കൊച്ചി: വടക്കാഞ്ചേരി ഭവനപദ്ധതിയിൽ ലൈഫ് മിഷനെതിരായ അന്വേഷണ വിലക്ക് ഹെെക്കോടതി ഈ മാസം 17 വരെ നീട്ടി. സ്റ്റേ ഇന്നുതന്നെ നീക്കണമെന്ന സിബിഐയുടെ ആവശ്യം കോടതി പരിഗണിച്ചില്ല.

കേസിൽ വാദത്തിന് കൂടുതൽ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം കണക്കിലെടുത്താണ് സ്റ്റേ നീട്ടിയത്. സിബിഐ എതിർ സത്യവാങ്‌മൂലം സർപ്പിച്ചിട്ടില്ലെന്നും സർക്കാർ ബോധിപ്പിച്ചു.

കേസിൽ ശിവശങ്കറും സ്വപ്‌ന സുരേഷും യൂണിടാക്കും അടക്കമുള്ള പ്രതികളുടെ പങ്കിന് കൂടുതൽ തെളിവ് കിട്ടിയിട്ടുണ്ടെന്നും അന്വേഷണത്തിനായി സ്റ്റേ നീക്കണമെന്നും ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി.സോമരാജൻ പരിഗണിച്ചത്.

ലൈഫ് മിഷന് പദ്ധതി നടത്തിപ്പിൽ ബന്ധമില്ലെന്നും വിദേശ സംഭാവനാ നിയന്ത്രണ ചട്ടത്തിന്റെ പരിധിയിൽ വരില്ലെന്നുമുള്ള സർക്കാർ വാദം കണക്കിലെടുത്താണ് കോടതി അന്വേഷണം വിലക്കിയത്. എന്നാൽ, സർക്കാർ വാദം ശരിയല്ലെന്നും ധനസഹായം സ്വീകരിച്ചത് വിദേശ സംഭാവനാ ചട്ടത്തിലെ മറ്റ് വകുപ്പുകളുടെ പരിധിയിൽ വരുമെന്നുമാണ് സിബിഐയുടെ വാദം.

Read Also: സ്വപ്‌നയുടെ സുരക്ഷ വർധിപ്പിച്ചു; സി.എം.രവീന്ദ്രൻ നാളെയും ചോദ്യം ചെയ്യലിന് ഹാജരാകില്ല

വടക്കാഞ്ചേരി ഭവന നിർമാണ പദ്ധതിയിൽ നിന്ന് ലൈഫ് മിഷനെ ഒഴിവാക്കി യൂണിടാക്കുമായി ധാരണാപത്രം ഒപ്പിട്ടത് കമ്മീഷൻ തട്ടാനാണെന്ന് സിബിഐ ഇന്നലെ കോടതിയിൽ വാദിച്ചിരുന്നു. ലൈഫ് മിഷനുമായി കരാർ ഉണ്ടാക്കിയിരുന്നെങ്കിൽ നടപടിക്രമം അനുസരിച്ച് പദ്ധതി നടത്തിപ്പിന് ഓപ്പൺ ടെൻഡർ വിളിക്കണമായിരുന്നുവെന്നും സിബിഐ പറഞ്ഞു.

കോഴ ഇടപാടിലെ ഗുഢാലോചനയിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കിന് തെളിവു ലഭിച്ചിട്ടുണ്ടെന്നും ശിവശങ്കർ അടക്കമുള്ള ഉദ്യോഗസ്ഥരുടേയും സ്വപ്‌ന സുരേഷ് അടക്കമുള്ളവരുടേയും പങ്കാളിത്തം അന്വേഷിക്കേണ്ടതുണ്ടെന്നും പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഇന്നലെ സിബിഐ കോടതിയിൽ വാദിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.