തിരുവനന്തപുരം: ലെെഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണം രാഷ്‌ട്രീയ പ്രേരിതമെന്ന് ഇടതുമുന്നണി. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനത്തെ വികസനം തടയാൻ ശ്രമം നടക്കുന്നതായി എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. ലെെഫ് മിഷനിലെ സിബിഐ അന്വേഷണത്തെ ഒറ്റക്കെട്ടായി എതിർക്കാൻ ഇന്നു ചേർന്ന ഇടതുമുന്നണിയോഗത്തിൽ ധാരണയായി. സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്‌ടിക്കുന്നതാണ് സിബിഐ അന്വേഷണമെന്ന് ഇടതുമുന്നണി കൺവീനർ പറഞ്ഞു.

Read Also; കോവിഡിന്റെ പേരിൽ സമരങ്ങൾ നിർത്തില്ല, ജനാധിപത്യപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ട്: കെ.സുരേന്ദ്രൻ

ആരോപണവുമായി ചെന്നിത്തല

സർക്കാരിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് സിബിഐയുടെ പ്രവർത്തനം നിയന്ത്രിക്കാൻ ഓർഡിനൻസിന് നീക്കം നടക്കുന്നതായി ചെന്നിത്തല ആരോപിച്ചു. സിബിഐയുടെ അന്വേഷണം തടയാനാണ് സർക്കാർ ഓര്‍ഡിനന്‍സ് നീക്കം നടത്തുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണ്. പ്രതിപക്ഷം ഇത് ചെറുക്കും. ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുമെന്നും ആവശ്യംവന്നാൽ കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Read Also: കേന്ദ്രസർക്കാർ ഉപദ്രവിക്കുന്നു; ഇന്ത്യ വിടുന്നതായി ആംനസ്റ്റി ഇന്റർനാഷണൽസ്

ലെെഫ് മിഷൻ സിഇഒയെ ചോദ്യം ചെയ്യും

ലൈഫ് മിഷൻ സിഇഒയും തദ്ദേശവകുപ്പ് സെക്രട്ടറിയുമായ യു.വി.ജോസിനെ സിബിഐ ചോദ്യം ചെയ്യും. അടുത്ത മാസം അഞ്ചിന് ചോദ്യം ചെയ്യലിനു ഹാജരാകാൻ സിബിഐ നോട്ടീസ് നൽകി. കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാനും സിബിഐ ജോസിന് നിർദേശം നൽകി.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.