കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ചലച്ചിത്ര അഭിനേതാക്കൾക്കെതിരെ രംഗത്തുവന്ന യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർക്ക് മറുപടിയുമായി സംവിധായകൻ ആഷിഖ് അബുവും നടി റിമ കല്ലിങ്കലും. നമുക്ക് വിഡ്ഡികളെ പ്രശസ്തരാക്കുന്നത് നിർത്താം എന്ന കുറിപ്പോടെ ഫിലോമിനയുടെ ‘ആരെട നാറീ നീ’ എന്ന പ്രശസ്ത സംഭാഷണമാണ് റിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

എന്തെല്ലാം അവഗണിക്കണം എന്ന അറിവ് കൂടിയാണ്, അറിവിന്റെ മനോഹാരിത എന്ന ചിത്രം പോസ്റ്റ് ചെയ്ത് ചാണകത്തില്‍ ചവിട്ടില്ലെന്ന് ആഷിക് അബുവും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Read More: കേരളത്തിലിരുന്ന് കുരച്ചിട്ട് കാര്യമില്ല, ഇവിടെ പ്രബുദ്ധരായ ജനങ്ങളുണ്ട്; ബിജെപിക്കെതിരെ കമൽ

സന്ദീപ് വാര്യർ എന്നാണ് ആദായ നികുതി വകുപ്പ് കമ്മിഷണർ ആയതെന്ന് തനിക്കറിയില്ലെന്നും ജനങ്ങളുടെ ദേശസ്നേഹം അളക്കുന്ന യന്ത്രം ബിജെപിയുടെ കൈയിൽ ഉണ്ടോയെന്നുമായിരുന്നു സംവിധായകൻ കമലിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം.

മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്ന സിനിമാക്കാർ, പ്രത്യേകിച്ച് നടിമാർ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ ആദായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ ‘പൊളിറ്റിക്കൽ വെണ്ടേറ്റ’ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നായിരുന്നു സന്ദീപ് വാര്യരുടെ ഭീഷണി.

Read More: ‘മൈക്കും ജനക്കൂട്ടവും കണ്ട് ചാടിവീഴുന്ന നടിമാരുടെ ശ്രദ്ധയ്ക്ക്’; മുന്നറിയിപ്പുമായി യുവമോർച്ച നേതാവ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യ പ്രതിഷേധത്തിനിറങ്ങിയ സിനിമാതാരങ്ങൾക്കും സാംസ്‌കാരിക പ്രവര്‍ത്തകർക്കും രാജ്യസ്‌നേഹമില്ലെന്നും സിനിമ താരങ്ങളുടെ ദേശസ്‌നേഹം വെറും അഭിനയമാണെന്നും കുമ്മനം രാജശേഖരനും കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ പ്രതിഷേധങ്ങളെ ഭയക്കുന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് കമൽ ചൂണ്ടിക്കാട്ടി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ പിന്തുണച്ചും പരസ്യമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേരളത്തിലെ നിരവധി ചലച്ചിത്ര പ്രവര്‍ത്തകരാണ് രംഗത്ത് വന്നത്. കൊച്ചിയില്‍ ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എന്ന പേരില്‍ നടന്ന പരിപാടിയില്‍ റിമാ കല്ലിങ്കല്‍, നിമിഷാ സജയന്‍, ഗീതു മോഹന്‍ദാസ്, ഷെയിന്‍ നിഗം, രാജീവ് രവി, ആഷിക് അബു, ഷഹബാസ് അമന്‍, വേണു, കമല്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. കൊച്ചിയിൽ നടന്ന പ്രതിഷേധ​ പരിപാടിയിൽ നടി പാർവ്വതിയും പങ്കെടുത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.