കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതികളിലൊന്നായ കൊച്ചി മെട്രോയുടെ ഉദ്ഘാടനം സംബന്ധിച്ച് വീണ്ടും ആരോപണ പ്രത്യാരോപണങ്ങൾ കടുക്കുന്നു. ഇന്ന് കോൺഗ്രസിന്റെ യുവ എംഎൽഎ മാരിൽ പ്രധാനിയായ വി.ടി.ബൽറാമാണ് ഇതിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി തന്നെ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർബന്ധം പിടിക്കുന്നതെന്തിനെന്ന് വിടി ബൽറാം എംഎൽഎ ഫെയ്‌സ്ബുക്കിൽ ചോദിച്ചു. മെട്രോയുടെ ഉദ്ഘാടനം രാഷ്ട്രപതി പ്രണബ് മുഖർജി നിർവ്വഹിച്ചാൽ മതിയെന്നാണ് ഇദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം നടത്താനാണ് ആലോചിക്കുന്നതെന്ന് ആദ്യം വാർത്ത വന്നെങ്കിലും ദേവസ്വം മന്ത്രിയാണ് ആദ്യവെടി ഇക്കാര്യത്തിൽ പൊട്ടിച്ചത്. ഈ മാസം 30 ന് തന്നെ ഉദ്ഘാടനം നടത്തുമെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രഖ്യാപനം. പ്രധാനമന്ത്രിയെ അനന്തമായി കാത്തിരിക്കാൻ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ സമയത്ത് പ്രധാനമന്ത്രി യൂറോപ്യൻ സന്ദർശനത്തിലായിരിക്കുമെന്ന് വാർത്ത വന്നിരുന്നു.

ഇത് വിവാദമായതോടെ മന്ത്രി പ്രസ്താവന പിൻവലിച്ചു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനാണ് കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് വ്യക്തമാക്കിയത്. ഇതോടെ കെട്ടടങ്ങിയ വിവാദങ്ങൾ വി.ടി.ബൽറാമിന്റെ പോസ്റ്റോടെ വീണ്ടും സജീവമായിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