തിരുവനന്തപുരം: പ്രവാസികളുടെ മടങ്ങി വരവുമായി ബന്ധപ്പെട്ട് കേരള സർക്കാർ മുന്നോട്ടുവച്ച മുൻകരുതൽ നടപടികളെ അഭിനന്ദിച്ച് വിദേശ കാര്യ മന്ത്രാലയം. വൈറസ് വ്യാപനം തടയാൻ ശ്രമിക്കുന്നതിനായി സ്വീകരിക്കുന്ന പ്രായോഗിക സമീപനത്തിന്റെ അടിസ്ഥാനതത്തിൽ കേരള സർക്കാരിനെ അഭിനന്ദിക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിലെ പ്രവാസികളുടെ ചുമതലയുളള സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ വ്യക്തമാക്കി.
പ്രവാസികൾ തിരിച്ചെത്തുന്നതിനു മുൻപായി അവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. പരിശോധനയ്ക്ക് സൗകര്യമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ പിപിഇ കിറ്റുകളടക്കമുള്ള സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കണമെന്നും സർക്കാർ നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വിശ്വാസ് മെഹ്തയ്ക്ക് അയച്ച കത്തിലാണ് വിദേശ കാര്യ മന്ത്രാലയം സംസ്ഥാന സർക്കാരിനെ അഭിനന്ദനമറിയിച്ചത്.
Read More: ഓഗസ്റ്റിൽ രോഗവ്യാപനം വർധിക്കുമെന്ന് മുന്നറിയിപ്പ്: അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ
എൻ95 മാസ്ക്, ഫെയ്സ് ഷീൽഡ്, ഹാൻഡ് ഗ്ലൗസുകൾ തുടങ്ങിയവ ധരിക്കാൻ നിർദ്ദേശിച്ചതടക്കമുള്ള സംസ്ഥാന സർക്കാർ നിർദേശിച്ച നടപടികൾ രോഗ വ്യാപനത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് സഞ്ജയ് ഭട്ടാചാര്യ അഭിപ്രായപ്പെട്ടു. കേരള സർക്കാരിന്റെ പ്രത്യേക ആവശ്യങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി നേരിട്ട് ചർച്ചചെയ്യാനാവുമെന്നും കത്തിൽ പറയുന്നു. കേരളത്തിന്റെ നിലപാട് ഗൾഫ് രാജ്യങ്ങളിലെ അംബാസഡർമാരുമായി പങ്കുവയ്ക്കും. വന്ദേഭാരത് മിഷൻ വിമാനങ്ങൾ വഴി ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ മടങ്ങി വരവ് സുഗമമാക്കാൻ ഇത് വളരെയധികം സഹായിക്കുമെന്നും കത്തിൽ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച നിര്‍ദ്ദേശങ്ങള്‍ വന്ദേഭാരത് മിഷന് വിമാനങ്ങളില്‍ നടപ്പിലാക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ഇന്ന് പറഞ്ഞിരുന്നു. എന്നാൽ കേരളത്തിന്റെ നിലപാടിനെ അഭിനന്ദിക്കുന്നുവെന്നും സംസ്ഥാന സർക്കാരിനി വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടാനാവുമെന്നുമാണ് വിദേശ കാര്യ മന്ത്രാലയത്തിന്റെ കത്തിൽ പറയുന്നത്.
Read More: പ്രവാസികളുടെ യാത്ര; കേരളത്തിനുവേണ്ടി പ്രത്യേക ചട്ടം നടപ്പിലാക്കില്ല: വി മുരളീധരന്
കേരളത്തിന് മാത്രമായി പ്രത്യേക ചട്ടം നടപ്പിലാക്കാനാകില്ലെന്നായിരുന്നു വി മുരളീധരൻ അഭിപ്രായപ്പെട്ടത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് മാത്രമേ കേരളം പ്രഖ്യാപിച്ച നിര്‍ദ്ദേശങ്ങള്‍ ബാധകമാകുകയുള്ളൂവെന്നും വി മുരളീധരൻ പറഞ്ഞു.
ചാര്‍ട്ടേഡ്, സ്വകാര്യ, വന്ദേഭാരത് വിമാന സര്‍വീസുകളില്‍ കേരളത്തിലേക്ക് വരുന്ന പ്രവാസി യാത്രക്കാര്‍ പാലിക്കേണ്ട നിബന്ധനകളാണ് ബുധനാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും രോഗ വ്യാപനം ഒഴിവാക്കുന്നതിനുമുള്ള ചട്ടങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.