scorecardresearch

Local Body Election 2025: കെസിആർ മുതൽ അനിൽ അക്കര വരെ നാട്ടങ്കത്തിന്; കാണാം തദ്ദേശ തിരഞ്ഞെടുപ്പിലെ വേറിട്ട കാഴ്ചകൾ

നിയമസഭാ അംഗമായിരുന്നവരും സംസ്ഥാന രാഷ്ട്രീയത്തിലും നിറഞ്ഞ് നിന്നവർ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന വേറിട്ട കാഴ്ചകൾക്ക് വേദിയാവുകയാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ്

നിയമസഭാ അംഗമായിരുന്നവരും സംസ്ഥാന രാഷ്ട്രീയത്തിലും നിറഞ്ഞ് നിന്നവർ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന വേറിട്ട കാഴ്ചകൾക്ക് വേദിയാവുകയാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ്

author-image
Lijo T George
New Update
local election 2025

Kerala Local Body Elections 2025

Kerala Local Body Elections 2025: കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ അപ്രതീക്ഷിത ട്വിസ്റ്റുകൾ കൊണ്ട് സംഭവബഹുലമാവുകായണ് ഇത്തവണത്തെ തദ്ദേശപ്പോര്. സാധാരണ ഗ്രാമപഞ്ചായത്തിൽ മത്സരിച്ചവർ ബ്ലോക്കിലേക്കും ജില്ലയിലേക്കും അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സർവ്വ സാധാരണമാണ്. വാർഡ് കൗൺസിലർമാർ പിന്നീട് നിയമസഭകളിലേക്ക് മത്സരിക്കുന്നതും പുതമയുള്ള കാഴ്ചയല്ല. മുൻ തിരുവനന്തപുരം മേയർ വികെ പ്രശാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതടക്കം ഇത്തരം കാഴ്ചകൾ കേരളത്തിൽ സർവ്വസാധാരണമാണ്. 

Advertisment

Also Read:തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയതായി 1501 വാർഡുകൾ, ആർക്ക് അനുകൂലം ?

എന്നാൽ, പതിവിൽ നിന്ന് വ്യത്യസ്തമായി നിയമസഭാ അംഗമായിരുന്നവരെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുകയാണ് ഇത്തവണ എൽഡിഎഫും യൂഡിഎഫും. എന്ത് വിലകൊടുത്തും കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിൽ അധികാരം നിലനിർത്തുകയെന്ന് ലക്ഷ്യത്തോടെയാണ് ദീർഘകാലം എംഎൽഎമാരായിരുന്നവരെ കളത്തിലിറക്കി പുതിയ പരീക്ഷണത്തിന് മുന്നണികൾ മുതിരുന്നത്. 

മെഴുവേലി പിടിക്കാൻ കെസിആർ

മുൻ ആറൻമുള എംഎൽഎ കെസി രാജഗോപാലിനെ കളത്തിലിറക്കി സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റിയാണ് ആദ്യ ട്വിസ്റ്റ് ഇത്തവണ കൊണ്ടുവന്നത്. പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലാണ് എഴുപത്തിയഞ്ചുകാരനായ കെസി രാജഗോപാൽ ജനവിധി തേടുന്നത്. 

Advertisment

2006-2011 കാലഘട്ടത്തിൽ ആറൻമുള എംഎൽഎയായിരുന്ന കെസിആറിനെ കളത്തിലിറക്കിയതിന് പിന്നിൽ സിപിഎമ്മിനും എൽഡിഎഫിനും വ്യക്തമായ കാഴ്ചപ്പാടുണ്ട്. കഴിഞ്ഞ തവണ ചുണ്ടിനും കപ്പിനും ഇടയിൽ സിപിഎമ്മിന് ഭരണം നഷ്ടമായ പഞ്ചായത്താണ് മെഴുവേലി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ആറ്, യുഡിഎഫ് ഏഴ് എന്നതായിരുന്നു കക്ഷി നില. ഇക്കുറി പഞ്ചായത്തിൽ 14 വാർഡുകൾ ആയി. പഴയ പ്രതാപത്തോടെ പഞ്ചായത്ത് ഭരണം പിടിക്കുക എന്നതും മുതിർന്ന നേതാവായ കെസിആറിനെ രംഗത്തിറക്കിയതിലൂടെ പാർട്ടി ലക്ഷ്യമിടുന്നു. 

