തിരുവനന്തപുരം: നഗരസഭയിലെ താത്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി മേയര്‍ ആര്യ രാജേന്ദ്രന്‍. “കൗണ്‍സിലര്‍മാരുടെ പൂര്‍ണ പിന്തുണയുണ്ട്. അവരുടെ പിന്തുണ തുടരുന്നിടത്തോളം കാലം രാജി വയ്ക്കില്ല. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ട്,” ആര്യ പറഞ്ഞു.
“ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നഗരസഭയുടെ ജീവനക്കാരുടെ പ്രവർത്തനങ്ങളും മറ്റു പൊതു കാര്യങ്ങളും മൊഴിയുടെ ഭാഗമായി പറഞ്ഞിട്ടുണ്ട്. അന്വേഷണവും മറ്റ് നടപടികളും സ്വഭാവികമായി മുന്നോട്ട് പോകും,” ആര്യ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ അഞ്ച് ദിവസമായി നഗരസഭയ്ക്ക് അകത്തും പുറത്തും നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചും മേയര്‍ പ്രതികരിച്ചു.
“പ്രതിപക്ഷത്തിന്റെ രാജി ആവശ്യം ബാലിശമാണ്. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ഇത്തരം സമരങ്ങളിലൂടെയൊക്കെ വളര്‍ന്ന് വന്നവരാണ് നമ്മളും. ഓരോ ദിവസവും പ്രതിഷേധിക്കാനെത്തുന്നവരുടെ എണ്ണം കുറയുന്നതും കാണാവുന്നതാണ്. ജനപിന്തുണയില്ലാത്ത സമരമാണ്. നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ ബുദ്ധിമുട്ടിപ്പിക്കരുത്,” മേയര്‍ പറഞ്ഞു.
വിശദീകരണം ചോദിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ നോട്ടീസ് കൈപ്പറ്റിയിട്ടില്ലെന്നും ആര്യ അറിയിച്ചു. കത്ത് ലഭിച്ച ശേഷം വിശദമായി പരിശോധിക്കേണ്ടതുണ്ട്. മേയറുടെ ഭാഗം കൂടി കേള്‍ക്കണം എന്ന കോടതിയുടെ നിലപാടില്‍ നന്ദിയുണ്ട്. നടപടിയെ സ്വാഗതം ചെയ്യുന്നു. കോടതി പറയുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും ആര്യ വ്യക്തമാക്കി.
അതേസമയം മേയറുടെ രാജി ആവശ്യപ്പെട്ട് ഇന്ന് നഗരസഭ സമരമുഖരിതമായിരുന്നു. ബിജെപിയുടെ നേതൃത്വത്തിലായിരുന്നു സമരം. സംഘര്‍ഷത്തിലേക്ക് സമരം കടന്നതോടെ പൊലീസിന് ജലപീരങ്കി ഉപയോഗിക്കേണ്ടി വന്നു. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറും സമരത്തിന്റെ ഭാഗമായി. നിയമനവുമായി ബന്ധപ്പെട്ട കത്ത് വലിയ അഴിമതിയാണെന്ന് കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.