തിരുവനന്തപുരം: കോര്‍പ്പറേഷനിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ പ്രതിഷേധം ശക്തമാകുന്നു. നഗരസഭയിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെ ബിജെപി കൗണ്‍സിലര്‍മാര്‍ പൂട്ടിയിട്ടു. ഇതിനെ ചോദ്യം ചെയ്ത് സിപിഎം കൗണ്‍സിലര്‍മാരും നഗരസഭയിലെത്തിയതോടെ സാഹചര്യം സംഘര്‍ഷത്തിലേക്ക് കടക്കുകയായിരുന്നു.
ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച പ്രതിഷേധം ഇപ്പോഴും നഗരസഭയില്‍ തുടരുകയാണ്. പ്രതിഷേധം തുടരുകയും ബിജെപിയുടെ കൂടുതല്‍ കൗണ്‍സിലര്‍മാര്‍ എത്തുകയും ചെയ്തതോടെ നഗരസഭയുടെ ഗ്രില്‍ പൂട്ടി. എന്നാല്‍ ഇത് തുറക്കണമെന്നാവശ്യപ്പെട്ടും ബിജെപി കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം ഉയര്‍ത്തി. പിന്നീട് സംഘര്‍ഷം വര്‍ധിക്കുകയായിരുന്നു.
സംഘര്‍ഷം വര്‍ധിച്ചതോടെ നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ കുടുങ്ങി. പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും വിവരമുണ്ട്. അകത്തെ പ്രതിഷേധം വൈകാതെ തന്നെ പുറത്തേക്കുമെത്തി. ബിജെപിയുടെ യുവജന സംഘടനയായ യുവമോര്‍ച്ചയായിരുന്നു മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയിലാദ്യമെത്തിയത്.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. യുവമോര്‍ച്ചയുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക് എത്തിയത്. തുടര്‍ന്ന് ഇരുവിഭാഗങ്ങളും വിവിധ സ്ഥലങ്ങളിലായി നിന്ന് പ്രതിഷേധിക്കുകയായിരുന്നു.
തന്‍റെ പേരില്‍ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി എസ് മധുസൂദനന്‍റെ മേല്‍നോട്ടത്തില്‍ ഡി വൈ എസ് പി ജലീല്‍ തോട്ടത്തിലാണ് കേസ് അന്വേഷിക്കുക.