kcr ele poster
കെസി രാജഗോപാലിൻറ തിരഞ്ഞെടുപ്പ് പോസ്റ്റർ

സിപിഎം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായിരുന്ന കെസി രാജഗോപാൽ പ്രായപരിധി മാനദണ്ഡം കാരണം നേരത്തെ പാർട്ടി പദവികളിൽ നിന്നൊഴിവായിരുന്നെങ്കിലും സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എംഎൽഎ സ്ഥാനത്തിരുന്നയാൾ പഞ്ചായത്തിലേക്ക് മത്സരിക്കുന്നതിൽ യാതൊരു കുറച്ചിലും ഇല്ലെന്നാണ് കെസിആർ പറയുന്നത്. "ജനങ്ങളുടെ സ്‌നേഹപൂർവ്വമായ ആവശ്യത്തെ തുടർന്നാണ് താൻ മത്സരരംഗത്തേക്ക് ഇറങ്ങിയത്. തന്നെ സ്‌നേഹിക്കുന്ന നാട്ടുകാരും പാർട്ടിയും ഏൽപ്പിച്ച ദൗത്യം ഏറ്റെടുക്കുകയാണ്. മികച്ച ഭൂരിപക്ഷത്തിൽ പഞ്ചായത്ത് ഭരണം നിലനിർത്തുക എന്നതാണ് ലക്ഷ്യം."- കെസിആർ പറഞ്ഞു. 

Also Read:തദ്ദേശപ്പോരിലേക്ക് കേരളം; സർവ്വ സന്നാഹവുമായി മുന്നണികൾ, ഇക്കുറി തീപാറും

1979 ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തന്നെയായിരുന്നു കെസിആറിൻറെ കന്നിയങ്കം. കെസി രാജഗോപാലൻ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ 79 ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് മെഴുവേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. തുടർന്ന് 1988 ൽ മെഴുവേലി പഞ്ചായത്ത് പ്രസിഡന്റുമായി. ഇത്തവണ മെഴുവേലി പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചാൽ പ്രസിഡന്റ് ആരെന്ന് ചോദ്യത്തിന് ഇടതുപക്ഷത്ത് കെസിആർ അല്ലാതെ മറ്റൊരുപേരുമില്ല. 

അടാട്ട് തിരികെപിടിക്കാൻ അനിൽ അക്കര

2000 മുതൽ തുടർച്ചയായ 20 വർഷം യുഡിഎഫ് തുടർച്ചയായി ഭരണം നടത്തിയ പഞ്ചായത്താണ് തൃശൂർ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചായത്ത്. എന്നാൽ കഴിഞ്ഞ തവണ ചുണ്ടിനും കപ്പിനും ഇടയിലാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. എന്ത് വിലകൊടുത്തും എൽഡിഎഫിൽ നിന്ന് ഭരണം തിരികെ പിടിക്കാൻ ഇക്കുറി കോൺഗ്രസ് കളത്തിലിറക്കിയ അപ്രതീക്ഷിത സ്ഥാനാർഥിയായി കോൺഗ്രസ് കളത്തിലിറക്കിയത് മുൻ വടക്കാഞ്ചേരി എംഎൽഎ കൂടിയായ അനിൽ അക്കരെയാണ്. 

അടാട്ട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന അനിൽ അക്കര ഇക്കുറി 15-ാം വാർഡിൽ നിന്നാണ് ജനവിധി തേടുന്നത്. 2000 മുതൽ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 2000 മുതൽ  2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്നു. 2003 മുതൽ 2010 വരെ പഞ്ചായത്ത് പ്രസിഡൻറായി. ഈ കാലയളവിൽ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ പഞ്ചായത്തിന് ലഭിച്ചിരുന്നു. 

Also Read:കോൺഗ്രസിന് ആശ്വാസം; തിരുവനന്തപുരം കോർപ്പറേഷനിൽ വെഷ്ണയ്ക്ക് മത്സരിക്കാം

2010 ൽ തൃശൂർ ജില്ലാ പഞ്ചായത്തംഗമായും അനിൽ അക്കര സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇതിനിടയിൽ രണ്ടര വർഷം വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായി. ഒരു മാസം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ടായി. 2016 ലാണ്  എംഎൽഎ ആയത്. 45 വോട്ടിൻറെ  ഭൂരിപക്ഷത്തിൽ ആയിരുന്നു വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 2021 ൽ 15,000 ത്തോളം വോട്ടിൻറെ  പരാജയം ഏറ്റുവാങ്ങി. കെപിസിസി നിർവ്വാഹക സമിതി അംഗം കൂടിയാണ് അനിൽ അക്കര.

