കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസിലെ പണം കണ്ടെത്തിയ ലോക്കര്‍ തുറന്നത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞിട്ടാണെന്നു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ ഡി) നല്‍കിയ മൊഴിയിലാണു വേണുഗോപാല്‍ ഇക്കാര്യം പറഞ്ഞത്.
വേണുഗോപാലിന്റേയും സ്വപ്ന സുരേഷിന്റേയും പേരിലായിരുന്നു ലോക്കര്‍. ലോക്കറില്‍ വയ്ക്കുന്നതിനായി സ്വപ്ന കൊണ്ടുവന്ന 30 ലക്ഷം രൂപയെപ്പറ്റി താനും ശിവശങ്കറും സംസാരിച്ചിരുന്നതായും വേണുഗോപാല്‍ മൊഴി നല്‍കിയതായാണു ലഭിക്കുന്ന വിവരം.
ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ചയാണു ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായ മൂന്നു ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവില്‍ ഇഡിയുടെ കസ്റ്റഡിയിലാണു ശിവശങ്കര്‍. അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധിയാണു കോടതി അനുവദിച്ചത്.
ശിവശങ്കർ ചോദ്യം ചെയ്യലിൽ സഹകരിച്ചില്ലെന്ന് ഇ ഡി എറണാകുളം സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ ബോധിപ്പിച്ചു. അതേസമയം, തന്റെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ ചോദ്യം ചെയ്തതായും ഇതു ശാരീരിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും കൃത്യമായി ഭക്ഷണം കഴിക്കാനായില്ലെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു.
രണ്ടു മണിക്കൂർ ചോദ്യം ചെയ്താൽ അരമണിക്കൂർ ശിവശങ്കറിനു വിശ്രമം അനുവദിക്കണമെന്നു കോടതി ഇ ഡിക്കു നിർദേശം നൽകി. ആവശ്യമെങ്കിൽ വൈദ്യസഹായം ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കേസിലെ ഒന്‍പതാം പ്രതിയാണു ശിവശങ്കര്‍.