്ലെന്ന വാദം നിലനില്‍ക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വിദേശസഹായം സ്വീകരിച്ചതിന്റെ പ്രയോജനം സര്‍ക്കാരിനാണ്. സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിടം പണിയാന്‍ കോണ്‍സുലേറ്റിന് അനുമതി കൊടുത്തതിനെപ്പറ്റിയും റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു. ഉദ്യോഗസ്ഥ അഴിമതി അന്വേഷിക്കണമെന്നും സിബിഐ നിര്‍ദേശിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.