കൊച്ചി: ലൈഫ് മിഷന് പദ്ധതിയുടെ മറവില്‍ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് സിബിഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ ലൈഫ് മിഷന് സിഇഒ യു.വി.ജോസിനെ ഉടന്‍ ചോദ്യംചെയ്തേക്കുമെന്ന് റിപ്പോർട്ട്. യൂണിടാക്കിന്റെ തൃശൂര്‍, തിരുവനന്തപുരം, എറണാകുളം ഓഫീസുകളില്‍ നിന്ന് പിടിച്ചെടുത്ത ബാങ്ക് ഇടപാട് രേഖകള്‍ സിബിഐ പരിശോധിക്കുകയാണ്.
അതേസമയം, ലൈഫ് മിഷന് കേസിലെ സിബിഐ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നു. ലൈഫ് മിഷൻ കരാർ സർക്കാർ പദ്ധതിയുടെ ഭാഗമാണെന്നും ലൈഫ് മിഷൻ സിഇഒ സർക്കാർ പ്രതിനിധിയാണെന്നും അതിനാൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നാണ് സിബിഐ നിരീക്ഷണം.
പദ്ധതിക്കായി അനുവാദമില്ലാതെ വിദേശസഹായം സ്വീകരിച്ചെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യൂണിടാകും കോണ്‍സുലേറ്റും തമ്മിലാണ് പണമിടപാട് കരാര്‍ നടന്നതെങ്കിലും ഇതിലെ രണ്ടാം കക്ഷി സര്‍ക്കാരായിരിക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വിദേശസഹായം സ്വീകരിച്ചിട്ടില്ലെന്ന വാദം നിലനില്‍ക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വിദേശസഹായം സ്വീകരിച്ചതിന്റെ പ്രയോജനം സര്‍ക്കാരിനാണ്. സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിടം പണിയാന്‍ കോണ്‍സുലേറ്റിന് അനുമതി കൊടുത്തതിനെപ്പറ്റിയും റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു. ഉദ്യോഗസ്ഥ അഴിമതി അന്വേഷിക്കണമെന്നും സിബിഐ നിര്‍ദേശിക്കുന്നു.
Read More: ലെെഫ് പദ്ധതി: ക്രമക്കേട് ആരോപണത്തിൽ സിബിഐ അന്വേഷണം
ലൈഫ് മിഷൻ ഇടപാട് സംബന്ധിച്ച അന്വേഷണം വേഗത്തിലാക്കാനാണ് സിബിഐയ്ക്ക് കിട്ടിയിരിക്കുന്ന നിർദേശം. സംസ്ഥാന വിജിലൻസ് കൂടി പദ്ധതിയിലെ കോഴ ഇടപാട് സംബന്ധിച്ച് സമാന്തര അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് നിർദേശം.
അതേ സമയം, കരാറിലെ അപാകതകൾ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്ന് കേസിലെ പരാതിക്കാരനായ അനിൽ അക്കര എംഎൽഎ പറഞ്ഞു. അന്ന് ഇടപെട്ടിരുന്നുവെങ്കിൽ സ്വപ്നയെ പിടിക്കാമായിരുന്നു. മുഖ്യമന്ത്രിയുടെ അനുതിയോടെയാണ് യൂണിടാക്കിനെ കരാറിലേക്ക് എത്തിച്ചതെന്നും അനിൽ അക്കര അരോപിച്ചു. താൻ സാത്താന്റെ സന്തതിയല്ലെന്നും പിണറായിക്ക് മുന്നിലുള്ള കുരിശാണെന്നും അനിൽ അക്കര പറഞ്ഞു.
തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിക്ക് കീഴിൽ വീടുകളുടെ നിർമാണത്തിന് യുഎഇ റെഡ് ക്രസന്റ് നൽകിയ 20 കോടിയിൽ നാലേകാൽക്കോടി കമ്മീഷൻ നൽകിയെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് പദ്ധതി വിവാദത്തിലായത്. റെഡ് ക്രസന്റും യൂണിടാക്കും തമ്മിൽ നേരിട്ടായിരുന്നു കരാർ. പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
ലൈഫ് മിഷനിൽ എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. ലൈഫ് പദ്ധതി ക്രമക്കേട് ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം നടത്താനാണ് സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. വിജിലൻസിനാണ് അന്വേഷണ ചുമതല. എന്നാൽ, വിജിലൻസ് അന്വേഷണമല്ല സിബിഐ അന്വേഷണം തന്നെ വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.