തിരുവനന്തപുരത്ത് ജീവൻമരണ പോരാട്ടത്തിൽ ശബരീനാഥൻ

തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ മുൻ അരുവിക്കര എംഎൽഎ കൂടിയായ കെഎസ് ശബരീനാഥനെ രംഗത്തിറക്കി കോൺഗ്രസാണ് തദ്ദേശതിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത ട്വിസ്റ്റ് കൊണ്ടുവരുന്നത്. കോൺഗ്രസിന്റെ സിറ്റിംങ് സീറ്റായ കവഡിയാറിൽ നിന്നാണ് ശബരീനാഥൻ ജനവിധി തേടുന്നത്. 

sabarinathan eletion
ശബരീനാഥിൻറെ തിരഞ്ഞെടുപ്പ്  പ്രചാരണ യോഗത്തിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

നിലവിലെ മൂന്നാം സ്ഥാനമെന്ന നാണക്കേട് മറികടക്കാനും പ്രതാപം തിരിച്ചു പിടിക്കാനും തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷൻ തിരിച്ചുപിടിക്കാനുമാണ് തിരുവനന്തപുരത്ത് കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ ശബരീനാഥനെ കോൺഗ്രസ് രംഗത്തിറക്കിയത്. നിലവിൽ എൽഡിഎഫ്  ഭരിക്കുന്ന കോർപ്പറേഷനിൽ ഇത്തവണ ബിജെപി കൂടുതൽ കരുത്ത് കാട്ടുമെന്നാണ് കരുതുന്നത്. നിലവിൽ യുഡിഎഫിന് 10 സീറ്റ് മാത്രമുള്ള തിരുവനന്തപുരത്ത് കൂടുതൽ സീറ്റ് പിടിക്കാൻ അരയും  തലയും മുറുക്കി ഇറങ്ങുകയാണ് കോൺഗ്രസ്.

കോട്ടയത്തെ എൽഡിഎഫ് ട്വിസ്റ്റ്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷ കൂടിയായ ലതികാ സുഭാഷിനെ കോട്ടയം നഗരസഭയിൽ കളത്തിലിറക്കിയിരിക്കുകയാണ് ഇത്തവണ എൽഡിഎഫ്. കോട്ടയം നഗരമധ്യത്തിലുള്ള തിരുനക്കര വാർഡിൽ നിന്നാണ് ലതികാ സൂഭാഷ് ജനവിധി തേടുന്നത്. എൻസിപിക്ക് ഇടതുമുന്നണി അനുവദിച്ച ഏക സീറ്റിലാണ് ലതിക മത്സരിക്കുന്നത്. 

lathika election
ലതികാ സുഭാഷ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ

നിയമസഭ സീറ്റ് നൽകാത്തതിനെ തുടർന്ന് കോൺഗ്രസ് വിട്ട് എൻസിപിലാണ് ലതികാ സുഭാഷ് എത്തിയിരുന്നത്. നിലവിൽ വന വിഭവ കോർപ്പറേഷൻ ചെയർപേഴ്‌സൺ കൂടിയായ ലതിക, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നിന്ന്് സ്വതന്ത്രയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 

ഇക്കുറി കോട്ടയം നഗരസഭ എൽഡിഎഫ് പിടിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ലതിക തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. "പാർട്ടി പ്രവർത്തകരുടെ ആവശ്യപ്രകാരം ആണ് മത്സരിക്കുന്നത്. എൻസിപി ഏൽപിച്ച ഉത്തരവാദിത്വമാണ്. എൽഡിഎഫ് അടുക്കും ചിട്ടയും ഉള്ള മുന്നണി സംവിധാനമാണ്. പാർട്ടിക്കും പ്രവർത്തകർക്കും വിധേയരായി പ്രവർത്തിക്കുന്നവരാണ് ഇവിടെ ഉള്ളത്. ഇക്കുറി കോട്ടയം നഗരസഭ എൽഡിഎഫ് പിടിക്കും."- ലതികാ സുഭാഷ് പറയുന്നു. 

Read More:തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി, വോട്ടെണ്ണൽ ഡിസംബർ 13 ന്

Ldf Udf Local Self Government Institutions

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: