തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കോടതി അഞ്ചു ദിവസത്തേക്ക് എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) കസ്റ്റഡിയിൽ വിട്ടു. ശിവശങ്കറെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കണം. 10 ദിവസത്തെ കസ്റ്റഡിയാണ് ഇ ഡി തേടിയത്.
ശിവശങ്കർ ചോദ്യം ചെയ്യലിൽ സഹകരിച്ചില്ലെന്ന് ഇ ഡി എറണാകുളം സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ ബോധിപ്പിച്ചു. അതേസമയം, തന്റെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ ഇന്നലെ 12 മണിക്കൂർ ഇ ഡി ചോദ്യം ചെയ്തതായി ശിവശങ്കർ കോടതിയെ അറിയിച്ചു. ഇതു ശാരീരിക ബുദ്ധിമുട്ടുണ്ടാക്കി. കൃത്യമായി ഭക്ഷണം കഴിക്കാനായില്ല.
രണ്ടു മണിക്കൂർ ചോദ്യം ചെയ്തതശേഷം ശിവശങ്കറിനു വിശ്രമം അനുവദിക്കണമെന്നു കോടതി ഇ ഡിക്കു നിർദേശം നൽകി. ആവശ്യമെങ്കിൽ വൈദ്യസഹായം നൽകണമെന്നും കോടതി നിർദേശിച്ചു.
കേസില്‍ ശിവശങ്കറിനെ ഒൻപതാം പ്രതിയായാണ് ഇ.ഡി.ചേര്‍ത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കുന്നതിനു മുന്നോടിയായി എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച് ഉച്ചയ്ക്ക് 12.15 ഓടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. തുടർന്ന് വീണ്ടും ഇ.ഡി.ഓഫീസിലെത്തിച്ചശേഷമാണു കോടതിയില്‍ ഹാജരാക്കിയത്.
തുടര്‍ച്ചയായി മൂന്ന് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ രാത്രിയാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്,ഡോളര്‍ കടത്ത് കേസുകളിൽ ശിവശങ്കറിന്റെ അറസ്റ്റ് നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് കരാര്‍ നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. കോഴ ഇടപാടില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമായെന്ന് ഇഡി അറിയിച്ചു.
കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ് നായർ, സന്തോഷ് ഈപ്പൻ എന്നിവരുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തിയ ശേഷമാണു ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തത്. ജനുവരി 31നു സർവീസിൽനിന്നു വിരമിച്ച ശിവശങ്കർ ഇഡിയുടെ കൊച്ചി ഓഫിസിൽ വെള്ളി തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണു ചോദ്യം ചെയ്തത്.
.യുഎഇയുടെ സഹായത്തോടെ നിര്‍ധനര്‍ക്കായി ഫ്‌ളാറ്റ് നിര്‍മിക്കുന്നതിനുള്ള കരാര്‍ യൂണിടാക്കിന് ലഭിക്കുന്നതിനായി കോഴ വാങ്ങി എന്നാണ് ശിവസങ്കറിനെതിരായ കേസ്. 4 കോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്ന് യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.
ശിവശങ്കറിന്റെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്ന സുരേഷിന്റെയും പേരിലുള്ള ലോക്കറില്‍നിന്ന് ഒരു കോടി രൂപ കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇത് ശിവശങ്കറിനുള്ള കോഴപ്പണമാണെന്നു സ്വപ്ന സുരേഷ് മൊഴി നല്‍കി.