കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസിൽ ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി. പ്രത്യേക സാമ്പത്തിക കോടതിയാണ് തള്ളിയത്. ആരോഗ്യസ്ഥിതി മോശമാണെന്ന വാദം വിശ്വസനീയമല്ലെന്ന് കോടതി പറഞ്ഞു. പ്രതിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന ഇ.ഡി വാദവും കോടതി കണക്കിലെടുത്തു. മൂന്ന് മാസത്തെ ഇടക്കാല ജാമ്യമാണ് ശിവശങ്കര്‍ ആവശ്യപ്പെട്ടത്.
ലൈഫ് മിഷൻ കേസിൽ ഒന്നാം പ്രതിയാണ് ശിവശങ്കർ. ജാമ്യം തേടി ശിവശങ്കർ സുപ്രീം കോടതിയിലും ഹർജി നൽകിയിട്ടുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും ചികിത്സ അനിവാര്യമാണെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതിയിൽ ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യം, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
യുണിടാക് ഉടമയും കേസിലെ ഏഴാം പ്രതിയുമായ സന്തോഷ് ഈപ്പൻ നൽകിയ ഹർജിയും കോടതി തളളി. ജാമ്യ ഉപാധികളിൽ ഇളവ് തേടിയാണ് കോടതിയെ സമീപിച്ചത്. തന്റെ പാസ്പോർട്ട് വിട്ടുകിട്ടണമെന്നായിരുന്നു സന്തോഷ് ഈപ്പന്റെ ആവശ്യം.
വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് കരാര്‍ നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ശിവശങ്കർ അറസ്റ്റിലായത്. യുഎഇയുടെ സഹായത്തോടെ നിര്‍ധനര്‍ക്കായി ഫ്‌ളാറ്റ് നിര്‍മിക്കുന്നതിനുള്ള കരാര്‍ യൂണിടാക്കിന് ലഭിക്കുന്നതിനായി കോഴ വാങ്ങി എന്നാണ് ശിവസങ്കറിനെതിരായ കേസ്. 4 കോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്ന് യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.