തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ വിദേശസഹായം കൈപ്പറ്റാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ അനില്‍ അക്കര. ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിദേശസംഭാവനാ നിയന്ത്രണ നിയമം (എഫ്.സി.ആര്‍.എ.) ലംഘിക്കുന്ന തീരുമാനം എടുത്തത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണെന്നും അനില്‍ അക്കര പത്രസമ്മേളനത്തില്‍ പറഞ്ഞു. ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യോഗത്തിന്റെ രേഖയും അനില്‍ അക്കരെ പുറത്തുവിട്ടു. ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി. ജോസ് തദ്ദേശ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നല്‍കിയ കത്താണ് അദ്ദേഹം പുറത്തുവിട്ടത്.
വടക്കാഞ്ചേരി ലൈഫ് മിഷന്റെ ഫ്ലാറ്റുമായി ബന്ധപ്പെട്ട കേസില്‍ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ലൈഫ് മിഷന്‍ സിഇഒ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വടക്കാഞ്ചേരിയിലെ മുന്‍സിപ്പാലിറ്റിയിലെ 2.18 ഏക്കറില്‍ ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിന് തീരുമാനിച്ചിരുന്നു. എന്നാല്‍ യുണിടാക്കിനെ ചുമതലപ്പെടുത്താനുള്ള തീരുമാനം ഉണ്ടായത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്. വടക്കാഞ്ചേരിയില്‍ ഫ്ലാറ്റ് പണിയാന്‍ തീരുമാനമെടുത്തത് കേരള സര്‍ക്കാരോ, റെഡ് ക്രോസോ ലൈഫ് മിഷനോ അല്ലെന്നും യുഎഇ കോണ്‍സുലേറ്റാണെന്നും അനില്‍ അക്കര പറഞ്ഞു.
വിദേശരാജ്യത്തിന്റെ പ്രതിനിധിയായ യു.എ.ഇ. കോണ്‍സുലേറ്റ് കേരളത്തിലെ ഒരു കാരാറുകാരനുമായി എഗ്രിമന്റ് വെച്ച്, സര്‍ക്കാരിന്റെ തീരുമാനപ്രകാരം ജില്ലാ കളക്ടറുടെ കൈവശമുണ്ടായിരുന്ന സ്ഥലം നഗരസഭയ്ക്ക് കൈമാറി. അവിടെയാണ് വിദേശ ഏജന്‍സി നിര്‍മാണം നടത്തുന്നത്. ഇത് എഫ്.സി.ആര്‍.എയുടെ ലംഘനമാണ്. ആ ലംഘനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലെ യോഗത്തിലെടുത്ത തീരുമാനത്തിലാണ്. ഒരുകാരണവശാലും മുഖ്യമന്ത്രിക്കോ വിദേശരാജ്യത്തെ ഏജന്‍സികള്‍ക്കോ ഇങ്ങനെ തീരുമാനം എടുക്കാന്‍ അധികാരമില്ല. ഗൂഢാലോചനയുടെ തുടക്കം ക്ലിഫ് ഹൗസിലാണ്. അതാണ് സ്വപ്നയുടെ ചാറ്റിലുള്ളത്. അതിനാല്‍ എഫ്സിആര്‍എയുടെ ലംഘനത്തിന്റെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്’, അനില്‍ അക്കര പറഞ്ഞു.