Life Mission Bribery Case: കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രെട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. നാല് ദിവസം കൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) കസ്റ്റഡിയില്‍ ശിവശങ്കര്‍ തുടരും. ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യണമെന്ന ഇ ഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
കോഴക്കേസില്‍ ശിവശങ്കറിന്റെ പങ്ക് കൂടുതല്‍ ആഴമേറിയതാണെന്ന് കസ്റ്റഡി അപേക്ഷയില്‍ ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്. അതാനാലാണ് കൂടുതല്‍ ചോദ്യം ചെയ്യണമെന്ന ആവശ്യവും അന്വേഷണസംഘം മുന്നോട്ട് വച്ചത്. നേരത്തെ ശിവശങ്കറിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയിലായിരുന്നു വിട്ടിരുന്നത്. ഈ കാലാവധി കഴിഞ്ഞതോടെയാണ് ഇ ഡി കോടതിയെ സമീപിച്ചത്.
കേസില്‍ പണം കണ്ടെത്തിയ ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്നു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ ഇ ഡിക്ക് മൊഴി നല്‍കിയിരുന്നു. വേണുഗോപാലിന്റേയും സ്വപ്ന സുരേഷിന്റേയും പേരിലായിരുന്നു ലോക്കര്‍. ലോക്കറില്‍ വയ്ക്കുന്നതിനായി സ്വപ്ന കൊണ്ടുവന്ന 30 ലക്ഷം രൂപയെപ്പറ്റി താനും ശിവശങ്കറും സംസാരിച്ചിരുന്നതായും വേണുഗോപാല്‍ മൊഴി നല്‍കിയതായാണു ലഭിക്കുന്ന വിവരം.
ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ചയാണ് (ഫെബ്രുവരി 14) ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായ മൂന്നു ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ശിവശങ്കർ ചോദ്യം ചെയ്യലിൽ സഹകരിച്ചില്ലെന്ന് ഇ ഡി എറണാകുളം സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ ബോധിപ്പിച്ചിരുന്നു.
തന്റെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ ചോദ്യം ചെയ്തതായും ഇതു ശാരീരിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും കൃത്യമായി ഭക്ഷണം കഴിക്കാനായില്ലെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു. രണ്ടു മണിക്കൂർ ചോദ്യം ചെയ്താൽ അരമണിക്കൂർ ശിവശങ്കറിനു വിശ്രമം അനുവദിക്കണമെന്നു കോടതി ഇ ഡിക്കു നിർദേശം നൽകി. ആവശ്യമെങ്കിൽ വൈദ്യസഹായം ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കു വേണ്ടി യുഎഇ റെഡ് ക്രസന്റ് നൽകിയ 19 കോടി രൂപയിൽ 4.50 കോടി രൂപ കോഴ വാങ്ങിയെന്നാണ് കേസ്. കേസില്‍ ഒൻപതാം പ്രതിയാണ് ശിവശങ്കര്‍.