കൊച്ചി: ലൈഫ്മിഷൻ ഭവന പദ്ധതിയിലെ സഹായം വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരുമെന്നും ഇടപാടിൽ സംസ്ഥാനത്തെ ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടങ്കിൽ അന്വേഷിക്കാൻ അധികാരമുണ്ടെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. 1989 ൽ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഉത്തരവിറക്കിയിട്ടുണ്ടന്നും സിബിഐ ചൂണ്ടിക്കാട്ടി.

ഇടപാടിൽ അധോലോക ബന്ധമുണ്ട്. സരിതും സ്വപ്നയും സന്ദീപ് നായരും കുപ്രസിദ്ധ കള്ളക്കടത്തുകാരാണ്. യൂണിടാക്ക് ലൈഫ്മിഷന് നൽകിയ രേഖകൾ ഇവർക്ക് എങ്ങനെ കിട്ടി എന്ന് പരിശോധിക്കണം. ടെൻഡർ വഴിയാണ് യൂണിടാക്കിന് കരാർ ലഭിച്ചുവെന്നത് കളവാണ്. പണം വന്നത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. 203 അപ്പാർട്മെൻറുകൾ ആണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ അത് 100 ഉം പിന്നെ 130 ഉം എന്ന് ആക്കി. ഇത് ലാഭം ഉണ്ടാക്കാൻ ആണെന്നും സിബിഐ കോടതിയെ അറിയിച്ചു.

യൂണിടാക്കും റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള കരാർ പരിശോധിക്കേണ്ടതുണ്ട്. വലിയ ഒരു ഗൂഢാലോചന ഇടപാടിന് പിന്നിൽ ഉണ്ട്. പണം വന്നത് കോൺസൽ ജനറലിന്റെ അക്കൗണ്ടിൽ നിന്നാണ് അല്ലാതെ റെഡ് ക്രസെന്റിന്റെ അക്കൗണ്ടിൽ നിന്നല്ല. എഫ്ഐആർ നിലനിൽക്കും. ധാരണാപത്രം ഹൈജാക്ക് ചെയ്തത് പ്രിൻസിപ്പൽ സെക്രട്ടറിയാണ്. കേസ് ഡയറി കോടതി പരിശോധിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു. മുദ്രവെച്ച കവറിൽ സമർപ്പിക്കാമെന്ന് കോടതി നിർദേശിച്ചു.

അതേസമയം ലൈഫ് മിഷൻ വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരില്ലന്ന് സർക്കാർ വാദിച്ചു. സിബിഐ യുടെ അന്വേഷണം ഫെഡറൽ വ്യവസ്ഥയെ തന്നെ തകർക്കും. ഭവന പദ്ധതി നടത്തിപ്പിൽ സർക്കാരിന് പങ്കില്ലെന്നും യുഎഇ റെഡ് ക്രസൻറും യൂണിടാക്കും തമ്മിലാണ് ഇടപാടെന്നും സർക്കാർ അറിയിച്ചു. വടക്കാഞ്ചേരിയിൽ ഉള്ള സ്ഥലം ഏറ്റെടുത്ത് കൊടുക്കുക മാത്രം ആണ് സർകാർ ചെയ്തതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

റെഡ് ക്രസന്റ് നേരിട്ടാണ് യൂണിടാക്കിന് പണം നൽകിയത്. യുഎഇയാണ് സഹായം നൽകിയത്. സഹായം ആർക്ക് കൊടുക്കണം എന്നത് അവരുടെ തീരുമാനമാണ്. ധന സഹായം കള്ളപ്പണം വെളുപ്പിക്കലോ ഹവാലയോ അല്ല. സിബിഐ കോടതിയിൽ നൽകിയതും വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്തതും വ്യത്യസ്ഥ എഫ്ഐആറുകൾ ആണ്.

ലൈഫ് മിഷനെ എഫ്ഐആറിൽ വലിച്ചിഴച്ചു. സിബിഐയുടെ പ്രവൃത്തി കോടതി നടപടികളുടെ ദുരുപയോഗമാണ്. ലൈഫ്മിഷനെ എഫ്ഐആറിൽ നിന്ന് ഒഴിവാക്കണം. സിബിഐ നടപടി ജീവനക്കാരെ ബാധിക്കുമെന്നും സർക്കാർ ബോധിപ്പിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണന്നും ഇടപാടിൽ സർക്കാരിന് പങ്കില്ലന്നും യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പൻ ബോധിപ്പിച്ചു. കേസ് കോടതി വിധി പറയാൻ മാറ്റി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.