കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിൽ വിഷപ്പുക നിറഞ്ഞ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. വിഷയത്തിൽ സ്വമേധയാ ഇടപെടണമെന്നും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടർന്ന് കഴിഞ്ഞ നാലു ദിവസമായി കൊച്ചി നഗരത്തിൽ വിഷപ്പുക നിറഞ്ഞിരിക്കുകയാണ്. പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് തീപിടിത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി വടവുകോട് – പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും നാളെ (ചൊവ്വ) അവധിയായിരിക്കും. പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.
അതിനിടെ, ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മാലിന്യക്കൂമ്പാരത്തിലെ പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്റ്ററുകളില്‍ നിന്ന് വെള്ളം സ്പ്രേ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. വ്യോമസേനയുടെ സൊലൂര്‍ സ്‌റ്റേഷനില്‍ നിന്നുളള ഹെലികോപ്റ്ററുകളാണ് മുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് ഉപയോഗിക്കുക.
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മാലിന്യക്കൂമ്പാരത്തിലെ തീ പൂര്‍ണ്ണമായി അണയ്ക്കാന്‍ കഴിഞ്ഞു. മാലിന്യത്തിന്റെ അടിയില്‍ നിന്ന് പുക ഉയരുന്ന സാഹചര്യമുണ്ട്. ഇത് ശമിപ്പിക്കുന്നതിന് നാലു മീറ്റര്‍ വരെ താഴ്ചയില്‍ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വലിയ പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇന്നു രാത്രിയും പുക ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും. ഇതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി.
നിലവില്‍ 30 ഫയര്‍ ടെന്‍ഡറുകളും 125 അഗ്നിരക്ഷാ സേനാംഗങ്ങളുമാണ് സേവനരംഗത്തുള്ളത്. ഒരു മിനിറ്റില്‍ 60000 ലിറ്റര്‍ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. ഇതിനു പുറമേ നേവിയുടെ എയര്‍ ഡ്രോപ്പിംഗ് ഓപ്പറേഷനും നടക്കുന്നുണ്ട്. നേവിയുടെ ഓപ്പറേഷന്‍ ചൊവ്വാഴ്ചയും തുടരും.
വായുവിന്റെ ഗുണനിലവാരവുമായി ബന്ധപ്പട്ട് ആശങ്കപ്പെടേണ്ടതില്ല. കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് വാല്യു കുറഞ്ഞു വരുന്നുണ്ട്. നിലവില്‍ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് ഭയപ്പെടേണ്ട സാഹചര്യമില്ല. എങ്കിലും മുന്‍കരുതലിന്റെ ഭാഗമായി ശ്വാസകോശ രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടങ്ങുന്ന കൂനയ്ക്ക് തീപിടിച്ചത്. ശക്തമായ കാറ്റില്‍ കൂടുതല്‍ മാലിന്യങ്ങളിലേക്ക് തീ പടരുകയായിരുന്നു. പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭാഗത്തേക്ക് തീ പടര്‍ന്നു. 50 അടിയോളം ഉയരത്തില്‍ മല പോലെ കിടക്കുന്ന മാലിന്യത്തിലേക്ക് തീ പടരുകയായിരുന്നു. രാത്രിയില്‍ കൂടുതല്‍ അഗ്‌നിരക്ഷ യൂണിറ്റുകള്‍ എത്തിച്ചെങ്കിലും തീ അണയ്ക്കാനുള്ള ശ്രമം വിജയിച്ചില്ല.