scorecardresearch

ലഹരിമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

ഹൈവേ പട്രോളിങ് ശക്തിപ്പെടുത്തണമെന്നും ഹോട്ട് സ്‌പോട്ടുകളില്‍ പോലീസ് സാന്നിധ്യം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

ഹൈവേ പട്രോളിങ് ശക്തിപ്പെടുത്തണമെന്നും ഹോട്ട് സ്‌പോട്ടുകളില്‍ പോലീസ് സാന്നിധ്യം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

author-image
WebDesk
New Update
Pinarayi Vijayan, Nitin Gadkari, National Highway

പിണറായി വിജയന്‍

തിരുവനന്തപുരം: ലഹരിമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കന്‍ നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

Advertisment

വര്‍ധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയ്യാറാക്കിയ പ്രത്യേക വാഹനങ്ങളുടെ സൗകര്യം പ്രയോജനപ്പെടുത്തി മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണം.

ഗതാഗത നിയമലംഘകര്‍ക്കെതിരെയും നടപടിയുണ്ടാകണം. ഹൈവേ പട്രോളിങ് ശക്തിപ്പെടുത്തണമെന്നും ഹോട്ട് സ്‌പോട്ടുകളില്‍ പോലീസ് സാന്നിധ്യം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിശ്ചിത കാലയളവുകളില്‍ പോലിസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബൈക്ക് സ്റ്റണ്ട് തടയുന്നതിന് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സൈബര്‍ പെട്രോളിങ് ശക്തിപ്പെടുത്തണം. ഒന്നിലധികം തവണ കുറ്റകൃത്യം ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് നടപടിയെടുക്കണമെന്നും നിര്‍ദേശമുണ്ടായി.

Advertisment

വേഗപ്പൂട്ട് പരിശോധന കര്‍ശനമാക്കണമെന്നതാണ് മുഖ്യമന്ത്രി മുന്നോട്ട് വച്ച മറ്റൊരു നിര്‍ദേശം. നിര്‍ദേശാനുസരണമുള്ള വേഗതയിലാണ് വാഹനങ്ങള്‍ ഓടിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

നമ്പര്‍ പ്ലേറ്റ് തിരിച്ചറിയാന്‍ സഹായിക്കുന്നതിന് വികസിപ്പിച്ച ഓട്ടോമാറ്റിക് നമ്പര്‍പ്ലേറ്റ് റെക്കഗ്നേഷന്‍ (എ.എന്‍.പി.ആര്‍) ക്യാമറകള്‍ ഇ-ചലാന്‍ സംവിധാനവുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. ഹെവി വെഹിക്കിളുകളില്‍ ഡാഷ്‌ബോര്‍ഡ് ക്യാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കാന്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് രൂപരേഖ തയ്യാറാക്കണം. ദേശീയ പാതകളിലും സംസ്ഥാന പാതകളിലും പ്രധാനപ്പെട്ട മറ്റ് പാതകളിലും റോഡ് സുരക്ഷാ ഓഡിറ്റ് നടത്തി റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം.

റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും പോലിസും ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിവിളക്ക് സ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വ്വഹിക്കണം. ഗുഡ്‌സ് വാഹനങ്ങള്‍ അമിത ഭാരവുമായി വരുന്നത് നിയന്ത്രിക്കാന്‍ റവന്യൂ, മൈനിംഗ് ആന്റ് ജിയോളജി, ലീഗല്‍ മെട്രോളജി, മോട്ടോര്‍വാഹന വകുപ്പ്, പോലീസ് എന്നിവര്‍ ഏകോപിതമായി ഇടപെടണം.

ഏറ്റവും പുതിയ റിയല്‍ ടൈം ആക്‌സിഡന്റ് ഡാറ്റ നാറ്റ്പാക്ക് ലഭ്യമാക്കണം. കോമ്പൗണ്ടബിള്‍ ഒഫന്‍സെസ് പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തേണ്ട കുറ്റകൃത്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് ഭേദഗതി ചെയ്യേണ്ടതുണ്ടെങ്കില്‍ നടപടികള്‍ കൈക്കൊള്ളണം.

സ്‌കൂള്‍ കുട്ടികളുടെ വിനോദ സഞ്ചാരത്തിന് തയ്യാറാക്കിയ മാര്‍ഗരേഖ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുട്ടികളുടെ സിലബസ്സില്‍ റോഡ് സുരക്ഷ സംബന്ധിച്ച് ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Road Accident Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: