scorecardresearch
Latest News

വില്ലനായി ആന്റിബയോട്ടിക്കുകൾ; ഡോക്ടറുടെ കുറിപ്പടിയില്ലാതെ നല്‍കിയാല്‍ ഫാര്‍മസിയുടെ ലൈസന്‍സ് റദ്ദാക്കും

പല രോഗാണുക്കളിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടിവരുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണു കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്

വില്ലനായി ആന്റിബയോട്ടിക്കുകൾ; ഡോക്ടറുടെ കുറിപ്പടിയില്ലാതെ നല്‍കിയാല്‍ ഫാര്‍മസിയുടെ ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കുന്നതിനു കര്‍ശന നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കര്‍സാപ്പ് (കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) വാര്‍ഷിക അവലോകന യോഗത്തിലാണു നിര്‍ദേശം നല്‍കിയത്.

കേരളത്തിലെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് അറിയാനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി ഇന്ത്യയിലാദ്യമായി ആന്റി ബയോഗ്രാം (എ എം ആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് പല രോഗാണുക്കളിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടിവരുന്നതായി കണ്ടെത്തി. ഈ സാഹചര്യത്തിലാണു കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.

മൃഗപരിപാലനം, കോഴിവളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങിയ മേഖലകളിലും കൂടുതലായി അശാസ്ത്രീയമായി ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പരിസ്ഥിതിയില്‍നിന്നു ശേഖരിച്ച സാമ്പിളുകളില്‍ പോലും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള ബാക്ടീരിയകളെയും ജീനുളെയും ആന്റിബയോട്ടിക് അംശവും കണ്ടെത്തിയിട്ടുണ്ട്. ആന്റിബയോട്ടിക് പ്രതിരോധം കൂടാനുള്ള ഒരു മുഖ്യ കാരണമായി വിലയിരുത്തിയത് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാര്‍മസികളില്‍നിന്നു നേരിട്ട് ആന്റിബയോട്ടിക്കുകള്‍ വാങ്ങി കഴിക്കുന്നതു കൊണ്ടാണ്. അതു കര്‍ശനമായി വിലക്കിക്കൊണ്ടുള്ള നടപടിയാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത്.

ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് പ്രവര്‍ത്തനങ്ങള്‍ യോഗം വിശദമായി വിലയിരുത്തി. ആന്റിബയോട്ടിക് സാക്ഷരതയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി മാധ്യമങ്ങളുടെ പിന്തുണയോടെ അവബോധം ശക്തിപ്പെടുത്തും.

കാര്‍ബപെനം മരുന്നുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള രക്തത്തിലുള്ള അണുബാധകളെ പ്രത്യേകം നോട്ടിഫയബിള്‍ കണ്ടിഷനാക്കി പ്രഖ്യാപിക്കുന്നതു പരിശോധിക്കും. കേരളത്തിലെ ഏത് ആശുപത്രിയിലും കാര്‍ബപെനം മരുന്നുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള രക്തത്തിലുള്ള അണുബാധ കണ്ടെത്തിക്കഴിഞ്ഞാല്‍ ആരോഗ്യ വകുപ്പിനെ അറിയിക്കാന്‍ നിര്‍ദേശം നല്‍കി.

ആന്റിബയോട്ടിക് പ്രതിരോധത്തില്‍ പങ്കാളികളാകാം

  • മിക്ക അണുബാധകളും വൈറസ് മൂലമാണ് ഉണ്ടാകുന്നത്. അതിനാല്‍ ഇവയ്ക്കെതിരെ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല
  • ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാവൂ
  • ഒരിക്കലും ആന്റിബയോട്ടിക്കുകള്‍ ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങി കഴിക്കുകയോ ചെയ്യരുത്
  • ചികിത്സ കഴിഞ്ഞു ശേഷിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഒരിക്കലും ഉപയോഗിക്കരുത്
  • ശേഷിക്കുന്നതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകള്‍ കരയിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്
  • രോഗശമനം തോന്നിയാല്‍ പോലും ഡോക്ടര്‍ നിര്‍ദേശിച്ച കാലയളവിലേക്ക് ആന്റിബയോട്ടിക് ചികിത്സ പൂര്‍ത്തിയാക്കണം
  • ആന്റിബയോട്ടിക്കുകള്‍ ഒരിക്കലും മറ്റുള്ളവരുമായി പങ്കിടാന്‍ പാടില്ല
  • അണുബാധ തടയുന്നതിനു പതിവായി കൈ കഴുകുക.
  • രോഗികളുമായുളള സമ്പര്‍ക്കം ഒഴിവാക്കുക.
  • പ്രതിരോധ കുത്തിവയ്പുകള്‍ കാലാനുസൃതമായി എടുക്കുക

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Licence will be cancelled if pharmacies dispense antibiotics without prescription veena geroge